ട്രാക്ടർ റാലി മാറ്റിവെച്ചു, അതിർത്തിയിലെ സമരം തുടരും: സംയുക്ത കിസാൻ മോർച്ച
മിനിമം താങ്ങുവില, മരിച്ച കർഷകരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം, സമരത്തിൽ ഉൾപ്പെട്ട കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക തുടങ്ങി ആറ് ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംയുക്ത കിസാൻ മോർച്ച പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
കർഷക സംഘടനകൾ നവംബർ 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചു. സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിലാണ് തീരുമാനം. പാർലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ കാർഷിക നിയമം പിൻവലിക്കുന്ന നടപടികളിലേക്ക് കേന്ദ്രം കടക്കുന്ന സാഹചര്യത്തിലാണ് ട്രാക്ടർ റാലി വേണ്ടെന്ന് തീരുമാനിച്ചത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കർഷക സംഘടന നൽകിയ കത്തിന് ഇതുവരെ മറുപടി ഉണ്ടായില്ല. ചർച്ചക്കും വിളിച്ചിട്ടില്ല. ഇതിനെതിരെയുള്ള പ്രതിഷേധവും യോഗത്തിൽ ഉയർന്നു. ബിൽ അവതരിപ്പിച്ചതിന് ശേഷവും കേന്ദ്രം ചർച്ചക്ക് വിളിച്ചില്ലെങ്കിൽ ഡിസംബർ നാലിന് ചേരുന്ന യോഗത്തിൽ കൂടുതൽ സമര പരിപാടികൾ ആസൂത്രണം ചെയ്യാനും യോഗത്തിൽ തീരുമാനമായി. മിനിമം താങ്ങുവില, മരിച്ച കർഷകരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സമരത്തിൽ ഉൾപ്പെട്ട കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക തുടങ്ങി ആറ് ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംയുക്ത കിസാൻ മോർച്ച പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.
കത്തിന് മറുപടി നൽകുകയോ ചർച്ചക്ക് തയ്യാറാകുന്ന സമീപനമോ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കേന്ദ്രം ഏകപക്ഷിയമായി നിലപാട് എടുക്കുന്നത് ശരിയല്ല. പ്രധാനമന്ത്രിയും കൃഷി മന്ത്രിയും കർഷകരുടെ ഐക്യത്തെ തകർക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.
Adjust Story Font
16