Quantcast

ബീഡി വ്യവസായിയുടെ വീട്ടിൽ ഇഡി ചമഞ്ഞ് വ്യാജ റെയ്ഡ്; 30 ലക്ഷം തട്ടി കടന്നുകളഞ്ഞ് ആറംഗ സംഘം

ദക്ഷിണ കന്നഡയിലെ കൊളനാട് സ്വദേശി ഹാജി എൻ സുലൈമാന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്

MediaOne Logo

Web Desk

  • Published:

    5 Jan 2025 12:34 PM GMT

Fake ED gang ‘raids’ beedi businessmans house in Karnatakas Kolnadu from Dakshina Kannada district, flees with Rs 30 lakh in Karnataka, fake ED raid in Karnataka, beedi business man raid
X

ബംഗളൂരു: കർണാടകയിൽ ബീഡി വ്യവസായിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇഡി) ചമഞ്ഞ് റെയ്ഡ് നടത്തി ലക്ഷങ്ങൾ തട്ടി ആറംഗ സംഘം. ദക്ഷിണ കന്നഡയിലെ ബന്ത്‌വാൾ താലൂക്കിലുള്ള കൊളനാട് സ്വദേശി ഹാജി എൻ സുലൈമാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം തട്ടിപ്പുസംഘം എത്തിയത്. സ്ഥലത്ത് റെയ്ഡ് എന്ന പേരിൽ രണ്ടര മണിക്കൂറോളം തങ്ങിയ സംഘം ഒരു മുറിയിൽനിന്ന് കണ്ടെത്തിയ 30 ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മംഗളൂരു സിംഗാരി ബീഡി വർക്ക്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഹാജി സുലൈമാൻ. വെള്ളിയാഴ്ച രാവിലെ 8.10ഓടെയാണ് ആറംഗ സംഘം ഒരു മാരുതി സുസികി എർട്ടിഗയിൽ വീട്ടിലെത്തിയത്. കൂട്ടത്തിൽ ഒരാൾ ഇഡി ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തി സെർച്ച് വാറന്റ് കാണിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന അഞ്ച് മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു.

വീടിന്റെ മുൻവാതിലും പിൻവാതിലുമെല്ലാം അടയ്ക്കുകയും വീട്ടുകാർ പുറത്തിറങ്ങുന്നതു തടയുകയും ചെയ്തു. സുലൈമാന്റെ മുറിയിൽ കടന്നും പരിശോധന തുടർന്ന സംഘം അലമാരയിൽ സൂക്ഷിച്ചിരുന്ന 30 ലക്ഷം രൂപ പിടിച്ചെടുത്തു. ഇത്രയും തുക കൈയിൽ വയ്ക്കുന്നതു നിയമവിരുദ്ധമാണെന്ന് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുലൈമാനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുമെന്നും പറഞ്ഞു. മുറിയിൽനിന്ന് സ്വർണാഭരണങ്ങളും ലഭിച്ചെങ്കിലും അൽപ നേരം ചർച്ച ചെയ്ത ശേഷം ഇവ തിരികെ നൽകുകയായിരുന്നു.

2.30 മണിക്കൂർ നീണ്ട 'റെയ്ഡ്' പൂർത്തിയാക്കി വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ പണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഹാജി സുലൈമാനോട് സംഘം ആവശ്യപ്പെട്ടു. ബംഗളൂരുവിലെ ഇഡി ഓഫീസിലെത്തി രേഖകൾ നൽകാനായിരുന്നു ഇവർ നിർദേശിച്ചത്. 30 ലക്ഷം രൂപയും നേരത്തെ പിടിച്ചെടുത്ത മൊബൈൽ ഫോണുകളുമായി സംഘം 11 മണിയോടെ സ്ഥലം കാലിയാക്കുകയും ചെയ്തു. ഇവരെ ഹാജി സുലൈമാൻ കാറിലും മകൻ മുഹമ്മദ് ഇഖ്ബാൽ ബൈക്കിലും പിന്തുടർന്നെങ്കിലും അൽപദൂരം കഴിഞ്ഞ് ഇവർ മറ്റൊരു വഴിയിലൂടെ വെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

ഇതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ഇവർ തിരിച്ചറിയുന്നത്. പിന്നാലെ മകൻ മുഹമ്മദ് ഇഖ്ബാൽ വിട്ടൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബിഎൻഎസ് 319(2)(ആൾമാറാട്ടത്തിലൂടെയുള്ള തട്ടിപ്പ്), 318(കബളിപ്പിക്കൽ), ഉൾപ്പെടെയുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡ എസ്പി യതീഷ് എന്നിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹാജി സുലൈമാന്റെ വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.

Summary: Fake ED gang ‘raids’ beedi businessman's house in Karnataka's Kolnadu from Dakshina Kannada district, flees with Rs 30 lakh in Karnataka

TAGS :

Next Story