Quantcast

വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവർക്ക് വിമാനങ്ങളിൽ യാത്രാവിലക്ക്; കർശന നടപടിക്ക് കേന്ദ്രം

വിമാനത്തിൽ എയർ മാർഷലുകളുടെ എണ്ണം വർധിപ്പിക്കും

MediaOne Logo

Web Desk

  • Published:

    16 Oct 2024 12:59 PM GMT

Nedumbassery Flight
X

ന്യൂഡൽഹി: രാജ്യത്തെ വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി വർധിച്ചതോടെ കടുത്ത നടപടിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. ഭീഷണി ​സന്ദേശവുമായി ഫോൺ വിളിക്കുന്നവരെ വിമാനയാ​ത്രയിൽനിന്ന് വിലക്കുക, കൂടുതൽ എയർ മാർഷലുകളെ ഉൾപ്പെടുത്തുക തുടങ്ങിയ വിവിധ നടപടികളാണ് സർക്കാർ ആലോചിക്കുന്നത്.

വ്യോമയാന മന്ത്രാലയം, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ ബോംബ് ഭീഷണി ചർച്ച ചെയ്യാനായി ​ബുധനാഴ്ച യോഗം ചേർന്നു. വ്യാജ ഭീഷണി ഉയർത്തുന്നവരെ ഉൾപ്പെടുത്തി യാത്രാവിലക്കുകാരുടെ പട്ടിക വിപുലപ്പെടുത്താനുള്ള നടപടി വ്യോമയാന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇന്റലിജൻ്സ് ഏജൻസികളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിമാനത്തിലെ എയർ മാർഷലുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

അന്താരാഷ്ട്ര റൂട്ടുകളിലും ആഭ്യന്തര തലത്തിൽ പ്രശ്നബാധിത റൂട്ടുകളിലും എയർ മാർഷൽമാരായി നാഷനൽ സെക്യൂരിറ്റി ഗാർഡ് കമാൻഡുമാരെ വിന്യസിക്കാറുണ്ട്. വിമാന റാഞ്ചൽ ഉൾപ്പെടെയുള്ള ആക്രമണങ്ങളെ നേരിടാനുള്ള പ്രത്യേക സായുധ വിഭാഗമാണ് എയർ മാർഷൽ. സാധാരണ വേഷത്തിലാകും ഇവർ വിമാനത്തിൽ ഉണ്ടാവുക.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസ് നടത്തുന്ന ഒരു ഡസനോളം വിമാനങ്ങളിലാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ബുധനാഴ്ച അകാശ എയറിന്റെയും ഇൻഡിഗോയുടെയും വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായി. പിന്നീട് ഇത് വ്യാജ സന്ദേശങ്ങളാണെന്ന് മനസ്സിലായി. ഇതിന് പിന്നിലുള്ള കുറ്റവാളികളെ കണ്ടെത്താനായി സൈബർ സുരക്ഷ ഏജൻസികളുമായും പൊലീസുമായും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പ്രവർത്തിക്കുന്നുണ്ട്.

വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റിപ്പോർട്ട് തേടി. വ്യോമയാന മന്ത്രാലയത്തോടാണ് റിപ്പോർട്ട് തേടിയത്. സിഐഎസ്എഫ്, എൻഐഎ, ഐബി എന്നിവരോടും റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. വ്യാജ ഭീഷണി സന്ദേശങ്ങളിൽ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TAGS :

Next Story