Quantcast

ശോഭ കരന്തലജയ്‌ക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ 48 മണിക്കൂറിനകം റിപ്പോർട്ട്‌ നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-03-20 15:58:59.0

Published:

20 March 2024 3:51 PM GMT

ശോഭ കരന്തലജയ്‌ക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
X

ചെന്നൈ: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബംഗളൂരു മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്ക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്‌ തേടി.

കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ 48 മണിക്കൂറിനകം റിപ്പോർട്ട്‌ നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. ഡി.എം.കെയാണ് ശോഭ കരന്തലജെയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞെങ്കിലും ഡി.എം.കെ കമ്മീഷനെ സമീപിക്കുകയായിരുന്നു. തമിഴ്‌നാടില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന ആളുകള്‍ തമിഴ്‌നാട്ടില്‍ നിന്നും പരിശീലനം നേടി കര്‍ണാടകയില്‍ ബോംബ് സ്‌ഫോടനം നടത്തുകയാണെന്ന വിവാദ പരാമര്‍ശമാണ് ശോഭ കരന്തലജെയ്ക്ക് വിനയായത്. പരമാര്‍ശത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ കേസെടുക്കുകയും ചെയ്തിരുന്നു.

ഭാഷയുടെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശം എന്ന വകുപ്പില്‍ മധുര സിറ്റി പോലീസാണ് കേന്ദ്ര മന്ത്രിയ്ക്ക് എതിരെ കേസെടുത്തത്.മലയാളികളെയും തമിഴരെയും അധിക്ഷേപിച്ച് വിദ്വേഷ പരാമർശം നടത്തിയ സംഭവം വിവാദമായതിന് പിന്നാലെ ശോഭ കരന്തലജെ തമിഴ്‌നാടിനോട് മാപ്പു പറഞ്ഞിരുന്നു. തമിഴ്‌നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചല്ല താൻ പറഞ്ഞതെന്നും തന്റെ പരാമർശം പിൻവലിക്കുന്നുവെന്നും ശോഭ പറഞ്ഞു.

മലയാളികൾ കർണാടക പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നും തമിഴ്‌നാട്ടിൽ നിന്നുള്ളവർ കർണാടകയിൽ ബോംബ് സ്‌ഫോടനം നടത്തുന്നുവെന്നുമായിരുന്നു ശോഭ കരന്തലജെയുടെ പരാമർശം.എന്നാല്‍ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ചിട്ടില്ല. അതേസമയം കരന്തലജെയ്‌ക്കെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍ രംഗത്ത് എത്തി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ദീപ പരാതി നല്‍കിയത്.

TAGS :

Next Story