Quantcast

എന്തുകൊണ്ട് സഹകരണ മന്ത്രാലയം? എന്തു കൊണ്ട് അമിത് ഷാ?

മന്ത്രാലയത്തിലൂടെ ബിജെപി പദ്ധതികൾ നടപ്പാക്കാൻ അമിത് ഷാ തന്നെയാണ് ഏറ്റവും അനുയോജ്യൻ

MediaOne Logo

Web Desk

  • Updated:

    2021-07-09 15:22:02.0

Published:

9 July 2021 3:18 PM GMT

എന്തുകൊണ്ട് സഹകരണ മന്ത്രാലയം? എന്തു കൊണ്ട് അമിത് ഷാ?
X

മോദി സർക്കാർ പുതുതായി രൂപീകരിച്ച കേന്ദ്ര സഹകരണ മന്ത്രാലയത്തെ ചൊല്ലി ഒടുങ്ങാതെ വിവാദങ്ങൾ. മന്ത്രാലയം രൂപീകരിച്ചതും അതിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നൽകിയതും കൃത്യമായ ലക്ഷ്യം മുന്നിൽക്കണ്ടുള്ള നീക്കമാണ് എന്നാണ് വിലയിരുത്തൽ. കൺകറന്റ് പട്ടികയിൽപ്പെട്ട മേഖലയിൽ മന്ത്രാലയം രൂപീകരിക്കുമ്പോൾ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ടിയിരുന്നു എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ അധികാരങ്ങൾക്ക് മേൽ കേന്ദ്രം കടന്നുകയറുമെന്ന ഭീതിയാണ് സംസ്ഥാനങ്ങൾക്കുള്ളത്.

എന്തു കൊണ്ട് മന്ത്രാലയം

രാജ്യത്തെ സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ ആവശ്യമായ ഭരണ,നിയമ,നയചട്ടക്കൂടുകൾ രൂപപ്പെടുത്താനാണ് മന്ത്രാലയം നിലവിൽ വരുന്നത് എന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. സഹകരണ മേഖലയിൽ രാജ്യത്തുടനീളം 1,94,195 ഡയറി സൊസൈറ്റികൾ ഉണ്ട് എന്നാണ് കണക്ക്. 330 കോപറേറ്റീവ് ഷുഗൽ മില്ലുകളുമുണ്ട്. 2019-20ൽ ക്ഷീര സഹകരണ സംഘങ്ങൾ ദിനംപ്രതി 4.80 കോടി ലിറ്റർ പാലാണ് ഉത്പാദിപ്പിച്ചിട്ടുള്ളത്. മൊത്തം പഞ്ചസാര ഉത്പാദനത്തിന്റെ 35 ശതമാനവും സഹകരണ മേഖലയിൽ നിന്നാണ് ഉണ്ടാകുന്നത്.

ഇതിന് പുറമേയാണ് രാജ്യത്തുടനീളം പടർന്നു കിടക്കുന്ന ചെറുകിട സഹകരണ ധനകാര്യ സ്ഥാപനങ്ങൾ. ഇടത്തരം സംരഭകർക്കും കർഷകർക്കും വായ്പ നൽകുന്നത് പ്രധാനമായും ഇത്തരം സഹകരണ സ്ഥാപനങ്ങളാണ്. ഗ്രാമീണ തൊഴിൽ മേഖലയുടെ നട്ടെല്ലാണ് ഇവ. നബാർഡിന്റെ കണക്കുപ്രകാരം രാജ്യത്തെ ഗ്രാമങ്ങളിൽ 95,238 പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികൾ (പിഎസി) ആണുള്ളത്. 363 ജില്ലാ സെൻട്രൽ കോപറേറ്റീവ് ബാങ്കുകളും 33 സംസ്ഥാന സഹകരണ ബാങ്കുകളുമുണ്ട്. സംസ്ഥാന ബാങ്കുകളിൽ 1,35,393 കോടിയുടെയും പിഎസികളിൽ 3,78,248 കോടിയുടെയും നിക്ഷേപമുണ്ട് എന്നാണ് കണക്കുകൾ.


കൃഷിയെപ്പോലെ തന്നെ സഹകരണവും കൺകറന്റ് പട്ടികയിലാണ്. അഥവാ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്നാണ് ഇതിലെ ഭരണനിർവഹണം നടത്തേണ്ടത്. നിലവിൽ മിക്ക സഹകരണ സ്ഥാപനങ്ങളും അതതു സംസ്ഥാനങ്ങളിലെ നിയമങ്ങൾ പ്രകാരമാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ മന്ത്രാലയം സഹകരണ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ദധർ കരുതുന്നത്.

ഗുജറാത്ത് മോഡൽ

അമുൽ അടക്കം കോൺഗ്രസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സഹകരണ മേഖല പതിയെ ഏറ്റെടുത്താണ് ഗുജറാത്തിൽ ബിജെപി അധികാരം പിടിച്ചത്. സംസ്ഥാന ജനസംഖ്യയുടെ മൂന്നിൽ ഒരു വിഭാഗം ആളുകളും സഹകരണ മേഖലയുമായി ബന്ധപ്പെടുന്നവരാണ്. പാൽ, മൃഗസംരക്ഷണം, കൃഷി, ഫിഷറീസ്, ജലസേചനം, ബാങ്കുകൾ തുടങ്ങി സംസ്ഥാനത്ത് മൊത്തം 76000 സഹകരണ സൊസൈറ്റികളാണ് ഉള്ളത്. ഗുജറാത്തിലെ 18ൽ 16 ജില്ലാ കോപറേറ്റീവ് ബാങ്കുകളും നിയന്ത്രിക്കുന്നത് ബിജെപിയാണ്.

