യുപിയിലെ വിമാനത്താവളമെന്ന പേരിൽ ബിജെപി നേതാക്കൾ ട്വീറ്റ് ചെയ്തത് ചൈനയിലെ ചിത്രം
പൊതുജന സമ്പർക്കത്തിനായുള്ള ഗവൺമെന്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലായ 'MyGovHindi' വാട്ടർമാർക്കോട് കൂടി ചൈനീസ് വിമാനത്താവളത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.
ഉത്തർപ്രദേശിലെ ജെവാർ വിമാനത്താവളമെന്ന പേരിൽ ബിജെപി നേതാക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ചൈനയിലെ ദക്‌സിങ് ഇന്റർ നാഷണൽ എയർപോർട്ടിന്റെ ചിത്രം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടതിന് പിന്നാലെ വിമാനത്താവളത്തിന്റെ പണി പൂർത്തിയായാലുള്ള രൂപമെന്ന നിലയിലാണ് ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും ചൈനയിലെ വിമാനത്താവളത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പൊതുജന സമ്പർക്കത്തിനായുള്ള ഗവൺമെന്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലായ 'MyGovHindi' വാട്ടർമാർക്കോട് കൂടി ചൈനീസ് വിമാനത്താവളത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അബദ്ധം ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്ത് വന്നതോടെ ഫോട്ടോ പിൻവലിക്കുകയായിരുന്നു.
കേന്ദ്ര മന്ത്രിമാരായ അനുരാഗ് ഠാക്കൂർ, പ്രഹ്ലാദ് സിങ് പട്ടേൽ, അന്നപൂർണ ദേവി, അർജുൻ രാം മേഘ്‌വാൾ, യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവരെല്ലാം ചൈനീസ് വിമാനത്താവളത്തിന്റെ ചിത്രമാണ് ട്വീറ്റ് ചെയ്തത്.
സ്റ്റാർ ഫിഷിന്റെ മാതൃകയിലുള്ള വിമാനത്താവളം ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലാണെന്ന് ചൂണ്ടിക്കാട്ടി ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ രംഗത്തെത്തി. 2019ൽ വിമാനത്താവളം ഉദ്ഘാടനം ചെയ്യുമ്പോൾ ബ്ലൂംബർഗ് ക്വിറ്റ് ട്വീറ്റ് ചെയ്ത ചിത്രവും അദ്ദേഹം ഷെയർ ചെയ്തു.
ചൈനയെക്കുറിച്ച് 2019ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ബ്രിട്ടീഷ് മാധ്യമമായ ഗാർഡിയനും ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ആർക്കിടെക്ചർ മാഗസിനായ ദാസീനും 2015ൽ ഈ വിമാനത്താവളത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.
Adjust Story Font
16