കർഷകര്‍ മൂന്നാം ഘട്ട സമരത്തിന്: സെപ്തംബർ അഞ്ചിന് യു.പിയില്‍ മഹാപഞ്ചായത്ത് ചേരും
സെപ്തംബർ 25ന് ഭാരത് ബന്ദിനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം ഘട്ട സമരം ആരംഭിക്കാനൊരുങ്ങി കർഷക സംഘടനകൾ. സെപ്തംബർ അഞ്ചിന് മുസാഫർ നഗറിൽ കർഷകരെ പങ്കെടുപ്പിച്ച് മഹാപഞ്ചായത്ത് ചേരും. സെപ്തംബർ 25ന് ഭാരത് ബന്ദിനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഹരിയാനയിലെ കർണാലിൽ കർഷകര്‍ക്ക് നേരെ പൊലീസ് ലാത്തിചാർജ് ഉണ്ടായതിന് പിന്നാലെയാണ് മൂന്നാം ഘട്ട സമരം ആരംഭിക്കാൻ കർഷക സംഘടനകൾ ഒരുങ്ങുന്നത്. ഞായറാഴ്ച മുസാഫർനഗറിൽ ലക്ഷക്കണക്കിന് കർഷകരെ അണിനിരത്തി മഹാപഞ്ചായത്ത് നടത്തും. രാജ്യത്തെ മുഴുവൻ കർഷക സംഘടനാ നേതാക്കളും മഹാപഞ്ചായത്തിൽ പങ്കെടുക്കും. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞടുപ്പ് വരാനിരിക്കെ സമ്മര്‍ദം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
സെപ്‌തംബർ 26ന് ഡൽഹി കേന്ദ്രീകരിച്ചുള്ള കർഷകസമരം 10 മാസം പിന്നിട്ടു. 2020 നവംബർ 26ന് സമരം ആരംഭിച്ചശേഷം കർഷകസംഘടനകളുടെ മൂന്നാമത് ഭാരത് ബന്ദാണ് സെപ്തംബര്‍ 25ന് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ ഡിസംബർ എട്ടിനും മാർച്ച് 26നും കർഷകർ ഭാരത് ബന്ദ് നടത്തി പ്രതിഷേധിച്ചിരുന്നു. ഹരിയാനയിൽ പൊലീസ് ലാത്തിചാർജിൽ മരിച്ച സുശീലിന്‍റെ കുടുംബത്തിന് സഹായം നൽകണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു.
Adjust Story Font
16