അമുൽ ഇപ്പോൾ സമ്പൂർണമായി ബിജെപിയുടെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പിൽ ഗ്രാമങ്ങളിലെ മണ്ഡലികൾ (പാൽ സൊസൈറ്റി മേധാവി) വഴിയാണ് ബിജെപി വോട്ടുകൾ ഉറപ്പാക്കിയിരുന്നത്. പാൽ ഏൽപ്പിക്കാൻ എത്തുന്ന ഗ്രാമവാസികളോട് കേന്ദ്രസർക്കാറിന്റെ നേട്ടങ്ങൾ പറഞ്ഞുബോധ്യപ്പെടുത്തുകയായിരുന്നു മണ്ഡലികളുടെ ജോലി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഓരോ മണ്ഡലത്തിൽ നിന്നും സഹകരണ മേഖലയിൽ നിന്ന് പതിനായിരം വോട്ടെങ്കിലും ഉറപ്പിക്കാനാണ് ബിജെപി നിർദേശം നൽകിയിരുന്നത്. ഇതിന്റെയെല്ലാം സൂത്രധാരൻ അമിത് ഷാ ആയിരുന്നു. ഇതിന് പുറമേ, സഹകരണ മേഖലയിൽ നിന്ന് അജയ്ഭായ് പട്ടേൽ (ഗുജറാത്ത് സ്റ്റേറ്റ് കോപറേറ്റീവ് ചെയർമാൻ), നർഹാരി അമിൻ (ഗുജറാത്ത് സ്റ്റേറ്റ് കോപറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ), ജിതാഭആയ് പട്ടേൽ (ഗുജറാത്ത് മിൽ മാർക്കറ്റിങ് ഫെഡറേഷൻ ചെയർമാൻ) അമുൽ മുൻ ചെയർമാൻ വിപുൽ ചൗധരി തുടങ്ങിയ നേതാക്കളെയും ബിജെപി രംഗത്തിറക്കിയിരുന്നു.

എന്തുകൊണ്ട് അമിത് ഷാ

മന്ത്രാലയത്തിലൂടെ ബിജെപി പദ്ധതികൾ നടപ്പാക്കാൻ അമിത് ഷാ തന്നെയാണ് ഏറ്റവും അനുയോജ്യൻ. ഇപ്പോഴും ഗുജറാത്ത് ബിജെപിയുടെ നാഷണൽ കോപറേറ്റീവ് സെല്ലിന്റെ കൺവീനറാണ് ഷാ. അഹമ്മദാബാദ് ജില്ലാ കോപറേറ്റീവ് ബാങ്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനുമായിരുന്നു. 36-ാം വയസ്സിലാണ് അദ്ദേഹം ചെയർമാനായത്.


സഹകരണ മേഖല വഴി കള്ളപ്പണം വെളുപ്പിച്ചതിലും ആരോപണ വിധേയനാണ് ഷാ. അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലാണ് നോട്ടുനിരോധനത്തിന്റെ കാലത്ത് ഏറ്റവും കൂടുതൽ അസാധുനോട്ടുകൾ തിരികെയെത്തിയിരുന്നത്. 745.59 കോടി രൂപയുടെ പഴയ നോട്ടുകളാണ് നോട്ട് അസാധുവാക്കി അഞ്ചു ദിവസത്തിനുള്ളിൽ ബാങ്കിൽ നിക്ഷേപിക്കപ്പെട്ടത്. ബിജെപി മന്ത്രി ജയേഷ്ഭായ് വിത്തൽഭായ് റദാദിയ ചെയർമാനായ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപിക്കപ്പെട്ടത് 613.19 കോടി രൂപയാണ്. അമിത് ഷായുമായി ബന്ധമുള്ള 11 ഗുജറാത്ത് ബാങ്കുകൾ വഴി 3118 കോടി രൂപയുടെ കള്ളപ്പണമാണ് വെളുപ്പിച്ചത് എന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

പവാറിനെ മെരുക്കണം

ഗുജറാത്തിന് പുറമേ, മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് സഹകരണ പ്രസ്ഥാനം സജീവമായിട്ടുള്ളത്. എൻസിപി നേതാവ് ശരദ് പവാറിന് മഹാരാഷ്ട്രയിലെ സഹകരണ മേഖലയിൽ വലിയ സ്വാധീനമുണ്ട്. പുതിയ മന്ത്രാലയത്തിലൂടെ ഷാക്ക് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടാനാകും എന്ന് വിലയിരുത്തപ്പെടുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റു നേടിയിട്ടും ശിവസേനയുമായി തെറ്റിപ്പിരിഞ്ഞതിന്റെ പേരിൽ പ്രതിപക്ഷത്തിരിക്കുകയാണ് ബിജെപി. സംസ്ഥാനത്ത് സേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ സൂത്രധാരൻ പവാറാണ്. ഈയിടെ കേന്ദ്രത്തിനെതിരെ രൂപം കൊണ്ട പ്രതിപക്ഷ കക്ഷികളുടെ വിശാല സഖ്യത്തിനും ചുക്കാൻ പിടിക്കുന്നതും പവാർ തന്നെ.

പവാറിന് പുറമേ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും സഹകരണ മേഖലയിലൂടെ ഉയർന്നു വന്ന നേതാവാണ്. ചുരുങ്ങിയത് 150 നിയമസഭാംഗങ്ങൾക്കെങ്കിലും സഹകരണ പ്രസ്ഥാനവുമായി ബന്ധമുണ്ട് എന്നാണ് കണക്ക്.

TAGS :

Next Story