'കർഷകരാണ് രാജ്യത്തിൻ്റെ നട്ടെല്ല്' : പരന്തൂർ സമരക്കാരെ കണ്ട് വിജയ്
പരന്തൂരിലെ പദ്ധതി ഉപേക്ഷിക്കണമെന്നും സംസ്ഥാന-കേന്ദ്ര സർക്കാരുകളോട് വിജയ് അഭ്യർത്ഥിച്ചു.

ചെന്നൈ: പരന്തൂർ വിമാനത്താവള വിരുദ്ധ പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. താൻ പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്നും കര്‍ഷകരാണ് രാജ്യത്തിന്റെ നട്ടല്ലെന്നും വിജയ് വ്യക്തമാക്കി.
പരന്തൂർ വിമാനത്താവള പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുനഃപരിശോധിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. ഡിഎംകെയുടെ ഇരട്ട നിലപാടിനെയും അദ്ദേഹം വിമർശിച്ചു.
'' മധുരയ്ക്കടുത്തുള്ള അരിട്ടപ്പട്ടി ഗ്രാമത്തിലെ ടങ്സ്റ്റൺ ഖനനത്തെ എതിർക്കുമ്പോൾ, സമാനമായ പാരിസ്ഥിതിക ആഘാതങ്ങളുള്ള പരന്തൂർ വിമാനത്താവള പദ്ധതിയെ പിന്തുണയ്ക്കുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ കർഷകരെ പിന്തുണയ്ക്കുകയും എന്നാൽ ഭരണത്തിൽ ഇരിക്കുമ്പോൾ കർഷകരെ തഴയുകയും ചെയ്യുന്നു''- ഡിഎംകെയെ കുറ്റപ്പെടുത്തി വിജയ് പറഞ്ഞു.
കൃഷിഭൂമി സംരക്ഷിക്കാൻ പോരാടുന്ന പറന്തൂരിൽ നിന്നാണ് തൻ്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിജയിയുടെ ഐക്യദാർഢ്യത്തിൽ പ്രതീക്ഷയുണ്ടെന്നാണ് കർഷസംഘം പങ്കുവെച്ചത്.
ചെന്നൈയിൽ രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കാനുള്ള നിർദേശം 2022 ഓഗസ്റ്റിൽ അംഗീകരിച്ചതുമുതൽ 13 ഗ്രാമങ്ങളിലെ താമസക്കാർ പാരിസ്ഥിതികവും തൊഴിൽപരവുമായ ആശങ്കകൾ പ്രകടിപ്പിച്ച് പ്രക്ഷോഭം നടത്തിവരികയാണ്. വിമാനത്താവളത്തിനായി 5,100 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ആയിരം ദിവസത്തോളമായി തുടരുകയാണ്.
Adjust Story Font
16