മാവോയിസ്റ്റ് ബന്ധം ആരോപിച്ചു തടവിലാക്കിയ പ്രൊഫ സായിബാബയെ കുറ്റവിമുക്തനാക്കി
ബോംബെ ഹൈക്കോടതിയാണ് സായിബാബ അടക്കം ആറുപേരെ കുറ്റവിമുക്തരാക്കിയത്
ജി.എന്‍ സായിബാബ
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു തടവിലാക്കിയ പ്രൊഫസര്‍ ജി.എന്‍ സായിബാബയുടെ ശിക്ഷ റദ്ദാക്കി. ബോംബെ ഹൈക്കോടതിയാണ് സായിബാബ അടക്കം ആറുപേരെ കുറ്റവിമുക്തരാക്കിയത്. ജസ്റ്റിസുമാരായ വിനയ് ജി ജോഷി, വാൽമീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെതാണ് വിധി. സായിബാബയും (54) മറ്റ് അഞ്ചുപേരും കുറ്റക്കാരാണെന്ന് 2017ലാണ് സെഷൻസ് കോടതി വിധിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കിയത്. കേസിൽ വീണ്ടും വാദം കേട്ട് തീർപ്പാക്കാൻ ഹൈക്കോടതിയോട് സുപ്രിംകോടതി നിർദേശിച്ചിരുന്നു. 2022 ഒക്ടോബര്‍ 14നാണ് സായിബാബയെ കുറ്റവിമുക്തനാക്കിയത്. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ 2017 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷന്‍ കോടതി സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ.
ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സായിബാബ, ജെഎന്‍യു സര്‍വ്വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകനായിരുന്ന പ്രശാന്ത് റായ് എന്നിവരുള്‍പ്പെടുന്ന അഞ്ച് പേര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിരോധിത ഭീകര സംഘടനയിലെ അംഗത്വം, നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കല്‍, ആശയങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷയാണ് കോടതി നല്‍കിയത്.
2014ലാണ് കേസില്‍ സായ്ബാബ അറസ്റ്റിലായത്. മറ്റൊരു പ്രതിയായ ഹേം മിശ്രയുടെ മൊഴിപ്രകാരം മാവോയിസ്റ്റുകളുമായി സായ്ബാബ നിരന്തരം ബന്ധം പുലര്‍ത്തിയെന്നായിരുന്നു പൊലീസിന്റെ അവകാശ വാദം. സായിബാബയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഡിവിഡികള്‍ തുടങ്ങിയവ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞിരുന്നു. 90 ശതമാനവും തളര്‍ന്ന ശരീരവുമായി ജീവിക്കുന്ന സായിബാബ, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് പോലുള്ള മാവോയിസ്റ്റ് വിരുദ്ധ നടപടികളെ ശക്തമായി വിമര്‍ശിച്ചിരുന്നു.
Adjust Story Font
16