വലിയ വിപ്ലവം വരാൻ പോകുന്നു; ഡൽഹിയിൽ അടുത്തമാസം ട്രാക്ടർ റാലി നടത്തുമെന്ന് രാകേഷ് ടികായത്ത്

വലിയ വിപ്ലവം വരാൻ പോകുന്നു; ഡൽഹിയിൽ അടുത്തമാസം ട്രാക്ടർ റാലി നടത്തുമെന്ന് രാകേഷ് ടികായത്ത്

ജൂലൈ ഒമ്പതിനാണ് ഒന്നാമത്തെ ട്രാക്ടർ റാലി ആരംഭിക്കുക

MediaOne Logo

Web Desk

  • Published:

    26 Jun 2021 3:57 PM

വലിയ വിപ്ലവം വരാൻ പോകുന്നു; ഡൽഹിയിൽ അടുത്തമാസം ട്രാക്ടർ റാലി നടത്തുമെന്ന് രാകേഷ് ടികായത്ത്
X

ഡൽഹിയിൽ അടുത്തമാസം കർഷകരുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടത്തുമെന്ന് അറിയിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ് (ബി.കെ.യു) രാകേഷ് ടികായത്ത്. വലിയ വിപ്ലവം വരാൻ പോകുന്നുവെന്നാണ് രാകേഷ് ടികായത്ത് ട്രാക്ടർ റാലിയെ വിശേഷിപ്പിച്ചത്.

ഇന്ന് ഛത്തീസ്ഖഢിൽ നടന്ന കർഷക മാർച്ചിന് പിന്നാലെയാണ് രാകേഷിന്‍റെ പ്രതികരണം. അടുത്തു തന്നെ തങ്ങളുടെ അടുത്ത ഘട്ടത്തിലുള്ള സമരത്തെ നേരിടാൻ തയ്യാറായിരിക്കാൻ കേന്ദ്ര സർക്കാരിനോട് അദ്ദേഹം പറഞ്ഞു. ട്രാക്ടറുകളില്ലാതെ ഡൽഹിക്ക് തങ്ങളുടെ സമരത്തെ മനസിലാകില്ല അതുകൊണ്ട് അടുത്ത വലിയ വിപ്ലവത്തിന് സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ ഒമ്പതിനാണ് ഒന്നാം ട്രാക്ടർ റാലി ആരംഭിക്കുക. പത്തിന് സിംഗു അതിർത്തിയിൽ പ്രവേശിക്കും.

മറ്റൊരു റാലി ജൂലൈ 24 ന് ആരംഭിച്ച് 25 ന് ഡൽഹി അതിർത്തിയിലെത്തും.

അതേസമയം ചണ്ഡീസ്ഗഢിൽ ഇന്ന് നടന്ന കർഷക മാർച്ചിൽ സംഘർഷം. മൊഹാലി-ചണ്ഡീഗഢ് അതിർത്തിയിലാണ് സംഭവം. കേന്ദ്ര ഭരണപ്രദേശം വഴി പഞ്ചാബ് രാജ്ഭവനിലേക്ക് നടന്ന മാർച്ചിൽ കർഷകർ പൊലീസ് ബാരിക്കേഡുകൾ തകർത്തു. ഇതേതുടർന്ന് മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരായ പ്രക്ഷോഭം എട്ടാം മാസത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരപരിപാടികൾ നടന്നുവരികയാണ്.

പഞ്ചാബ് ഗവർണറായ വിപി സിങ് ബദ്നോറിന്റെ ഔദ്യോഗിക വസതിയിൽനിന്ന് രണ്ട് കി.മീറ്റർ അകലെ മധ്യമാർഗിൽ കർഷക മാർച്ച് പൊലീസ് തടയുകയായിരുന്നു. ഇതേതുടർന്ന് പൊലീസും സമരക്കാരും തമ്മിൽ കൈയേറ്റമുണ്ടായി. ഇതിനിടെ കർഷകർ ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു.

ഇതേസമയത്ത് ഹരിയാനയിൽനിന്ന് തലസ്ഥാനമായ ചണ്ഡീഗഢിലേക്കു പുറപ്പെട്ട കർഷകസംഘത്തെ പൊലീസ് തടഞ്ഞു. ചണ്ഡീഗഢ് അതിർത്തിയിലാണ് പൊലീസ് കർഷകരെ തടഞ്ഞത്. കർഷകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നേരത്തെ, ചണ്ഡീഗഢ് പൊലീസ് നഗരത്തിലേക്കുള്ള 13 പ്രവേശന മാർഗങ്ങൾ അടച്ചിരുന്നു. എന്നാൽ, ട്രാക്ടറുകളുടെ സഹായത്തോടെ കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചിരുന്നു.

അതിനിടെ, കർഷകനേതാവ് രാകേഷ് ടികായത്തിനെ അറസ്റ്റ് ചെയ്തതായുള്ള വാർത്ത തള്ളി ഡൽഹി പൊലീസ്. ഭാരതീയ കിസാൻ യൂനിയൻ നേതാവും കർഷക പ്രക്ഷോഭത്തിന്റെ മുൻനിര നായകനുമായ ടികായത്ത് അറസ്റ്റിലായതായി പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായാണ് ഡൽഹി പൊലീസ് രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയാണ് ഡൽഹി(ഈസ്റ്റ്) ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പ്രിയങ്ക കശ്യപ് അറസ്റ്റ് പ്രചരണങ്ങൾ തള്ളിക്കളഞ്ഞത്. രാകേഷ് ടികായത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്ത തെറ്റാണ്. ഇത്തരം വ്യാജവാർത്തകളിൽനിന്നും ട്വീറ്റുകളിൽനിന്നും വിട്ടുനിൽക്കണമെന്ന് പ്രിയങ്ക കശ്യപ് ട്വീറ്റ് ചെയ്തു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.

TAGS :

Next Story