Quantcast

അമിതവണ്ണത്തിന് താക്കോൽദ്വാര ശസ്ത്രക്രിയ; ഒറ്റയടിക്ക് കുറഞ്ഞത് 70 കിലോ ഭാരം!

ഹൈദരാബാദിലെ ഉസ്മാനിയ ജനറൽ ആശുപത്രിയിലാണ് ചികിത്സ നടന്നത്

MediaOne Logo

Web Desk

  • Published:

    23 Feb 2023 2:14 PM GMT

obesitysurgery, Hyderabadresidentlost70kgs, bariatricsurgery, ThakurMandiraSingh
X

ഹൈദരാബാദ്: അമിതവണ്ണത്തിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് നഷ്ടമായത് 70 കിലോ ഭാരം. ഒറ്റ ശസ്ത്രക്രിയയിലാണ് ഇത്രയും ഭാരം കുറഞ്ഞത്. ഹൈദരാബാദ് മഹേഷ് നഗർ കോളനി സ്വദേശിയായ താക്കൂർ മന്ദിര സിങ് ആണ് താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്ന് 'തെലങ്കാന ടുഡേ' റിപ്പോർട്ട് ചെയ്തു.

ഹൈദരാബാദിലെ ഉസ്മാനിയ ജനറൽ ആശുപത്രിയിലായിരുന്നു ചികിത്സ നടന്നത്. 214 കിലോ ഭാരമായിരുന്നു യുവാവിനുണ്ടായിരുന്നത്. അമിതവണ്ണം കാരണം പ്രമേഹം, രക്തസമ്മർദം, കരളിന് കൊഴുപ്പ്, കൂർക്കംവലി അടക്കം നിരവധി അസുഖങ്ങൾ കൊണ്ട് വലയുകയായിരുന്നു 23കാരനായ താക്കൂർ മന്ദിര. ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു.

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷം ചെലവ് വരുമായിരുന്ന ശസ്ത്രക്രിയ സൗജന്യമായാണ് സർക്കാർ ആശുപത്രിയായ ഉസ്മാനിയിൽ ചെയ്തത്. ഉദരരോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. സി.എച്ച് മധുസൂദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപറേഷൻ നടത്തിയത്. ചികിത്സ രണ്ടു മാസം നീണ്ടുനിന്നു. തെലങ്കാനയിൽ ഒരു സർക്കാർ ആശുപത്രിയിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്തുന്നതും.

ഒഴിച്ചുകൂടാനാകാത്ത ഘട്ടത്തിൽ മാത്രമേ ഇത്തരമൊരു ശസ്ത്രക്രിയയ്ക്ക് നിർദേശിക്കാറുള്ളൂവെന്ന് ഡോക്ടർമാർ പറഞ്ഞു. നിരവധി അസുഖങ്ങളുള്ളതിനാൽ താക്കൂറിന് ശസ്ത്രക്രിയ കൂടാതെ കഴിയില്ലായിരുന്നുവെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

Summary: 23-year-old Thakur Mandira Singh, who is a resident of Mahesh Nagar Colony, lost 70 kgs after undergoing laparoscopic bariatric surgery at Osmania General Hospital in Hyderabad

TAGS :
Next Story