Quantcast

2019ൽ മഹാരാഷ്ട്ര എക്‌സിറ്റ് പോളുകൾക്ക് എന്തു സംഭവിച്ചു? പ്രവചനങ്ങൾ പിഴക്കുമോ?

എക്‌സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് മൃഗീയ ഭൂരിപക്ഷമാണു പ്രവചിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    23 Nov 2024 4:01 AM GMT

Exit Poll Results 2024: How accurate were predictions in 2019 Maharashtra assembly elections?, Maharashtra assembly elections 2024, Maharashtra Assembly Poll 2024
X

മുംബൈ: റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയ മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്തിമ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് രാജ്യമൊന്നടങ്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ട്രെൻഡ് ആവർത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി(എംവിഎ). സർക്കാർ ഭരണം തുടരുമെന്ന ആത്മവിശ്വാസത്തിൽ മഹായുതിയും. ബിജെപി മുന്നണിയുടെ പ്രതീക്ഷകൾ ശരിവയ്ക്കുന്ന തരത്തിലാണ് ഇത്തവണ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ആദ്യ ഫലസൂചനകളും മഹായുതിക്ക് അനുകൂലമാണ്.

ലോക്‌സഭാ ട്രെൻഡ് ഇത്തവണ ആവർത്തിക്കില്ലെന്ന് എല്ലാ പ്രവചനങ്ങളും ഒരുപോലെ വ്യക്തമാക്കി. ബിജെപിയും ഷിൻഡെ ശിവസേനയും അജിത് പവാർ എൻസിപിയും ചേർന്ന മഹായുതി 175 മുതൽ 195 വരെ സീറ്റ് നേടുമെന്നാണ് പീപ്പിൾസ് പൾസ് പ്രവചിച്ചത്. കോൺഗ്രസും ഉദ്ദവ് ശിവസേനയും ശരദ് പവാർ എൻസിപിയും ചേർന്ന എംവിഎയ്ക്ക് 85 മുതൽ 112 വരെ സീറ്റ് വരെയേ ലഭിക്കൂവെന്നും പ്രവചനം സൂചിപ്പിക്കുന്നു.

പോൾസ്റ്റർ മാട്രിസ് മഹായുതിക്ക് 150 മുതൽ 170 വരെയും എംവിഎയ്ക്ക് 110-130 സീറ്റും പറയുന്നു. മഹായുതിക്ക് 137-157ഉം എംവിഎയ്ക്ക് 126-146ഉം സീറ്റാണ് പി-മാർക്വ് നൽകിയത്. ന്യൂസ് 27-ചാണക്യയും 152-160 സീറ്റുമായി മഹായുതി വിജയം പ്രവചിച്ചു. എംവിഎയ്ക്ക് 130-138ഉം ആണ് ഇവർ നൽകിയത്.

എന്നാൽ, 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പിഴക്കുന്നതാണു കണ്ടത്. ഏഴ് എക്‌സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് മൃഗീയ ഭൂരിപക്ഷമാണു പ്രവചിച്ചിരുന്നത്. 288 സീറ്റിൽ ഭൂരിപക്ഷത്തിനു വേണ്ട 145 എന്ന മാന്ത്രികസംഖ്യയും കടന്ന് 200നും അപ്പുറം സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രവചനം. 240 വരെ സീറ്റ് പ്രവചിച്ചവരുമുണ്ട്. പിളർപ്പിനു മുൻപുള്ള ശിവസേനയായിരുന്നു സഖ്യത്തിലുണ്ടായിരുന്നതെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസും എൻസിപിയും ചേർന്നുള്ള സഖ്യം 65 സീറ്റിലും ഒതുങ്ങുമെന്നായിരുന്നു പ്രവചനം.

എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൻഡിഎ സഖ്യം 161 സീറ്റിലാണു വിജയിച്ചത്. ബിജെപിക്ക് 105ഉം ശിവസേനയ്ക്ക് 56ഉം വോട്ട് ലഭിച്ചു. ഇതേസമയം കോൺഗ്രസ്-എൻസിപി സഖ്യം 98 ഇടത്തും വിജയിച്ചു. എൻസിപിക്ക് 54 ഇടത്തും കോൺഗ്രസ് 44 ഇടത്തുമാണു വിജയിച്ചത്.

2019ൽ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ശിവസേന ബിജെപിയുമായി തെറ്റിപ്പിരിയുന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ കണ്ടത്. എൻസിപി പിന്തുണയിൽ ആദ്യം ബിജെപി സർക്കാർ അധികാരമേൽക്കുകയും മൂന്നു ദിവസത്തിനകം സർക്കാർ തകരുകയും ചെയ്തു. പിന്നാലെ രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ച് ശിവസേന കോൺഗ്രസിനും എൻസിപിക്കുമൊപ്പം കൈക്കോർക്കുകയും ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സർക്കാർ അധികാരമേൽക്കുകയുമാണുണ്ടായത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുശേഷമുള്ള ഏറ്റവും വലിയ പോളിങ്ങാണ് മഹാരാഷ്ട്രയിൽ ഇത്തവണ രേഖപ്പെടുത്തിയത്. 66.05 ശതമാനമായിരുന്നു ഇത്തവണത്തെ പോളിങ്. 1995ൽ 71.69 ശതമാനമായിരുന്നു പോളിങ്. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 61.39ഉം 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ 61.4ഉം ശതമാനം രേഖപ്പെടുത്തി.

സ്ത്രീ വോട്ടർമാർ വലിയ തോതിൽ പോളിങ് ബൂത്തിലെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതാണ് വോട്ടിങ് ശതമാനത്തിലും പ്രതിഫലിച്ചത്. മഹായുതി സഖ്യവും പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയും ആകാംക്ഷയോടെയാണ് ഇതിനെ കാണുന്നത്. തങ്ങളുടെ സ്ത്രീ സൗഹൃദ നയത്തിന്റെ പ്രതിഫലനമാണെന്നാണ് ഇതെന്ന് മഹായുതി വാദിക്കുമ്പോൾ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കുള്ള സ്വീകാര്യതയാണെന്ന് എംവിഎയും അവകാശപ്പെട്ടിരുന്നു.

Summary: Exit Poll Results 2024: How accurate were predictions in 2019 Maharashtra assembly elections?

TAGS :

Next Story