കൂടുതല്‍ കരുത്തോടെ കര്‍ഷകര്‍: പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിൽ മഹാപഞ്ചായത്ത് നടത്തും
മുസഫർ നഗറിന് പിന്നാലെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ മഹാപഞ്ചായത്ത് നടത്താനൊരുങ്ങിയിരിക്കുകയാണ് കർഷക സംഘടനകൾ
കാർഷിക നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള കർഷകരുടെ പ്രതിഷേധം ശക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിൽ മഹാപഞ്ചായത്ത് നടത്താനൊരുങ്ങിയിരിക്കുകയാണ് കർഷക സംഘടനകൾ. കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് ആർഎസ്എസ് അനുകൂല സംഘടനയായ ഭാരതീയ കിസാൻ സംഘിന്റെ പ്രതിഷേധം ഡൽഹി ജന്തർ മന്തറിലും ജില്ലാ കേന്ദ്രങ്ങളിലും ആരംഭിച്ചു.
മുസഫർ നഗറിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വരണാസിയിൽ മഹാപഞ്ചായത്ത് നടത്താന്‍ കർഷക സംഘടനകൾ തീരുമാനിച്ചത്. മഹാപഞ്ചായത്തിന്‍റെ തിയ്യതി അടുത്ത മാസം ചേരുന്ന സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ തീരുമാനിക്കും. രാജസ്ഥാനിലേക്കും ഛത്തീസ്ഗഡിലേക്കും സമരം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കർഷകർക്കെതിരെയുള്ള പൊലീസ് നടപടിയ്ക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തില്‍ ധർണ തുടരുകയാണ്.
അതിനിടെ ഭാരതീയ കിസാൻ സംഘ് ഡൽഹി ഘടകത്തിന്‍റെ നേതൃത്വത്തിൽ ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചു. 600 ജില്ലാ കേന്ദ്രങ്ങളിലും കർഷകരുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം നടന്നു. ഭാരതീയ കിസാൻ സംഘത്തിനെ വിശ്വസിക്കാനാകില്ലെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ നിലപാട്.
Adjust Story Font
16