Quantcast

തെരഞ്ഞെടുപ്പിൽ ജയിച്ചത് ഭാര്യമാർ, സത്യപ്രതിജ്ഞ ചെയ്തത് ഭർത്താക്കന്മാർ; നടപടി

മധ്യപ്രദേശിലെ ധാർ, ദാമോ, സാഗർ, പന്ന, രേവ എന്നിവടങ്ങളിലാണ് വിചിത്രമായ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-08 08:25:58.0

Published:

8 Aug 2022 5:13 AM GMT

തെരഞ്ഞെടുപ്പിൽ ജയിച്ചത് ഭാര്യമാർ, സത്യപ്രതിജ്ഞ ചെയ്തത് ഭർത്താക്കന്മാർ; നടപടി
X

ഭോപ്പാൽ: മധ്യപ്രദേശിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ത്രീകൾക്ക് പകരം ഭർത്താക്കന്മാരും പിതാക്കന്മാരും സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ നടപടി. ഒരു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സർപഞ്ച് എന്നറിയപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആണ് വ്യാപകമായ ചട്ട ലംഘനം നടന്നത്. വനിതാപഞ്ചായത്ത് ഭാരവാഹികൾക്ക് പകരമാണ് പുരുഷന്മാരായ ബന്ധുക്കൾ സത്യപ്രതിജ്ഞ ചെയ്തത്. ഇതിന്റെ വീഡിയോ പുറത്ത് വരികയും സാമൂഹിക മാധ്യങ്ങളിൽ വൈറലാകുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടർന്നാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തത്.

ധാർ, ദാമോ, സാഗർ, പന്ന, രേവ തുടങ്ങിയ സ്ഥലങ്ങളിലാണ് വനിതകൾക്ക് പകരം ഭർത്താക്കന്മാരും പിതാവും സഹോദരങ്ങളും സത്യപ്രതിജ്ഞ ചെയ്തത്. ദാമോ ജില്ലയിലെ ഗൈസാബാദ് പഞ്ചായത്തിലെ സത്യപ്രതിജ്ഞയായിരുന്നു ആദ്യം വിവാദമായത്. തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് എസ് കൃഷ്ണ ചൈതന്യ ബന്ധപ്പെട്ട ജൻപദ് പഞ്ചായത്ത് സിഇഒയോട് റിപ്പോർട്ട് തേടുകയും ചെയ്തു.

സാഗറിലെ ജയ്സിനഗർ ഗ്രാമത്തിൽ ആഗസ്റ്റ് 5 ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 10 സ്ത്രീകളിൽ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തത്. സംഭവം വിവാദമായതോടെ ജയ്സിനഗർ പഞ്ചായത്ത് സെക്രട്ടറി ആശാറാം സാഹുവിനെ സസ്പെൻഡ് ചെയ്ത് സാഗർ ജില്ലാ പഞ്ചായത്ത് സിഇഒ ഉത്തരവിറക്കി. സത്യപ്രതിജ്ഞ ചെയ്യാനുള്ള സ്ത്രീകളുടെ വിമുഖതയാണ് പുരുഷന്മാരെ കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിലേക്ക് നയിച്ചതെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

'യോഗ്യരായ സ്ഥാനാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഉത്തരവാദിത്തമുണ്ട്. ഭാവിയിൽ കുടുംബാംഗങ്ങളുടെ അത്തരം ശ്രമങ്ങൾ തടയാൻ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും നിർദേശം നൽകുമെന്നും മധ്യപ്രദേശ് പഞ്ചായത്ത്, ഗ്രാമവികസന പ്രിൻസിപ്പൽ സെക്രട്ടറി ഉമാകാന്ത് ഉംറാവു പറഞ്ഞു.പഞ്ചായത്തി രാജ് പ്രകാരം വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. എന്നാൽ തെരഞ്ഞെടുപ്പുകളിൽ പോലും പ്രചരണ സാമഗ്രികളിൽ സ്ഥാനാർത്ഥിയുടെ മുഖം നൽകാതെ ഭർത്താവിൻ്റെയോ പിതാവിൻ്റെയോ ചിത്രം ഉപയോഗിക്കുന്നതും മധ്യപ്രദേശിൽ സ്ഥിരമാണ്.

TAGS :

Next Story