ഉത്തർപ്രദേശിൽ മുൻകാമുകൻ അധ്യാപികയെ തീകൊളുത്തി കൊന്നു
താൻ വിവാഹം കഴിച്ചാലും യുവതി വിവാഹിതയാവരുതെന്ന് നിർബന്ധമുണ്ടായിരുന്ന പ്രതി യുവതിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു

ലക്നൗ : മുൻകാമുകിയുടെ വിവാഹമുറപ്പിച്ചതിന് പിന്നാലെ യുവതിയെ തീ കൊളുത്തി കൊന്ന് കാമുകൻ. ചന്ദോക സ്വദേശി വികാസ് യാദവാണ് പ്രതി. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം.
സ്വകാര്യ സ്കൂളധ്യാപികയായിരുന്ന യുവതി സ്കൂൾ വിട്ട് വരുന്ന വഴിയാണ് ആക്രമണമുണ്ടായത്. പ്രതി വികാസ് യാദവ്, യുവതി വരുന്ന വഴിയിൽ പെട്രോളുമായി കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ യുവതി സമീപത്തുള്ള ഗോതമ്പ് പാടത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും രക്ഷപെടാനായില്ല. ആക്രമണത്തിൽ പ്രതിക്കും പരിക്കേറ്റു. പരിക്കേറ്റ പ്രതി ആശുപ്രതിയിൽ ചികിത്സയിലാണ്.
ഇരുവരും ഒരു സ്കൂളിലെ അധ്യാപകരായിരുന്നെന്ന് പൊലീസ് പറയുന്നു. ഇവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും കുറച്ച് നാളുകൾക്ക് ശേഷം യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബറിൽ വികാസ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അതിനിടയിലാണ് യുവതിയുടെ വിവാഹം ഉറപ്പിച്ചത്. താൻ വിവാഹം കഴിച്ചാലും യുവതി വിവാഹിതയാവരുതെന്ന് നിർബന്ധമുണ്ടായിരുന്ന പ്രതി യുവതിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടി കൂടും പൊലീസ് കണ്ടെടുത്തു. അതേസമയം, മകൾക്ക് ഇങ്ങനെ ഒരു ബന്ധമുണ്ടായിരുന്നതായി അറിയില്ലെന്നും ഞെട്ടലിലാന്നെന്നും യുവതിയുടെ കുടുംബം പ്രതികരിച്ചു.
Adjust Story Font
16