ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ വസതിയിലേക്ക് താൻ ദലിതനായതിനാൽ പ്രവേശനം നിഷേധിച്ചെന്ന് മുൻ ബിജെപി മന്ത്രി
സംഭവത്തിൽ പ്രതികരിച്ച കോൺഗ്രസ് ബിജെപിയും ആർഎസ്എസും ജാതി വിവേചന സംഘടനകളാണെന്ന് കുറ്റപ്പെടുത്തി.
ബെംഗളൂരു: ആർഎസ്എസ് സ്ഥാപകൻ കെ.ബി ഹെഡ്ഗേവാറിന്റെ വീട്ടിൽ ദലിതനായതിനാൽ തനിക്ക് പ്രവേശനം നിഷേധിച്ചുവെന്ന് മുൻ കർണാടക ബിജെപി എം.എൽ.എ. മുൻ മന്ത്രി കൂടിയായ ഗൂളിഹട്ടി ശേഖർ താൻ നേരിട്ട ജാതിവിവേചനം വെളിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നു. ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന ഹെഡ്ഗേവാറിന്റെ വസതിയിലേക്ക് ഗൈഡിനൊപ്പം പോയപ്പോഴാണ് ജീവനക്കാർ തടഞ്ഞതെന്ന് ശേഖർ പറയുന്നു.
സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനുമെതിരെ കോൺഗ്രസ് രംഗത്തെത്തിയതോടെ ഓഡിയോ ക്ലിപ്പ് തന്റേത് തന്നെയാണെന്ന് ശേഖർ സ്ഥിരീകരിച്ചു. പട്ടികജാതിക്കാർക്ക് മ്യൂസിയത്തിനുള്ളിൽ പ്രവേശനമില്ലെന്ന് ഒപ്പമുണ്ടായിരുന്ന ഒരു ഗൈഡ് തന്നെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
"ഞാൻ മ്യൂസിയത്തിൽ പോയപ്പോൾ ഗൈഡ് അവിടെ നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ചും സമ്പ്രദായങ്ങളെക്കുറിച്ചും വിശദീകരിച്ചു. എന്നാൽ നിങ്ങൾ അകത്തുകയറിക്കോളൂ, താൻ പുറത്തുനിൽക്കാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അവർ എന്നെ അകത്തേക്ക് പ്രവേശിപ്പിക്കാൻ സമ്മതിച്ചില്ല. പട്ടികജാതിക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് അവർ പറഞ്ഞത്"- ശേഖർ വ്യക്തമാക്കി.
എന്നാൽ, ചില പ്രത്യേക ജാതികളിൽപ്പെട്ടവരെ തടയാൻ നിയമമില്ലെന്ന് ആർഎസ്എസുകാർ പറഞ്ഞെങ്കിലും തനിക്ക് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിൽ തനിക്ക് വേദനയുണ്ട്. പക്ഷേ താൻ അവിടെ എന്തെങ്കിലും പ്രോട്ടോക്കോളുകൾ ലംഘിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു”- ശേഖർ വിശദമാക്കി.
അതേസമയം, സംഭവത്തിൽ പ്രതികരിച്ച കോൺഗ്രസ് ബിജെപിയും ആർഎസ്എസും ജാതി വിവേചന സംഘടനകളാണെന്ന് കുറ്റപ്പെടുത്തി. “മഹാപരിനിർവാൺ ദിനത്തിൽ കർണാടക മുൻ മന്ത്രി ഗൂളിഹട്ടി ശേഖർ വളരെ ലളിതമായ ഒരു കാര്യമാണ് ചോദിക്കുന്നത്- എന്തുകൊണ്ടാണ് തനിക്ക് ആർഎസ്എസ് സ്ഥാപകന്റെ വീട്ടിൽ പ്രവേശനം നിഷേധിച്ചത് എന്ന്. താനൊരു ദലിതനായതുകൊണ്ടാണോ ഇപ്പോൾ ഒരു മ്യൂസിയമായ ഹെഡ്‌ഗേവാറിന്റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു- കർണാടക കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ ഓഡിയോ ക്ലിപ്പ് പങ്കുവച്ച് എക്‌സിൽ കുറിച്ചു.
Adjust Story Font
16