Quantcast

രാജ്യവ്യാപകമായി മോദിയുടെയും അമിത്ഷായുടെയും കോലം കത്തിക്കും; പ്രതിഷേധം കടുപ്പിച്ച് കർഷകർ

18ന് രാജ്യത്തുടനീളം ട്രെയിനുകൾ തടയും. ഉത്തർപ്രദേശിലെ യോഗി സർക്കാരിനെതിരെ ജനരോഷം ഇളക്കാനായി ലഖ്‌നൗവിൽ 26ന് കര്‍ഷക മഹാപഞ്ചായത്തും സംഘടിപ്പിക്കും

MediaOne Logo

Web Desk

  • Updated:

    2021-10-09 16:59:09.0

Published:

9 Oct 2021 12:38 PM GMT

രാജ്യവ്യാപകമായി മോദിയുടെയും അമിത്ഷായുടെയും കോലം കത്തിക്കും; പ്രതിഷേധം കടുപ്പിച്ച് കർഷകർ
X

ലഖിംപൂർഖേരി കർഷകക്കൊലയിൽ ബിജെപി സർക്കാരുകൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷകർ. അഞ്ചിന സമരപരിപാടികളുമായി രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് സംയുക്ത കിസാൻ മോർച്ച തീരുമാനം. കർഷകകൊലയിൽ കുറ്റാരോപിതരായ കേന്ദ്രമന്ത്രി അജയ് മിശ്രയെ ഉടൻ പുറത്താക്കണമെന്നും മകൻ ആശിഷിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മോദി-യോഗി സർക്കാരുകളെ ലക്ഷ്യമിട്ട് കർഷകരുടെ സമരം ശക്തമാക്കുന്നത്.

ചൊവ്വാഴ്ച കർഷക രക്തസാക്ഷിത്വദിനമായി ആചരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകർ ഈ ദിവസം ലഖിംപൂർഖേരിയിലെത്തി പ്രതിഷേധത്തിന്റെ ഭാഗമാകും. 15ന് ദസറദിനത്തില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ കോലം കത്തിക്കും.

18ന് രാജ്യത്തുടനീളം ട്രെയിനുകൾ തടയാനും പദ്ധതിയുണ്ട്. ബിജെപിയുടെ കർഷകദ്രോഹ നയങ്ങളെക്കുറിച്ച് ദേശവ്യാപകമായി പ്രതിഷേധമുയർത്തുകയാണ് ഇതുവഴി കിസാൻ മോർച്ച ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശിൽ സർക്കാരിനെതിരെ ജനരോഷം ഇളക്കാനായി ലഖ്‌നൗവിൽ 26ന് മഹാപഞ്ചായത്തും സംഘടിപ്പിക്കുമെന്ന് കിസാൻ മോർച്ച അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ സമാധാനപരമായി നടന്ന കർഷകപ്രതിഷേധത്തിനുനേരെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ എസ്‌യുവി കാർ ഇടിച്ചുകയറ്റിയത്. സംഭവത്തിൽ നാല് കർഷകരടക്കം എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ആശിഷ് മിശ്രയാണ് വാഹനമോടിച്ചതെന്നാണ് കർഷകർ ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് ആശിഷ് ഇന്ന് യുപി പൊലീസിനുമുൻപാകെ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. വാഹനത്തിൽ താനുണ്ടായിരുന്നില്ലെന്നാണ് ആശിഷ് പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. വാഹനം വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തെന്നും സംഭവം നടന്ന ദിവസം ടിക്കുനിയയിൽ ഇല്ലായിരുന്നുവെന്നും അറിയിച്ച ആശിഷ് മിശ്ര തെളിവായി വിഡിയോയും സമർപ്പിച്ചിട്ടുണ്ട്. ആ ദിവസം സ്വന്തം നാടായ ബൻവീർപൂറിലായിരുന്നുവെന്നും ആശിഷ് മിശ്ര ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

കൊലപാതകം ഉൾപ്പെടെ എട്ട് വകുപ്പുകൾ ചേർത്താണ് ആശിഷ് മിശ്രക്കെതിരെ കേസെടുത്തിരുന്നത്. ഇന്ന് രാവിലെ മുതൽ ലഖിംപൂർഖേരി പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ഹാജരാകാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും ആശിഷ് എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ലഖിംപൂർ പൊലീസ് ആശിഷിന്റെ വീട്ടിൽ നോട്ടീസ് പതിച്ചത്.

കർഷകകൊലപാതകവുമായി ബന്ധപ്പെട്ട് യുപി സർക്കാരിനെ ഇന്നലെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആശിഷ് മിശ്ര ചോദ്യംചെയ്യലിന് തയാറായത്. കേസിൽ രണ്ടുപേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

TAGS :

Next Story