കർഷക സമരം അവസാനിപ്പിക്കുന്നതിൽ ഇന്ന് തീരുമാനം; സംയുക്ത കിസാൻ മോർച്ച യോഗം സിംഗുവിൽ ചേരും
അതിർത്തികൾ അടച്ചുള്ള സമരം അവസാനിപ്പിക്കാനാണ് ആലോചന
ഡൽഹി അതിർത്തികൾ ഉപരോധിച്ചുള്ള കർഷക സമരം അവസാനിപ്പിക്കുന്നതിൽ സംയുക്ത കിസാൻ മോർച്ച ഇന്ന് തീരുമാനമെടുക്കും. ഉച്ചയ്ക്ക് രണ്ടിന് സിംഗുവിലാണ് യോഗം. കേന്ദ്രസർക്കാറിന് മുന്നിൽ വെച്ച പ്രധാനപെട്ട ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെയാണ് അതിർത്തികൾ അടച്ചു കൊണ്ടുള്ള സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകൾ ആലോചിക്കുന്നത്.
കര്‍ഷകർ മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളില്‍ അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങളിലാണ് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയത്. മിനിമം താങ്ങുവിലക്ക് നിയമപരമായ ഗാരന്റി നൽകുക, വൈദ്യുതി നിയമത്തിന്റെ കരട് പിൻവലിക്കുക, വായുമലിനീകരണത്തിന്റെ പേരിൽ കർഷകർക്ക് പിഴ ചുമത്തുന്നത് പിൻവലിക്കുക, 2020 ജൂൺ മുതൽ ഇതുവരെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക, ലഖിംപുർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുക, സമരത്തിൽ രക്തസാക്ഷികളായ 700ലേറെ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക, അവർക്ക് രക്തസാക്ഷി സ്മാരകത്തിന് സിംഘു അതിർത്തിൽ സ്ഥലം അനുവദിക്കുക എന്നിവയാണ് ആവശ്യങ്ങൾ.
മിനിമം താങ്ങുവിലക്ക് നിയമസാധുത നൽകുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സർക്കാർ അറിയിച്ച പ്രധാന നയംമാറ്റം. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരും കാർഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സർക്കാർ വ്യക്തമാക്കി.
സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസ് പിൻവലിക്കൂ എന്ന സർക്കാർ നിലപാടിൽ കർഷക സംഘടനകൾ അതൃപ്തി അറിയിച്ചിട്ടുണ്ട്. രണ്ടും ഒരുമിച്ച് മതിയെന്ന നിലപാടാണ് സംയുക്ത കിസാൻ മോർച്ച കഴിഞ്ഞ ദിവസം സ്വീകരിച്ചത്. കർഷകസമരത്തിൽ മരിച്ചവർക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകിയ പഞ്ചാബ് സർക്കാറിന്റെ മാതൃകയിൽ ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകൾ നഷ്ടപരിഹാരം നൽകണമെന്നത് തത്ത്വത്തിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നാണ് കർഷക നേതാക്കൾ പറയുന്നത്.
Adjust Story Font
16