തടവുകാരുടെ വാർഡ് പൊലീസ് തുറന്നിട്ടു; ജയിലിൽ തന്നെ കൊല്ലാൻ പദ്ധതിയിട്ടെന്ന് മുൻ എംഎൽഎ അനന്ത് സിങ്
ഞായറാഴ്ച പട്‌നയിലെ ബൂർ സെൻട്രൽ ജയിലിനുള്ളിൽ നടന്ന ഏറ്റുമുട്ടലിൽ നാല് തടവുകാർക്കും ജയിൽ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
പട്ന: പട്ന ജയിലിൽ തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി മുൻ ബിഹാർ എംഎൽഎ അനന്ത് കുമാർ സിങ്. ശനിയാഴ്ച അനന്ത് സിങ് അടക്കമുള്ള തടവുകാരുടെ വാർഡ് രാത്രി തുറന്ന് വെച്ചതാണ് തുടക്കം. ഇതിനെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ സംഘർഷമുണ്ടാവുകയായിരുന്നു. ഞായറാഴ്ച പട്‌നയിലെ ബൂർ സെൻട്രൽ ജയിലിനുള്ളിൽ നടന്ന ഏറ്റുമുട്ടലിൽ നാല് തടവുകാർക്കും ജയിൽ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
ജയിലിനുള്ളിൽ തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നതിന്റെ ഭാഗമായാണ് സംഘർഷമുണ്ടായതെന്നാണ് എംഎൽഎയുടെ വാദം. തുടർന്ന് പട്ന ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) ചന്ദ്രശേഖർ സിംഗ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ജയിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ജയിലിനുള്ളിൽ സംഘർഷമുണ്ടാക്കിയതിന് ചില തടവുകാർക്കെതിരെ ലോക്കൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. തങ്ങളുടെ വാർഡ് തലേദിവസം രാത്രി ബോധപൂർവം തുറന്നിട്ടിരിക്കുകയാണെന്ന് ആരോപിച്ച് അനന്ത് സിങ്ങിന്റെ നേതൃത്വത്തിൽ 40 ഓളം തടവുകാർ ജയിലിനുള്ളിൽ പ്രതിഷേധിക്കാൻ തുടങ്ങിയിരുന്നു. ജയിൽ അധികൃതർ തടവുകാരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അധിക സേനയെ അയക്കുകയായിരുന്നു. പ്രതിഷേധിച്ച തടവുകാരിൽ ഭൂരിഭാഗത്തെയും അവരുടെ സെല്ലുകളിലേക്ക് തിരിച്ചയച്ചു. അനന്ത് സിങ്ങും മറ്റ് 10 തടവുകാരും സമരം തുടർന്നു.
തുടർന്ന് ജയിൽ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. പരിക്കേറ്റ എല്ലാ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും അപകടനില തരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. അനന്ത് സിങ്ങിന് പരിക്കേറ്റിട്ടുണ്ടോ എന്നത് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു.
നദ്‌വ ഗ്രാമത്തിലെ വസതിയിൽ നിന്ന് എകെ 47 തോക്കുകളടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിൽ അനന്ത് കുമാറിനെ 10 വർഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. കൊലപാതകം അടക്കം 38ലധികം കേസുകളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
Adjust Story Font
16