ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് മുന്‍ കരസേനാ മേധാവി ഉള്‍പ്പെടെ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍
കുരുക്ഷേത്രയിൽ വെച്ചാണ് സേനയിൽ ഉന്നത പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിക്കൊപ്പം നടന്നത്.
കുരുക്ഷേത്ര: കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് മുന്‍ കരസേനാ മേധാവി ദീപക് കപൂര്‍ ഉള്‍പ്പെടെയുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥര്‍. ഹരിയാനയിലെ കുരുക്ഷേത്രയില്‍ വെച്ചാണ് സേനയില്‍ ഉന്നത പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നത്.
മുൻ ആർമി ചീഫ് ജനറൽ ദീപക് കപൂർ, ലഫ്റ്റനന്റ് ജനറൽ ആർ.കെ ഹൂഡ, ലഫ്റ്റനന്റ് ജനറൽ വി.കെ നരുല, മേജർ ജനറൽ എസ്.എസ് ചൗധരി, മേജർ ജനറൽ ധർമ്മേന്ദർ സിങ്, കേണൽ ജിതേന്ദർ ഗിൽ, കേണൽ പുഷ്പേന്ദർ സിങ്, ലഫ്റ്റനന്റ് ജനറൽ ഡിഡിഎസ് സന്ധു, മേജർ ജനറൽ ബി ദയാല്‍ എന്നിവരുൾപ്പെടെ നിരവധി മുൻ സൈനിക ഉദ്യോഗസ്ഥർ ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നു.
കന്യാകുമാരിയിൽ നിന്ന് സെപ്തംബറിൽ ആരംഭിച്ച യാത്രയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തിട്ടുണ്ട്. ആർ.ബി.ഐ മുന്‍ ഗവർണർ രഘുറാം രാജൻ, റോ മുൻ മേധാവി എ.എസ് ദുലത്ത്, നടനും നേതാവുമായ കമൽഹാസൻ, അഭിനേതാക്കളായ പൂജാ ഭട്ട്, സ്വര ഭാസ്‌കർ, ബോക്സർ വിജേന്ദർ സിങ് എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ നടന്നു. യാത്ര ഈ മാസം അവസാനം ജമ്മു കശ്മീരില്‍ സമാപിക്കും.
Summary- The Congress's Bharat Jodo Yatra on Sunday saw the presence of former Chief of Army Staff General Deepak Kapoor and other veterans as it traversed through Haryana
Adjust Story Font
16