Quantcast

എന്റയർ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിക്കു മാത്രമേ ഗാന്ധിയെ അറിയാൻ സിനിമ കാണേണ്ട ആവശ്യമുണ്ടാകൂ-രാഹുൽ ഗാന്ധി

മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള സിനിമ ഇറങ്ങുംവരെ അദ്ദേഹത്തെ ലോകത്തിന് അറിയുമായിരുന്നില്ലെന്നായിരുന്നു മോദിയുടെ വാദം

MediaOne Logo

Web Desk

  • Published:

    29 May 2024 3:49 PM GMT

Only a student of Entire Political Science would need to watch the film to know about Mahatma Gandhi: Rahul Gandhis jabs at Narendra Modi, Lok Sabha 2024, Elections 2024
X

നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. എന്റയർ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിക്കു മാത്രമേ ഗാന്ധിയെ കുറിച്ച് അറിയാൻ സിനിമ കാണേണ്ട ആവശ്യമുണ്ടാകൂവെന്ന് കോൺഗ്രസ് നേതാവ് പരിഹസിച്ചു. മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം സൂചിപ്പിച്ചായിരുന്നു എക്‌സ് കുറിപ്പിലൂടെ രാഹുലിന്റെ പ്രതികരണം.

മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള സിനിമ ഇറങ്ങുംവരെ അദ്ദേഹത്തെ ലോകത്തിന് അറിയുമായിരുന്നില്ലെന്നായിരുന്നു മോദിയുടെ വാദം. 1982ൽ പുറത്തിറങ്ങിയ റിച്ചാർഡ് ആറ്റൻബറോ ചിത്രം 'ഗാന്ധി'യെ സൂചിപ്പിച്ചായിരുന്നു മോദിയുടെ അവകാശവാദം. ദേശീയ മാധ്യമമായ 'എ.ബി.പി ന്യൂസി'നു നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം.

കോൺഗ്രസ് വക്താവ് പവൻ ഖേരയും മോദിയുടെ വാദത്തെ പരിഹസിച്ചു. മോദി പ്രധാനമന്ത്രിയാകുന്നതിനുമുൻപ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമകൾ സ്ഥാപിച്ചതുകൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ മോദി ബെൻ കിങ്സ്ലിയുടെ പ്രതിമകൾ സ്ഥാപിക്കുമായിരുന്നുവെന്നായിരുന്നു പവൻ ഖേരയുടെ പരിഹാസം.

മഹാത്മാ ഗാന്ധിയുടെ പൈതൃകം തകർത്ത ആരെങ്കിലുമുണ്ടെങ്കിൽ അതു സ്ഥാനമൊഴിയാൻ പോകുന്ന പ്രധാനമന്ത്രിയായിരിക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്. വാരാണസിയിലും ഡൽഹിയിലും അഹ്മദാബാദിലുമുള്ള ഗാന്ധിയൻ സ്ഥാപനങ്ങളെ തകർത്തത് അദ്ദേഹത്തിന്റെ സർക്കാരാണെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

മോദിയുടെ അവകാശവാദം ഞെട്ടിപ്പിക്കുന്നതാണെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സമാധാനത്തിന്റെയും അഹിംസയുടെയും പ്രതീകമെന്ന രാഷ്ട്രപിതാവ് ഗാന്ധിയുടെ അതുല്യമായ പൈതൃകത്തിനു പ്രചാരം നൽകാൻ ഒരാളുടെയും ആവശ്യമില്ല. മോദി ജനിക്കുംമുൻപ് അഞ്ചു തവണ നൊബേൽ പുരസ്‌കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ടയാളാണ് ഗാന്ധി. ബ്രിട്ടന്റെ കോളനിയായതിനാലാണു പുരസ്‌കാരം അദ്ദേഹത്തിനു ലഭിക്കാതെ പോയതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

1930കളിൽ ഗാന്ധി നടത്തിയ ലണ്ടൻ, സ്വിറ്റ്‌സർലൻഡ്, പാരിസ് സന്ദർശനങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് കോൺഗ്രസ് കേരള എക്‌സിൽ മോദിയുടെ വാദത്തിനു മറുപടി നൽകിയത്. ഗാന്ധി പോയിടത്തെല്ലാം ആളുകൾ അദ്ദേഹത്തെ പൊതിയുകയായിരുന്നുവെന്ന് പോസ്റ്റിൽ സൂചിപ്പിച്ചു. ആ സമയത്ത് ലോകത്ത് ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു അദ്ദേഹം. ഗാന്ധിയും നെഹ്‌റുവും കാരണമാണ് ഇന്ത്യ ഇപ്പോഴും അറിയപ്പെടുന്നത്. സത്യം-അഹിംസാ തത്വങ്ങളുടെ പേരിൽ അറിയപ്പെട്ടയാളാണ് ഗാന്ധി. അദ്ദേഹത്തെ കുറിച്ചു സംസാരിക്കുമ്പോഴെങ്കിലും സത്യം പറയാൻ ശ്രമിക്കണമെന്നും മോദിയെ ടാഗ് ചെയ്ത് പോസ്റ്റിൽ ആവശ്യപ്പെട്ടു.

ഗാന്ധിക്കു വേണ്ടത്ര അംഗീകാരം നൽകാൻ കോൺഗ്രസ് സർക്കാരുകൾക്ക് ആയില്ലെന്നായിരുന്നു അഭിമുഖത്തിൽ മോദിയുടെ വിമർശനം. കഴിഞ്ഞ 75 വർഷത്തിനിടെ ഗാന്ധി അർഹിച്ച ആഗോള അംഗീകാരം നേടിക്കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ? ആർക്കും അദ്ദേഹത്തെ അറിയുമായിരുന്നില്ല. ഗാന്ധി ചിത്രം ഇറങ്ങിയ ശേഷമാണ് ആരാണ് അദ്ദേഹമെന്ന് ലോകം കൗതുകപ്പെടുന്നത്. നമ്മൾ ഒന്നും ചെയ്തില്ലെന്നും മോദി പറഞ്ഞു.

ലോകത്തിന് മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൻ മണ്ടേലയയെയുമെല്ലാം അറിയുമെങ്കിലും അവരെക്കാൾ ഒട്ടും മേന്മ കുറഞ്ഞയാളല്ല ഗാന്ധിയെന്ന കാര്യം നമ്മൾ അംഗീകരിക്കണം. ലോകം മുഴുവൻ യാത്ര ചെയ്ത പരിചയത്തിലാണ് ഞാനിതു പറയുന്നത്. ഗാന്ധിയിലൂടെ ഇന്ത്യ അംഗീകരിക്കപ്പെടേണ്ടതായിരുന്നുവെന്നും ഇന്ത്യൻ സംസ്‌കാരത്തെയും മൂല്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് മോദി പറഞ്ഞു.

Summary: ''Only a student of 'Entire Political Science' would need to watch the film to know about Mahatma Gandhi'': Rahul Gandhi's jabs at Narendra Modi

TAGS :

Next Story