Quantcast

ആ ദിവസം കാബൂളിൽ നിന്ന് ഇന്ത്യയിലെത്തിയതെങ്ങനെ?; അനുഭവം വിവരിച്ച് മാധ്യമപ്രവർത്തക

കാബൂളിലെത്തിയ നയനിമ കണ്ട കാഴ്ചകളെക്കുറിച്ചും മടക്കയാത്രക്കിടെ നേരിട്ട അനുഭവങ്ങളെ കുറിച്ചും തന്റെ ലേഖനത്തില്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    18 Aug 2021 1:30 PM GMT

ആ ദിവസം കാബൂളിൽ നിന്ന് ഇന്ത്യയിലെത്തിയതെങ്ങനെ?; അനുഭവം വിവരിച്ച് മാധ്യമപ്രവർത്തക
X

കാബൂളിൽ നിന്ന് ഇന്ത്യയിലേക്കുള്ള മടക്കയാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ നയനിമ ബസു. ദ പ്രിന്റിനെ പ്രതിനിധീകരിച്ച് കാബൂളിലെത്തിയ നയനിമ അഫ്ഗാനില്‍ കാണാനിടയായ കാഴ്ചകളെ കുറിച്ചും മടക്കയാത്രക്കിടെ നേരിട്ട അനുഭവങ്ങളെ കുറിച്ചും 'എസ്കേപ്പ് ഫ്രം കാബൂൾ' എന്ന തലക്കെട്ടിൽ തുടങ്ങുന്ന തന്റെ ലേഖനത്തില്‍ പറയുന്നു.

കാബൂള്‍ താലിബാൻ പിടിച്ചെടുത്തതോടെയാണ് നയനിമ മടക്കയാത്രക്കായുള്ള നീക്കം ആരംഭിച്ചത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ഓഗസ്റ്റ് 16-ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. വരാനിരിക്കുന്ന സാഹചര്യങ്ങൾ മുൻനിർത്തി നേരത്തെ തന്നെ വിമാനത്താവളത്തി. അവിടെ കണ്ടത് വിമാനത്താവളം കയ്യടക്കിയിരിക്കുന്ന താലിബാനെയാണ്. സായുധ വാഹനങ്ങൾ കവാടത്തിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. ഏതെങ്കിലും വിമാനത്തില്‍ കയറി നാടുവിടുകയെന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് അഫ്ഗാനികളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും വിമാനത്താവളത്തിലേക്ക് പ്രവഹച്ചുതുടങ്ങിയിരുന്നു. അവരെ ഭയപ്പെടുത്താനായി ആകാശത്തേക്ക് തുടരെ നിറയൊഴിക്കുന്ന താലിബാന്‍ അംഗങ്ങള്‍.

വെടിയുണ്ടകളില്‍നിന്ന് രക്ഷ നേടാന്‍ നയനിമ സുരക്ഷിതമായ സ്ഥലം കണ്ടെത്തി. ചെറിയ കുട്ടികളെയും ചേര്‍ത്തുപിടിച്ച് തനിക്കരികില്‍ നിരവധി അഫ്ഗാനി കുടുംബങ്ങള്‍ ഇരിക്കുന്നുണ്ടായിരുന്നുവെന്ന് നയനിമ പറയുന്നു. ഏഴ് മണിയോടെ വിമാനത്താവളത്തിന്റെ കവാടം തുറന്നു, പിന്നാലെ ആളുകള്‍ ഇരച്ചുകയറി. താലിബാന്‍ അംഗങ്ങള്‍ ജനക്കൂട്ടത്തിന് നേരെ നിറയൊഴിക്കുന്നതിന്റെ കാതടപ്പിക്കുന്ന ശബ്ദം ഭയപ്പെടുത്തിയതായി നയനിമ ഓര്‍മിക്കുന്നു.

കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന സന്ദേശമാണ് പിന്നാലെ വന്നത്. എങ്കിലും വിമാനത്താവളത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിന് കുറവുണ്ടായില്ല. താലിബാന്‍ അംഗങ്ങൾ രോഷാകുലരായതോടെ വെടിവെപ്പ് ശബ്ദത്തിന്‌ ഇടവേളകള്‍ ഇല്ലാതായി. അടുത്ത ആറ് മാസത്തേക്ക് വിമാനത്താവളം പ്രവര്‍ത്തിക്കുന്നതല്ലെന്ന അഭ്യൂഹം പരന്നു.

വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ തങ്ങാനോ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മടങ്ങിപ്പോകാനോ ഇന്ത്യന്‍ എംബസിയിലേക്ക് നീങ്ങാനോ ആയിരുന്നു എംബസിയിൽ നിന്ന് ലഭിച്ച നിർദേശം. വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ തുടങ്ങിയ നയനിമയെ താലിബാന്‍ അംഗങ്ങള്‍ ആക്രോശത്തോടെ തടഞ്ഞു. നയനിമയുടെ ബാഗുകള്‍ പിടിച്ചുവാങ്ങി വലിച്ചെറിയാന്‍ തുടങ്ങിയപ്പോൾ താന്‍ ഇന്ത്യയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകയാണെന്നും അഫ്ഗാനിലെ സാഹചര്യത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയതാണെന്നും നയനിമ അവരെ ധരിപ്പിച്ചു. അതോടെയാണ് പോകാൻ‌ അനുവദിച്ചത്.

വിമാനടിക്കറ്റുകള്‍ പോലുമില്ലാതെയായിരുന്നു ജനങ്ങള്‍ വിമാനത്താവളത്തിലേക്ക് പ്രവഹിച്ചത്. വൈകാതെ ജനക്കൂട്ടം വിമാനത്താവളത്തിന്റെ ഗേറ്റ് തകര്‍ത്ത് പ്രധാന ടെർമിനലിലേക്ക് കടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ താലിബാന്‍ വെടിയുതിര്‍ത്തുകൊണ്ടിരുന്നു. ഇതിനിടെ തന്റെ തൊട്ടരികിലുണ്ടായിരുന്ന ഒരാളുടെ കാലില്‍ വെടിയേറ്റു. പിന്നാലെയെത്തിയ അപരിചിതന്‍ തന്റെ ബാഗുകള്‍ കയ്യില്‍നിന്ന് വാങ്ങുകയും തന്നെ സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്തേക്ക് നയിക്കുകയും ചെയ്തതായി നയനിമ പറയുന്നു.

അരക്കിലോമീറ്ററോളം നടന്നതിന് ശേഷമാണ് ടാക്സി ലഭിച്ചത്. അതില്‍ കയറി നയനിമ ഇന്ത്യന്‍ എംബസിയില്‍ എത്തി. താലിബാന്റെ ചെക്കിങ്ങ് പോയിന്റുകളിലൂടെ കടന്നാണ് എംബസിയില്‍ എത്തിയത്. മുക്കാല്‍ മണിക്കൂറോളം എംബസിയുടെ ഗേറ്റിന് പുറത്ത് നയനിമക്ക് കാത്തുനിൽക്കേണ്ടിവന്നു. ശേഷം ഗേറ്റിന് മുന്‍വശത്ത് കാവല്‍ നിന്നിരുന്ന താലിബാന്‍ അംഗങ്ങളെ സമീപിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് അവരെ കാണിച്ച് സംസാരിച്ച ശേഷമാണ് എംബസിക്ക് അകത്തേക്ക് പ്രവേശനം അനുവദിച്ചത്. ആളുകള്‍ എംബസിയുടെ കവാടത്തിലും തടിച്ചു കൂടിയിരുന്നതായി നയനിമ പറയുന്നു.

എംബസിയിലേക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളെത്തി. തുടര്‍ന്ന് നയനിമയും മറ്റ് ഇന്ത്യക്കാരും ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം ഗുജറാത്തിലെ ജമ്‌നാനഗറില്‍ സുരക്ഷിതരായി തിരിച്ചെത്തി.



TAGS :

Next Story