ഒന്നാം വിവാഹ വാർഷികം; ഭാര്യയ്ക്ക് എകെ 47 സമ്മാനമായി നൽകി തൃണമൂൽ മുൻ നേതാവ്
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും സിപിഎമ്മും രംഗത്തെത്തി
ഒന്നാം വിവാഹ വാർഷികദിനത്തിൽ ഭാര്യക്ക് എകെ 47 തോക്ക് സമ്മാനമായി നൽകിയ തൃണമൂൽ മുൻ നേതാവ് റിയാസുൽ ഹഖ് വിവാദത്തിൽ. ഭാര്യ സബിന യാസ്മിന് കഴിഞ്ഞ തിങ്കളാഴ്ചയാണ് റിയാസ് തോക്ക് സമ്മാനമായി നൽകിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി.
റിയാസുലിനെതിരെ ബിജെപിയും സിപിഎമ്മും രംഗത്തെത്തി. സംസ്ഥാനത്ത് 'താലിബാൻ ഭരണം' പ്രമോട്ട് ചെയ്യുകയാണ് റിയാസുലെന്ന് ബിജെപി ആരോപിച്ചു. ഇതിന് പിന്നാലെ ഭാര്യയുടെ കൈയിൽ കളിത്തോക്കാണ് എന്ന വിശദീകരണവുമായി റിയാസുൽ ഹഖ് രംഗത്തെത്തി. 'ഒരു കളിത്തോക്ക് കൈയിൽ പിടിച്ചു നിൽക്കുന്നതിൽ നിയമപരമായി ഒരു തെറ്റുമില്ല. എനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്' - അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിൽനിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ' റിയാസുലിന് എവിടെ നിന്നാണ് ഈ തോക്ക് ലഭിച്ചത് എന്നതിൽ അന്വേഷണം വേണം. ഞാൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. അദ്ദേഹം മുൻ ടിഎംസി നേതാവാണ്. ഡെപ്യൂട്ടി സ്പീക്കറുമായി (ആശിഷ് ബന്ദോപാധ്യായ) അടുത്ത ബന്ധമുള്ളയാളുമാണ്. എന്ത് സന്ദേശമാണ് അദ്ദേഹം കൈമാറുന്നത്. ഇത് താലിബാൻ ഭരണത്തെ പ്രമോട്ട് ചെയ്യുകയാണോ? അടുത്ത തലമുറയെ ജിഹാദികളാക്കാൻ ശ്രമിക്കുകയാണോ ഇവർ?' ബിജെപി ഭീർഭൂം ജില്ലാ പ്രസിഡണ്ട് ധുബ്ര സാഹ ചോദിച്ചു.
Adjust Story Font
16