ഇന്ത്യന്‍ ഇ.വി.എമ്മുകള്‍ സുരക്ഷിതമെന്ന് രാജീവ് ചന്ദ്രശേഖര്‍; എന്തും ഹാക്ക് ചെയ്യാനാകുമെന്ന് മസ്‌ക്-എക്‌സില്‍ പോര്
മനുഷ്യരാലോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയോ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയേറെയുള്ളതിനാല്‍ ഇ.വി.എമ്മുകള്‍ ഉപേക്ഷിക്കണമെന്നായിരുന്നു മസ്‌ക് ആവശ്യപ്പെട്ടത്
രാജീവ് ചന്ദ്രശേഖര്‍, ഇലോണ്‍ മസ്ക്
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍(ഇ.വി.എം) ഹാക്കിങ്ങുമായി വാദത്തില്‍ കൊമ്പുകോര്‍ത്ത് ഇലോണ്‍ മസ്‌കും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവമായി രാജീവ് ചന്ദ്രശേഖരനും. ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇ.വി.എമ്മുകള്‍ ഒഴിവാക്കണമെന്നായിരുന്നു മസ്‌കിന്റെ വാദം. എന്നാല്‍, മസ്‌കിന്റേത് സാമാന്യവല്‍ക്കരണമാണെന്നും ഇന്ത്യന്‍ ഇ.വി.എമ്മുകള്‍ സുരക്ഷിതമാണെന്നും ചന്ദ്രശേഖരനും വാദിച്ചു. ഇതിനും മറുപടിയുമായി മസ്‌ക് രംഗത്തെത്തിയിരിക്കുകയാണ്.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ റോബര്‍ട്ട് എഫ്. കെന്നഡിയുടെ പോസ്റ്റിനോട് പ്രതികരിക്കവെയായിരുന്നു വിഷയത്തില്‍ മസ്‌ക് ആദ്യമായി പ്രതികരിച്ചത്. പ്യൂര്‍ട്ടോറിക്ക തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മില്‍ വ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും ഇതേക്കുറിച്ച് യു.എസ് വോട്ടര്‍മാരും ജാഗരൂകരാകണമെന്നായിരുന്നു റോബര്‍ട്ട് കെന്നഡി ആവശ്യപ്പെട്ടത്. മനുഷ്യരാലോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയോ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയേറെയുള്ളതിനാല്‍ ഇ.വി.എമ്മുകള്‍ ഉപേക്ഷിക്കണമെന്നും റോബര്‍ട്ടിന്റെ വാദത്തെ പിന്തുണച്ച് മസ്‌കും ആവശ്യപ്പെട്ടു.
എന്നാല്‍, ഇത് ഇന്ത്യയിലെ ഇ.വി.എം വിവാദങ്ങളോടുള്ള പ്രതികരണമാണെന്നു തെറ്റിദ്ധരിച്ച പോലെയായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ ഇടപെടല്‍. സുരക്ഷിതമായ ഡിജിറ്റല്‍ ഹാര്‍ഡ്‌വെയര്‍ ആര്‍ക്കും നിര്‍മിക്കാനാകില്ലെന്നു സൂചിപ്പിക്കുന്ന തരത്തില്‍ വലിയൊരു സാമാന്യവല്‍ക്കരണമാണ് മസ്‌ക് നടത്തിയിരിക്കുന്നതെന്ന് രാജീവ് വിമര്‍ശിച്ചു. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച വോട്ടിങ് മെഷീനുകള്‍ നിര്‍മിക്കാന്‍ സാധാരണ കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന യു.എസ് പോലെയുള്ള സ്ഥലങ്ങളില്‍ മസ്‌കിന്‍രെ നിരീക്ഷണം ശരിയായിരിക്കാമെന്നു തുടര്‍ന്ന അദ്ദേഹം ഇന്ത്യയിലെ ഇ.വി.എമ്മുകളുടെ സ്ഥിതി അതല്ലെന്നും വാദിച്ചു.
രാജീവ് ചന്ദ്രശേഖരന്റെ വാദങ്ങള്‍ ഇങ്ങനെയാണ്: ''ഇന്റര്‍നെറ്റ്, വൈഫൈ, ബ്ലൂടൂത്ത് എന്നിവയുമായൊന്നും ബന്ധമില്ലാത്തതും, എല്ലാ മാധ്യങ്ങളില്‍നിന്നും നെറ്റ്‌വര്‍ക്കുകളില്‍നിന്നും വേര്‍പ്പെട്ടുനില്‍ക്കുന്നതും സുരക്ഷിതവും പ്രത്യേകമായി രൂപകല്‍പന ചെയ്തതുമാണ് ഇന്ത്യന്‍ ഇ.വി.എമ്മുകള്‍. അത് റീപ്രോഗ്രാമിങ് ചെയ്യാനാകില്ല. ഇന്ത്യ ചെയ്ത പോലെയും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ രൂപകല്‍പന ചെയ്യാവുന്നതാണ്. വേണമെങ്കില്‍ പരിശീലനം തരുന്നതില്‍ സന്തോഷമേയുള്ളൂ.''
എന്നാല്‍, എന്തും ഹാക്ക് ചെയ്യപ്പെടാമെന്നായിരുന്നു ഇതിനോട് മസ്‌ക് പ്രതികരിച്ചത്. സാങ്കേതികമായി താങ്കള്‍ ശരിയായിരിക്കുമെന്നും എന്തും സാധ്യമാണെന്നും ബി.ജെ.പി നേതാവ് ഇനിനു മറുപടിയും നല്‍കി. ഉദാഹരണത്തിന് ക്വാണ്ടം കംപ്യൂട്ടിങ് ഉപയോഗിച്ച് ഏതു തരത്തിലുള്ള എന്‍ക്രിപ്ഷനും(രഹസ്യ കോഡിലാക്കിയവ) എനിക്ക് ചുരുളഴിച്ചെടുക്കാനാകും; അതിനു വേണ്ട സാങ്കേതിക സജ്ജീകരണങ്ങളുണ്ടെങ്കില്‍. ജെറ്റ് വിമാനങ്ങളുടെ ഗ്ലാസ് കോക്പിറ്റുകളുടെ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഹാര്‍ഡ്‌വെയര്‍ ഹാക്ക് ചെയ്യാന്‍ എനിക്കാകും. എന്നാല്‍, ബാലറ്റ് പേപ്പറില്‍നിന്നു വ്യത്യസ്തമായി സുരക്ഷിതവും വ്യത്യസ്തവുമായ ഇ.വി.എമ്മുകളുടെ കാര്യം അതല്ല. ഇക്കാര്യത്തില്‍ വിയോജിപ്പ് തുടരാമെന്നും രാജീവ് ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
മസ്‌കിന്റെ അഭിപ്രായത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ ഒരു ബ്ലാക്ക് ബോക്‌സാണെന്നും അത് സൂക്ഷ്മമായി പരിശോധിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി 'എക്‌സി'ല്‍ കുറിച്ചു. നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതര ആശങ്കകള്‍ ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ ശിവസേന ഷിന്‍ഡെ എം.പി രവീന്ദ്ര വൈകറുടെ ബന്ധു ഇ.വി.എം ഫോണില്‍ അണ്‍ലോക്ക് ചെയ്ത സംഭവത്തില്‍ അറസ്റ്റിലായതിന്‍രെ കൂടി പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
Summary: Elon Musk vs ex-Union Minister Rajeev Chandrasekhar over EVMs
Adjust Story Font
16