യുക്രൈനിലെ യുദ്ധ ഭീതി ; പൗരന്മാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ഇന്ത്യ
യുക്രൈൻ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുന്നതിന്റെ തെളിവുകൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തിയിരുന്നു
യുക്രൈനിൽ കഴിയുന്ന ഇന്ത്യക്കാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ഇന്ത്യ. യുക്രൈനിൽ യുദ്ധ ഭീതി നില നിൽക്കുന്ന സാഹചര്യത്തിലാണ് പൗരന്മാരോട് തിരികെ വരാൻ ഇന്ത്യ ആവശ്യപ്പെട്ടത്. അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് അധികൃതർ ആവശ്യപ്പെട്ടു.
വിദ്യാർഥികൾ അടക്കമുള്ളവർ എംബസയുമായി ബന്ധപ്പെടണമെന്നും ഇന്ത്യ നിർദേശം നൽകി. 25000ത്തോളം വരുന്ന ഇന്ത്യക്കാർ യുക്രൈനിലുണ്ടെന്നാണ് വിവരം. അതിൽ ഭൂരിഭാഗവും വിദ്യാർഥികളുമാണ്. യുക്രൈനിൽ എംബസി കൃത്യമായി തന്നെ പ്രവർത്തിക്കുമെന്നും പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അമേരിക്കൻ പൗരന്മാരോട് യുക്രൈൻ വിടണമെന്ന് യു.എസ്സും ആവശ്യപ്പെട്ടു. യുദ്ധമുണ്ടായാൽ യുക്രൈനിലേക്ക് സൈന്യത്തെ അയക്കാൻ കഴിയില്ലെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ഈ അടിയന്തിര ഘട്ടത്തിലാണ് അമേരിക്കയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങൾ അതത് പൗരന്മാരോട് യുക്രൈൻ വിടണമെന്ന് ആവശ്യപ്പെടുന്നത്.
യുക്രൈൻ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുന്നതിന്റെ തെളിവുകൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തിയിരുന്നു .എന്നാൽ യുക്രൈനെ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്നാണ് റഷ്യയുടെ പ്രതികരണം. റഷ്യയുമായി അടിയന്തര ചർച്ച നടത്താൻ യുക്രൈൻ സർക്കാർ താത്പര്യം പ്രകടിപ്പിച്ചു. സംഘർഷം അവസാനിപ്പിക്കാൻ ജർമനിയുടെ നേതൃത്വത്തിൽ തിരക്കിട്ട നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ റഷ്യൻ ഭീഷണി നിലനിൽക്കുന്നതിനാൽ റഷ്യക്കാർ തങ്ങളുടെ രാജ്യത്ത് കടക്കുന്നതിന് യുക്രൈൻ വിലക്ക് ഏർപ്പെടുത്തി.
റഷ്യ ഏത് നിമിഷവും യുക്രൈൻ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന യുഎസ് മുന്നറിയിപ്പിനെ തുടർന്ന് യുക്രൈനിലേക്കുള്ള വിമാനങ്ങൾ മിക്കതും റദ്ദാക്കി. റഷ്യ ഈ ആഴ്ചയിൽ തന്നെ യുക്രൈനെ ആക്രമിക്കുമെന്നാണ് അമേരിക്കയും യുകെയും പറയുന്നത്. യുക്രൈൻ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്നും പാശ്ചാത്യമാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നുമാണ് റഷ്യയുടെ പ്രതികരണം. അതേസമയം യുക്രൈനുമായി യുദ്ധത്തിനില്ലെന്ന് ആവർത്തിക്കുമ്പോഴും റഷ്യ സൈനിക സന്നാഹം വർധിപ്പിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത് വന്നു.
Adjust Story Font
16