കൽഭിത്തി തുറന്നതും ഞെട്ടി; മുംബൈ ആശുപത്രിക്ക് താഴെ 132 വര്‍ഷം പഴക്കമുള്ള തുരങ്കം!
വെള്ളം ചോര്‍ന്നുപോകുന്നതില്‍ നടത്തിയ അന്വേഷണമാണ് തുരങ്കം കണ്ടുപിടിക്കുന്നതില്‍ എത്തിച്ചേര്‍ന്നത്
മുംബൈ: സർക്കാർ നിയന്ത്രണത്തിലുള്ള ജെ.ജെ ആശുപത്രിയില്‍ 132 വർഷം പഴക്കമുള്ള തുരങ്കം കണ്ടെത്തി. 200 മീറ്റര്‍ നീളമുള്ള തുരങ്ക പാത ആശുപത്രിയിലെ നഴ്സിങ് വാര്‍ഡിന് താഴെയാണ് കണ്ടെത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സര്‍ ഡിന്‍ഷോ മനോക് ജീ പെറ്റിറ്റ് ആശുപത്രിയായിരുന്നു ഇവിടം ആദ്യം. വെള്ളം ചോര്‍ന്നുപോകുന്നതില്‍ നടത്തിയ അന്വേഷണമാണ് തുരങ്കം കണ്ടുപിടിക്കുന്നതില്‍ എത്തിച്ചേര്‍ന്നത്.
1890 ജനുവരി 27-ന് അന്നത്തെ ബോംബെ ഗവർണറായിരുന്ന ലോർഡ് റേയാണ് ബ്രിട്ടീഷ് പൈതൃക കെട്ടിടത്തിന്‍റെ തറക്കല്ലിട്ടത്. കെട്ടിടം പൈതൃക നിർമിതിയായതിനാൽ സംഭവം മുംബൈ കലക്ടറെയും മഹാരാഷ്ട്ര പുരാവസ്തു വകുപ്പിനെയും അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി ഡീൻ ഡോ.പല്ലവി സാപ്ലെ പറഞ്ഞു. തുരങ്കത്തിന് 4.5 അടി ഉയരമുണ്ടെന്നും നിരവധി ഇഷ്ടിക തൂണുകളുമുണ്ടെന്നും മെഡിക്കല്‍ സൂപ്പര്‍ ഇന്‍ഡന്‍ന്‍റ് ഡോ.അരുണ്‍ റാത്തോഡ് പറഞ്ഞു. പ്രവേശന കവാടം ഒരു കൽഭിത്തി കൊണ്ട് അടച്ചിരിക്കുകയായിരുന്നു. അടച്ചിട്ട വെന്‍റിലേഷന്‍ തുറന്നാണ് അധികൃതര്‍ തുരങ്കത്തിലേക്ക് പ്രവേശിച്ചത്.
അതെ സമയം തുരങ്കത്തിന് സമീപമുള്ള മറ്റൊരു ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ച കെട്ടിടത്തിന് സമാനമായ ഘടനയുള്ളതായും ഇത് പരിശോധിക്കേണ്ടിയിരിക്കുന്നതായും ഡോ. റാത്തോഡ് പറഞ്ഞു. രണ്ടു കെട്ടിടങ്ങളും തമ്മില്‍ കൂട്ടിമുട്ടിച്ചിരുന്നത് ഈ തുരങ്ക പാതയാണെന്നാണ് അധികൃതര്‍ അനുമാനിക്കുന്നത്. ആർക്കിടെക്ചറൽ എക്സിക്യൂട്ടീവ് ആയിരുന്ന ജോൺ ആഡംസ് രൂപകൽപന ചെയ്ത തുരങ്കം 1892 മാർച്ച് 15 നാണ് ഉദ്ഘാടനം ചെയ്തത്. 1,19,351 രൂപയാണ് അന്ന് കെട്ടിട നിര്‍മാണത്തിനായത്. ജെ.ജെ. ആശുപത്രി ക്യാമ്പസ് കേന്ദ്രീകരിച്ച് നിരവധി ബ്രിട്ടീഷ് കാല കെട്ടിടങ്ങളാണ് നിലനില്‍ക്കുന്നത്.
Adjust Story Font
16