Quantcast

500 രൂപാ നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍; ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി

റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍വ് ബാങ്ക് ഓഫ് ഇന്ത്യ' എന്നും എഴുതിയിരിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2024-09-30 04:35:25.0

Published:

30 Sep 2024 4:31 AM GMT

fake currency
X

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി. ഗാന്ധിജിക്ക് പകരം ബോളിവുഡ് നടന്‍ അനുപം ഖേറിന്‍റെ ചിത്രമാണ് നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' എന്നും എഴുതിയിരിക്കുന്നു.

വ്യാജ നോട്ടുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പലരും സംഭവത്തിൽ ഞെട്ടല്‍ പ്രകടിപ്പിക്കുകയും ചിലര്‍ ഇത് തമാശയായി കാണുകയും ചെയ്തു. സംഭവത്തില്‍ അജ്ഞാതർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് അഹമ്മദാബാദ് സിറ്റി പൊലീസ് അറിയിച്ചു. അഹമ്മദാബാദിലെ മനേക് ചൗക്കിൽ ബുള്ളിയൻ സ്ഥാപനം നടത്തുന്ന മെഹുൽ തക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2,100 ഗ്രാം സ്വര്‍ണം വേണമെന്ന ആവശ്യവുമായി പ്രതികള്‍ തക്കറിനെ സമീപിച്ചിരുന്നു. സെപ്തംബർ 24ന് നവരംഗ്പുര ഏരിയയിലെ സിജി റോഡിലെ ഒരു കൊറിയർ സ്ഥാപനത്തിൽ സ്വർണം എത്തിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം തക്കര്‍ സ്വര്‍ണവുമായി തന്‍റെ രണ്ട് ജീവനക്കാരെ ഓഫീസിലേക്ക് അയച്ചു. വിലയായി 1.3 കോടിയുടെ പണമടങ്ങിയ ഒരു പ്ലാസ്റ്റിക് കവര്‍ പ്രതികള്‍ ജീവനക്കാര്‍ക്ക് നല്‍കുകയും ചെയ്തു. നോട്ടെണ്ണല്‍ മെഷീനില്‍ നോട്ടുകള്‍ എണ്ണാനും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ബാക്കിയുള്ള 30 ലക്ഷം രൂപ അടുത്തുള്ള കടയിൽ നിന്ന് എടുത്തുതരാമെന്ന് പറഞ്ഞ് രണ്ട് പ്രതികളും കടയിൽ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാൽ, തക്കറിൻ്റെ ജീവനക്കാർ പ്ലാസ്റ്റിക് കവർ തുറന്നപ്പോള്‍ അതിൽ വ്യാജ നോട്ടുകളാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നവരംഗ്പുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നേരത്തെ, ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ ഒരു ഓൺലൈൻ വസ്ത്ര സ്റ്റോറിൻ്റെ ഓഫീസിൽ പ്രവർത്തിക്കുന്ന ഒരു വ്യാജ കറൻസി നിർമാണ യൂണിറ്റ് റെയ്ഡ് ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നടൻ ഷാഹിദ് കപൂർ അഭിനയിച്ച ഫാർസി എന്ന വെബ് സീരീസിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതികള്‍ വ്യാജനോട്ട് അച്ചടിച്ചത്.

TAGS :

Next Story