കോവിഡ് വാക്‌സിനെടുത്താൽ ചിമ്പാൻസിയാകുമെന്ന് വ്യാജപ്രചാരണം; 300ഓളം അക്കൗണ്ടുകൾ പൂട്ടി ഫേസ്ബുക്ക്
ആസ്ട്രാ സെനെക്ക, ഫൈസർ എന്നിവയുടെ വാക്‌സിനെതിരെയായിരുന്നു റഷ്യൻ സംഘത്തിന്റെ നേതൃത്വത്തിൽ ആസൂത്രിതമായ വ്യാജ പ്രചാരണം
കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ അക്കൗണ്ടുകൾക്കെതിരെ ശക്തമായ നടപടിയുമായി ഫേസ്ബുക്ക്. വാക്‌സിനുകൾ മനുഷ്യരെ ചിമ്പാൻസികളാക്കുമെന്ന് ഫേസ്ബുക്കിൽ പ്രചരിപ്പിച്ച 300ഓളം അക്കൗണ്ടുകൾ പൂട്ടി.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന റഷ്യൻ ശൃംഖലയുമായി ബന്ധമുള്ള അക്കൗണ്ടുകൾക്കെതിരെയാണ് ഫേസ്ബുക്ക് നടപടിയെടുത്തത്. ആസ്ട്രാ സെനെക്ക, ഫൈസർ എന്നീ കമ്പനികളുടെ വാക്‌സിനെതിരെയായിരുന്നു സംഘത്തിന്റെ വ്യാജ പ്രചാരണം. പ്രധാനമായും ഇന്ത്യ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടാണ് പ്രചാരണം നടക്കുന്നതെന്ന് ദേശീയ മാധ്യമമായ 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു.
2020 നവംബർ, ഡിസംബർ മാസങ്ങളിലാണ് റഷ്യൻ സംഘം ആസൂത്രിതമായി വ്യാജപ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. തുടക്കത്തിൽ മീമുകളും ട്രോളുകളും കമന്റുകളും ഉപയോഗപ്പെടുത്തിയായിരുന്നു പ്രചാരണം. പിന്നീട് അഞ്ചു മാസത്തിന്റെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ മെയ് മാസം സംഘം വീണ്ടും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളുമായി സജീവമായി. യൂട്യൂബ്, ഫേസ്ബുക്ക്, ടിക്‌ടോക്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ ഫോളോവർമാരുള്ള അക്കൗണ്ടുകളെ വിലക്കെടുത്തായിരുന്നു ഇത്തവണ വ്യാജ വാർത്താ പ്രചാരണം. റെഡ്ഡിറ്റ്, മീഡിയം, ചേഞ്ച് ഡോട്ട് ഓർഗ്, മെഡപ്ലൈ ഡോട്ട് കോ യുകെ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ഇത്തരത്തിൽ തെറ്റിദ്ധാരണാജനകമായ നിരവധി ലേഖനങ്ങളും അപേക്ഷകളും വന്നതായും കണ്ടെത്തിയിട്ടുണ്ട്.
സംഘത്തിന്റെ ഗൂഢപ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ് ഫേസ്ബുക്ക് ശക്തമായ നടപടി സ്വീകരിച്ചത്. 65 ഫേസ്ബുക്ക് അക്കൗണ്ടുകളും 243 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നടപടിയുടെ ഭാഗമായി പൂട്ടി. വിദേശ ഇടപെടലിനെതിരായ നയങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
Adjust Story Font
16