Quantcast

ഏഴ് വർഷം, 16,518 കോടി, ബി.ജെ.പിക്ക് മാത്രം 6564 കോടി

ഇലക്ടറൽ ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികളു​ടെ വരുമാനത്തെ എങ്ങനെ സാധീനിച്ചുവെന്നറിയാൻ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും

MediaOne Logo

Web Desk

  • Published:

    15 Feb 2024 10:54 AM GMT

ഏഴ് വർഷം, 16,518 കോടി, ബി.ജെ.പിക്ക് മാത്രം 6564 കോടി
X

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടിനെതിരെ നൽകിയ ഹരജിയിൽ വിധി വരാനെടുത്തത് ഏഴ് വർഷമാണ്. ഈ കാലയളവിൽ രാഷ്​ട്രിയ പാർട്ടികളുടെ അക്കൗണ്ടിലെത്തിയത് കോടികളാണ്. ശതകോടികളാണ് ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പിയുടെ മാത്രം അക്കൗണ്ടിലേക്ക് വന്നതെന്ന് കണക്കുകൾ പറയുന്നു. വിധി പറയാൻ വൈകിയത് ബി.ജെ.പിക്ക് ഗുണകരമായെന്നാണ് കണക്കുകൾ പറയുന്നത്.

2017-ൽ നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും വിവരാവകാശത്തിൻ്റെയും ആർട്ടിക്കിൾ 19(1)(എ)യുടെയും ലംഘനമാണെന്നുമാണ് സുപ്രീം കോടതി വിധിയെഴുതിയത്.

ഇലക്ട്രൽ ബോണ്ടി​ലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി 2017 ലാണ് ഹർജി സമർപ്പിച്ചത്. എന്നാൽ അതിൽ വിധി വരാൻ എടുത്തത് ഏഴ് വർഷങ്ങളാണ്. ഈ കാലയളവിൽ പദ്ധതി സ്റ്റേ ചെയ്യാൻ വിസ്സമ്മതിച്ച കോടതി നടപടി ഗുണകരമായത് ബി.ജെ.പിക്ക് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024 ജനുവരി വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യവഴി കോടികളുടെ ഇലക്ട്രൽ ബോണ്ടുകളാണ് വിറ്റത്. സ്വാഭാവികമായും ഇലക്ട്രൽ ബോണ്ടുകളിലെ വിൽപനയിലൂടെ നേട്ടം കൊയ്ത രാഷ്ട്രീയ പാർട്ടി ഏതാണെന്ന് കണക്കുകൾ പറയുന്നു.

ഏറ്റവും അവസാനത്തെക്കണക്കനുസരിച്ച് 16,518.11 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ വിറ്റഴിച്ചതെന്ന് അവർ പുറത്തുവിട്ട കണക്കുകൾ പറയുന്നു. അതിൽ 2017-2018 നും 2022-2023 നും ഇടയിൽ വിറ്റ 12,008 കോടി രൂപയുടെ മൊത്തം ഇലക്ടറൽ ബോണ്ടുകളിൽ 55 ശതമാനമാണ് ബിജെപി ക്ക് ലഭിച്ചത്. അതായത് 6,564 കോടി രൂപ ബിജെപിക്ക് മാത്രം ലഭിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ അഞ്ച് വർഷത്തിനിടെ വിറ്റ ബോണ്ടുകളിൽ നിന്ന് 1,135 കോടി രൂപ മാത്രമാണ് ​കോൺഗ്രസ് അക്കൗണ്ടിലെത്തിയത്. അതായത് ആകെ തുകയുടെ 9.5% മാത്രം.ഇതേ കാലയളവിൽ തൃണമൂൽ കോൺഗ്രസിന് ലഭിച്ചതാ​കട്ടെ 1,096 കോടി രൂപയുടെ ഇലക്ട്രൽ ബോണ്ടുകളാണ്.

ഇലക്ട്രൽ ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികളു​ടെ വരുമാനത്തെ എങ്ങനെ സാധീനിച്ചുവെന്നറിയാൻ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. 2022-23 വർഷത്തിൽ ബിജെപിയുടെ മൊത്തം വരുമാനത്തിൻ്റെ 54 ശതമാനവും ഇലക്ടറൽ ബോണ്ടുകളിൽ നിന്നായിരുന്നുവെന്ന് ദ ഹിന്ദു അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. അതായത് 2,120.06 കോടി രൂപ. 2018 നും 2023 നും ഇടയിലുള്ള ആറ് വർഷത്തെ കാലയളവിൽ, ബിജെപിയുടെ മൊത്തം സംഭാവനയുടെ 52 ശതമാനത്തിലധികം വന്നത് ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു. അത് ഏകദേശം 5271 കോടി രൂപക്കപ്പുറം വരും.

2022-23ൽ 171 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകളിൽ നിന്ന് കോൺഗ്രസ് നേടിയത്. പ്രാദേശിക പാർട്ടികളും ഇലക്ടറൽ ബോണ്ടുകൾ വഴി വലിയ തുക കൈപ്പറ്റിയിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. 2022-23 ൽ ഏറ്റവും കൂടുതൽ ഫണ്ട് സ്വ​ീകരിച്ചത് ഭാരത് രാഷ്ട്ര സമിതിയാണ്.529 കോടി രൂപയാണ് ആ പാർട്ടി സ്വീകരിച്ചത്. 329 കോടി സ്വീകരിച്ച ടിഎംസിയാണ് രണ്ടാം സ്ഥാനത്ത്, 152 കോടിയുമായി ബിജെഡിയും 52 കോടിയുമായി വൈഎസ്ആർ കോൺഗ്രസുമാണ് തുടർസ്ഥാനങ്ങളിൽ. 2021-22ൽ ടിഎംസിക്ക് -528 കോടി, ഡിഎംകെ- 306 , ബിജെഡി- 291, വൈഎസ്ആർ 60 എന്നിങ്ങനെയാണ് കണക്കുകൾ.

ഇലക്ടറൽ ബോണ്ടുകൾ വിറ്റഴിച്ച ആദ്യത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു 2019-ലെത്. ലോകം കണ്ട ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായിരുന്നുവെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്. ഏകദേശം 8.7 ബില്യൺ ഡോളറാണ് രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ചത്.അതായത് 2014 ലെ തിരഞ്ഞെടുപ്പിന് ചെലവഴിച്ചതിൻ്റെ ഇരട്ടിയിലധികമായിരുന്നു ആ തുക.

TAGS :

Next Story