Quantcast

പഞ്ചാബ് സർക്കാർ സഹായധനം നിരസിച്ച് കൊല്ലപ്പെട്ട കർഷകന്റെ കുടുംബം

പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരമാണ് കുടുംബം നിരസിച്ചത്

MediaOne Logo

Web Desk

  • Published:

    23 Feb 2024 11:50 AM GMT

Family of Shubhkaran Singh, who was killed during the farmers strike, has rejected the aid announced by the Punjab government.
X

ന്യൂഡൽഹി:കർഷക സമരത്തിനിടെ കൊല്ലപ്പെട്ട 21കാരനായ കർഷകൻ ശുഭ്കരൺ സിംഗിന്റെ കുടുംബം പഞ്ചാബ് സർക്കാർ പ്രഖ്യപിച്ച സഹായധനം നിരസിച്ചു. സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരമാണ് കുടുംബം നിരസിച്ചത്. മകന് നീതിയാണ് വേണ്ടതെന്നും അതിന് പകരം വെക്കാൻ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്ന് പറഞ്ഞാണ് കുടുംബത്തിന്റെ നീക്കം. മരണം നടന്ന് 48 മണിക്കൂർ പിന്നിടുമ്പോൾ സംഭവത്തിൽ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് കുടുംബത്തിന്റെ പ്രതിഷേധം. കുടുംബം ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ ഒന്ന് മാത്രമായിരുന്നു സഹായധനം. കുറ്റവാളികളെ പിടികൂടുമെന്ന് അവകാശപ്പെടുന്ന പഞ്ചാബ് സർക്കാർ എന്തുകൊണ്ടാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നാണ് കർഷക സംഘടനകൾ ചോദിക്കുന്നത്. അതേസമയം, കുറ്റവാളികളെ ശിക്ഷിക്കുന്നത് വരെ യുവാവിന്റെ പോസ്റ്റ്മോർട്ടം നടത്തില്ലെന്ന് കർഷക സംഘടന നേതാക്കൾ അറിയിച്ചു.

ഹരിയാന-പഞ്ചാബ് അതിർത്തിയായ ഖനൗരിൽ വെച്ചാണ് ശുഭ്കരൺ സിംഗ് ഹരിയാന പൊലീസ് നടപടിക്കിടെ ബുധനാഴ്ച കൊല്ലപ്പെട്ടത്. യുവകർഷകൻ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ് കർഷക സംഘടനകൾ. രണ്ട് ദിവസത്തേക്ക് അതിർത്തിയിൽ നിർത്തിവെച്ച ഡൽഹി ചലോ മാർച്ചിന്റെ അടുത്ത ഘട്ടം ഇന്ന് കർഷക നേതാക്കൾ പ്രഖ്യാപിക്കും. പ്രതിഷേധത്തിനൊടുവിലാണ് മരിച്ച കർഷകന്റെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചത്.

തലയ്ക്ക് വെടിയേറ്റ് മരിച്ച കർഷകനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും കുടുംബത്തിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന ഉറപ്പോടെയാണ് മരിച്ച കർഷകന്റെ സഹോദരിക്ക് സർക്കാർ ജോലിയും കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചത്.

കുറ്റക്കാരായ ഹരിയാന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ പഞ്ചാബ് സർക്കാർ നടപടി എടുക്കുന്നില്ലെന്ന് കർഷക സംഘടനകൾ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, പൊതുമുതൽ നശിപ്പിച്ചെന്ന് ആരോപിച്ച് കർഷക സംഘടനാ നേതാക്കൾക്ക് എതിരെ രാജ്യ സുരക്ഷാ നിയമപ്രകാരം കേസ് എടുക്കാനുള്ള തീരുമാനം ഹരിയാന പോലീസ് പിൻവലിച്ചു.

സ്വത്തുവകകൾക്ക് സംഭവിക്കുന്ന നഷ്ടം കർഷക നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി നികത്താനാണ് ഹരിയാന പോലീസ് ആലോചിച്ചിരുന്നത്. സംയുക്ത കിസാൻ മോർച്ച കൂടി സമര രംഗത്ത് എത്തുന്നതോടെ കർഷക പ്രക്ഷോഭം കൂടുതൽ ശക്തി പ്രാപിക്കും. ഇന്ന് വൈകീട്ട് നടക്കുന്ന യോഗത്തിനു ശേഷം ഡൽഹി ചലോ മാർച്ചിന്റെ അടുത്ത ഘട്ടം കർഷക സംഘടനകൾ പ്രഖ്യാപിക്കും.



TAGS :

Next Story