പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഭരണഘടനാ വിരുദ്ധം: ഇ.ടി മുഹമ്മദ് ബഷീർ
സ്ത്രീ സംരക്ഷകരാണ് ബി.ജെ.പിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വ്യക്തി നിയമങ്ങൾ മൗലികാവകാശമാണ്. സർക്കാറിന് അതിലേക്ക് കടന്നുകയറാനാകില്ല. സ്ത്രീ സംരക്ഷകരാണ് ബി.ജെ.പിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ബിൽ പാസായാൽ നിരവധി നിയമങ്ങളിൽ മാറ്റം വരുമെന്നും നിരവധി സങ്കീർണതകൾ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് 158 രാജ്യങ്ങളിൽ വിവാഹപ്രായം 18 ആണെന്നും പതിനെട്ട് തികഞ്ഞവരെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ചിട്ട് വിവാഹം കഴിക്കുന്നതിനെ വിലക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയാൽ കുട്ടികൾക്ക് പഠിക്കാൻ കഴിയുമെന്നത് ബാലിശമായ ചിന്താഗതിയാണെന്നും ഇ.ടി പറഞ്ഞു. പെണ്‍കുട്ടികളുടെ പഠനകാര്യത്തില്‍ കേന്ദ്രത്തിന് യാതൊരു താല്‍പ്പര്യവുമില്ലെന്നും പെൺകുട്ടികളുടെ പഠനത്തിനായി മാറ്റിവച്ച തുകയിൽ 80% പരസ്യത്തിനായാണ് ചിലവഴിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ ശാക്തീകരണ പദ്ധതികളില്‍ നിഷേധാത്മക നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16