Quantcast

മാറ്റ് കുറയാതെ തരൂര്‍; പിടിച്ചത് 1000 ലധികം വോട്ടുകൾ

തെരഞ്ഞെടുപ്പിൽ പിന്തുണച്ചവർക്ക് 20 ഭാഷകളിൽ തരൂർ നന്ദി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-10-19 08:33:21.0

Published:

19 Oct 2022 8:31 AM GMT

മാറ്റ് കുറയാതെ തരൂര്‍; പിടിച്ചത് 1000 ലധികം വോട്ടുകൾ
X

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പിൽ 1072 വോട്ടുകൾ നേടി ശശിതരൂർ. കേരളത്തിലടക്കമുള്ള നേതാക്കള്‍ തരൂരിന് വോട്ട് ചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തരൂരിന് ലഭിച്ച വോട്ടുകള്‍ വലുത് തന്നെയാണ്. ഗാന്ധിമാർ ഒഴിച്ച് പാർട്ടിയുടെ മിക്ക മുതിർന്ന നേതാക്കളും ഖാർഗെയ്ക്കുള്ള പിന്തുണ പരസ്യമായോ രഹസ്യമായോ അറിയിച്ചിരുന്നു. രണ്ടാം തലമുറയിൽപ്പെട്ട സൈഫുദ്ദീൻ സോസ്, മുഹ്‌സിന കിദ്വായ്, കാർത്തി ചിദംബരം തുടങ്ങിയ നേതാക്കൾ മാത്രമാണ് തരൂരിനെ പിന്തുണച്ചത്. തെരഞ്ഞെടുപ്പിൽ പിന്തുണച്ചവർക്ക് 20 ഭാഷകളിൽ തരൂർ നന്ദി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തരൂര്‍ അഭിനന്ദിച്ചു. ആയിരത്തിലധികം സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചതും ഇന്ത്യയിലുടനീളമുള്ള കോൺഗ്രസിന്റെ നിരവധി അഭ്യുദയകാംക്ഷികളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും വഹിക്കാൻ കഴിഞ്ഞതും നേട്ടമായി കാണുന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തീരുമാനം അന്തിമമാണ്. അത് താഴ്മയായി അംഗീകരിക്കുന്നു. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ വോട്ടിങ്ങിലൂടെ അവസരം നൽകുന്ന ഈ പാർട്ടിയിൽ അംഗമായിരിക്കുന്നത് തന്നെ പ്രിവിലേജാണ്- തരൂര്‍ കുറിച്ചു.

7897 വോട്ടുകളാണ് അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെക്ക് ലഭിച്ചത്. വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ മല്ലികാർജുൻ ഖാർഗെ ജയമുറപ്പിച്ചിരുന്നു. 9915 പ്രതിനിധികളിൽ 9497 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്‌സുകൾ എഐസിസി ആസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ എത്തിച്ചിരുന്നു. ഇത് ആറാം തവണയാണ് പാർട്ടി അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലുള്ള പോരാട്ടത്തിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

അതേസമയം, പോളിങ്ങിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് തരൂർ വിഭാഗം തെരഞ്ഞെടുപ്പ് ചുമതലയുള്ള മദുസൂദൻ മിസ്ത്രിക്ക് പരാതി നൽകിയിരുന്നു. കള്ളവോട്ട് നടന്നെന്നും യു.പിയിലെ വോട്ട് പ്രത്യേകം എണ്ണണമെന്നും ശശി തരൂർ പരാതി ഉന്നയിച്ചിരുന്നു. ഈ പരാതി തെരഞ്ഞെടുപ്പ് കമ്മിറ്റി തള്ളിയിരുന്നു.

TAGS :

Next Story