ഇ.വൈ കമ്പനിയിലെ മലയാളി ജീവനക്കാരിയുടെ മരണം; അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി
ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് കുടുംബം
ന്യൂഡൽഹി: പൂനെയില്‍ ഇ.വൈ ബഹുരാഷ്ട്ര കമ്പനിയിലെ മലയാളി ജീവനക്കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്ലാജെ. കമ്പനിയിലെ എക്‌സിക്യൂട്ടീവ് ആയിരുന്ന കൊച്ചി സ്വദേശിനിയായ 26കാരി അന്ന സെബാസ്റ്റ്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈ 20നാണ് അന്ന സെബാസ്റ്റ്യനെ കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പത്ത് ദിവസം മുമ്പ് അമ്മ കമ്പനി ചെയർമാനയച്ച കത്ത് പുറത്തുവന്നതോടെയാണ് വിഷയത്തിൽ പ്രതിഷേധം ശക്തമായത്. തൊഴിൽ സമ്മർദത്തെ തുടർന്നാണ് അന്നയുടെ മരണമെന്ന് കുടുംബം ആരോപിക്കുന്നു. ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും കുടുംബം കത്തിൽ ചൂണ്ടിക്കാട്ടി.
രാത്രി വളരെ വൈകിയും ഓഡിറ്റ് അടക്കമുള്ള ജോലികൾ ഉണ്ടായിരുന്നു. ഷെഡ്യൂൾ ചെയ്തതിനുമപ്പുറം ജോലി ചെയ്യേണ്ടിവന്നു. ഉറക്കമൊഴിച്ചും ജോലി ചെയ്യേണ്ടിവന്നെന്നും ഇതൊക്കെയാണ് മകളുടെ മരണത്തിനു കാരണമായതെന്നും കുടുംബം വ്യക്തമാക്കി. അതേസമയം, മെയിൽ കഴിഞ്ഞദിവസമാണ് കണ്ടതെന്നും നടപടിയുണ്ടാവുമെന്ന് ചെയർമാൻ പറഞ്ഞതായും കുടുംബം പറയുന്നു.
മകളുടെ മരണാനന്തര ചടങ്ങിൽ കമ്പനി പ്രതിനിധികൾ പങ്കെടുത്തിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു. ഇനിയിത്തരമൊരു അനുഭവം മറ്റാർക്കും ഉണ്ടാവരുതെന്നും അതിനുവേണ്ടിയാണ് തങ്ങളിപ്പോൾ ഈ വിവരം പുറത്തുവിട്ടതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് അന്ന ഇ.വൈ കമ്പനിയിൽ ജോലിക്ക് കയറിയത്. ഏറെ ഉത്സാഹത്തിലും സന്തോഷത്തിലും ജോലി ചെയ്തിരുന്ന അന്നയ്ക്ക് പിന്നീടങ്ങോട്ട് ജോലിഭാരം കൂടുകയായിരുന്നെന്ന് കുടുംബം വിശദമാക്കുന്നു.
ഇതിനിടെ, മാനേജറെ രക്ഷിക്കാൻ വലിയ ശ്രമം നടക്കുന്നുണ്ടെന്ന് കമ്പനിയിലെ ചില സ്റ്റാഫുകൾ മീഡിയവണിനോട് പറഞ്ഞു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവരാതിരിക്കാൻ അന്നയുടെ മൈക്രോസോഫ്റ്റ് ഐ.ഡി കമ്പനി മരവിപ്പിച്ചെന്നും ടീം ഐ.ഡിയിൽ നിന്ന് മാനേജറുടെ പ്രൊഫൈൽ പിക്ചർ മാറ്റുകയും ചെയ്തെന്നും അവർ വ്യക്തമാക്കി.
അന്നയുടെ കൂടെനിൽക്കുന്നതിനു പകരം മാനേജറെ രക്ഷിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും മറ്റുള്ളവർക്കും കനത്ത ജോലിഭാരമാണ് ഉള്ളതെന്നും സ്റ്റാഫുകൾ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഐടി കമ്പനികളടക്കം കേന്ദ്രത്തിന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം നടത്തുമെന്ന് മന്ത്രി അറയിച്ചത്.
Adjust Story Font
16