'മോദി വിചാരിച്ചാൽ പോലും എന്നെ ഇല്ലാതാക്കാൻ ആകില്ല'; ബിജെപി നേതാവ് പങ്കജ മുണ്ടെ
ബീഡ് ജില്ലയിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ
ന്യൂഡൽഹി: ബിജെപി ദേശീയ നേതൃത്വത്തെ അസ്വസ്ഥമാക്കി മഹാരാഷ്ട്രയിൽനിന്നുള്ള പാർട്ടി നേതാവ് പങ്കജ മുണ്ടെ. ജനഹൃദയങ്ങളിൽ ജീവിക്കുന്നതു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചാൽ പോലും തന്നെ ഇല്ലായ്മ ചെയ്യാനാകില്ലെന്നാണ് പങ്കജയുടെ പ്രസ്താവന. ബീഡ് ജില്ലയിലെ അംബെജൊഗായിയിൽ ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
'ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ജീവിക്കുന്നിടത്തോളം കാലം എന്നെ രാഷ്ട്രീയമായി ആർക്കും ഇല്ലായ്മ ചെയ്യാനാകില്ല. കോൺഗ്രസിൽ നിലനിന്നിരുന്ന കുടുംബാധിപത്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. ഞാൻ രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു. മോദിക്കു പോലും എന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനാകില്ല' - പങ്കജ പറഞ്ഞു. ബിജെപിയുടെ മുതിർന്ന നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് ഇവര്‍.
അച്ഛൻ ജീവിച്ചിരിക്കെ രാഷ്ട്രീയത്തിലിറങ്ങിയ പങ്കജ, ബീഡിലെ പർളി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു. ഫഡ്‌നാവിസ് മന്ത്രിസഭയിൽ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. നിലവിൽ ബിജെപി ദേശീയ സെക്രട്ടറിയാണ്.
Adjust Story Font
16