Quantcast

ഗുജറാത്തില്‍ ബി.ജെ.പി വിട്ട മുന്‍മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബി.ജെ.പി സർക്കാരിൽ മന്ത്രിയായിരുന്നു ജയ് നാരായൺ വ്യാസ്

MediaOne Logo

Web Desk

  • Published:

    28 Nov 2022 9:48 AM GMT

ഗുജറാത്തില്‍ ബി.ജെ.പി വിട്ട മുന്‍മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു
X

അഹമ്മദാബാദ്: ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച ഗുജറാത്ത് മുന്‍ മന്ത്രി ജയ് നാരായൺ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഈ മാസം ആദ്യമാണ് ജയ് നാരായൺ വ്യാസ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലാണ് ജയ് നാരായൺ വ്യാസ് അഹമ്മദാബാദില്‍ വെച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും വ്യാസിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബി.ജെ.പി സർക്കാരിൽ മന്ത്രിയായിരുന്നു വ്യാസ്. നവംബര്‍ അഞ്ചിനാണ് അദ്ദേഹം ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 1, 5 തിയ്യതികളില്‍ നടക്കാനിരിക്കുകയാണ്. ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിവസം കൂടിയേ ബാക്കിയുള്ളൂ. അതിനു മുന്നോടിയായി പരമാവധി സ്ഥലങ്ങളിൽ പൊതുയോഗങ്ങളും റാലികളും നടത്തുകയാണ് ബി.ജെ.പിയും കോണ്‍ഗ്രസും എ.എ.പിയും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ അമിത് ഷാ, പുരുഷോത്തം രുപാല, സ്മൃതി ഇറാനി, ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരാണ് ബി.ജെ.പിക്കായി ഇന്ന് സംസ്ഥാനത്ത് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്. നാല് മണ്ഡലങ്ങളിൽ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. ഗുജറാത്തിൽ കോൺഗ്രസ് വിജയിക്കുമെന്ന ഭയത്തിൽ ബി.ജെ.പി വ്യാജ പ്രചാരണം നടത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. അതുകൊണ്ടാണ് പ്രധാനമന്ത്രിയും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗുജറാത്തിൽ നിന്ന് മാറാതെ പ്രചാരണം നടത്തുന്നതെന്നും മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു. ആം ആദ്മി പാർട്ടി ഇന്ന് റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ സംസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story