'മുസ്‌ലിം വോട്ട് തട്ടാൻ ബി.ജെ.പി എന്തൊക്കെ ചെയ്യുമെന്ന് അല്ലാഹുവിനേ അറിയൂ'; ജാഗ്രത വേണമെന്ന് ഫാറൂഖ് അബ്ദുല്ല
''ഇത് റോഡിന്റെയോ വെള്ളത്തിന്റെയോ വികസനത്തിന്റെയോ കാര്യമല്ല. നിങ്ങളുടെ നിലനിൽപ്പിന്റെ തന്നെ പ്രശ്‌നമാണ്. നിങ്ങൾ ഉണർന്നില്ലെങ്കിൽ പിന്നീട് ഒന്നും ചെയ്യാനാകില്ല.''
ശ്രീനഗർ: തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാൻ ബി.ജെ.പി നീക്കമുണ്ടാകുമെന്നും ജാഗ്രത വേണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. കശ്മീരിലെ മുസ്‌ലിം വോട്ടർമാരോടാണ് ഉപദേശം. അവരെ പിന്തുണച്ചാൽ നിങ്ങളുടെ അസ്ഥിത്വം തന്നെയാകും തുടച്ചുനീക്കപ്പെടുകയെന്നും ഗുജ്ജാർ സമുദായത്തോട് ഫാറൂഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.
ഷേറെ കശ്മീർ ഭവനിൽ നടന്ന ഗുജ്ജാർ-ബകർവാൾ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീനഗർ എം.പി കൂടിയായ ഫാറൂഖ് അബ്ദുല്ല. ''തെരഞ്ഞെടുപ്പാണു വരുന്നത്. മുസ്‌ലിം വോട്ട് തട്ടാൻ ബി.ജെ.പി എന്തൊക്കെ ചെയ്യുമെന്ന് അല്ലാഹുവിനു മാത്രമേ അറിയൂ. ഹിന്ദുക്കളെ രാമക്ഷേത്രം ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്നു. അപ്പോൾ എന്താണു ചെയ്യേണ്ടതെന്നു നിങ്ങൾ തീരുമാനിക്കണം.''-അദ്ദേഹം ആവശ്യപ്പെട്ടു.
അവരെ പിന്തുണച്ചാൽ നിങ്ങളുടെ നിലനിൽപ്പ് തന്നെയായിരിക്കും ഇല്ലാതാകുകയെന്നും ഫാറൂഖ് അബ്ദുല്ല ഓർമിപ്പിച്ചു. നമ്മെ പാകിസ്താനികളായി പരിഗണച്ചിരുന്ന ഹിന്ദുക്കളെയെല്ലാം ബി.ജെ.പി വശീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജ്ജാർ, ബകർവാൾ ഉൾപ്പെടെയുള്ള പിന്നാക്കക്കാർക്കായി നാഷനൽ കോൺഫറൻസ് സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ സംസാരം. പലതരത്തിൽ വെല്ലുവിളികൾ നേരിടുന്ന സമുദായങ്ങളെല്ലാം ബി.ജെ.പിക്കെതിരെ ഒന്നിക്കണമെന്നും നാഷനൽ കോൺഫറൻസ് നേതാവ് ആഹ്വാനം ചെയ്തു.
''ഇത് റോഡിന്റെയോ വെള്ളത്തിന്റെയോ വികസനത്തിന്റെയോ കാര്യമല്ല. നിങ്ങളുടെ നിലനിൽപ്പിന്റെ തന്നെ പ്രശ്‌നമാണ്. നിങ്ങൾ ഉണർന്നില്ലെങ്കിൽ പിന്നീട് ഒന്നും ചെയ്യാനാകില്ല. നമ്മുടെ നിലനിൽപ്പ് ഭീഷണിയിലാണ്. പടച്ചവന്‍ വിചാരിക്കാതെ ഒരാൾക്കും നിങ്ങളെ കൊല്ലാനാകില്ല. അതുകൊണ്ട് പേടിക്കേണ്ട ആവശ്യമില്ല.''
ഫലസ്തീനിലെ സംഭവങ്ങളെയും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ''ഫലസ്തീനിൽ എന്താണു നടക്കുന്നത്? സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഡോക്ടർമാരും ഉൾപ്പെടെ 25,000ത്തിലേറെ മനുഷ്യരും അവരുടെ വീടുകളും ബോംബാക്രമണത്തിനിരയായി. എന്നാൽ, ലോകത്തിന് ഒരു കുലുക്കവുമില്ല. നമ്മൾക്കും അത്തരമൊരു അനുഭവമില്ലാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചോളൂ.. യുക്രൈനിൽ നടക്കുന്നത് കാണുന്നില്ലേ. അവിടെയും മനുഷ്യർ കുരുതിക്കിരയാകുകയാണ്. ഇത് റഷ്യയുടെ യുദ്ധമാണ്; അമേരിക്കയുടെ അല്ല. റഷ്യയെ പിടിച്ചുകെട്ടാൻ യുക്രൈനെ ഉപയോഗിക്കുകയാണ് അമേരിക്ക.''
അയൽരാജ്യങ്ങളുമായി സമാധാനപരമായ ബന്ധം തുടരുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ അയൽക്കാർക്കും ആ ബോധമുണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കണം. സുഹൃത്തുക്കളെ മാറ്റാം, അയൽക്കാരെ മാറ്റാനാകില്ലെന്ന് മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പെയി പറഞ്ഞത് ശരിയാണ്. അയൽക്കാരുമായി സമാധാനത്തോടെ കഴിയുകയാണെങ്കിൽ നമുക്കു പുരോഗതിയുണ്ടാകും. അല്ലെങ്കിൽ ദുർബലരായിപ്പോകുകയും ചെയ്യും. നമ്മുടെ രാജ്യത്തിനു ചുറ്റുമൊരു വലയം രൂപപ്പെട്ടിട്ടുണ്ട്. ചൈന മാലദ്വീപിലെത്തിക്കഴിഞ്ഞു. ശ്രീലങ്കയിലും നേപ്പാളിലും ബംഗ്ലാദേശിലും എന്തോ എത്തിയിട്ടുണ്ട്. അത്തരമൊരു സാഹചര്യം ഇവിടെയും ഉണ്ടാകാതിരിക്കട്ടെ. വികസിതവും സമാധാനപൂർണവും സമൃദ്ധവുമായ ഒരു ഇന്ത്യയാണ് നമുക്ക് വേണ്ടതെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.
Summary: National Conference president Farooq Abdullah asks Kashmir Muslims to remain vigilant against BJP’s tactics to win their votes
Adjust Story Font
16