Quantcast

ഗുസ്തി താരങ്ങളുടെ ലൈംഗിക ആരോപണം നിഷേധിച്ച് ഫെഡറേഷൻ പ്രസിഡന്റ്‌ ബ്രിജ് ഭൂഷൺ ശർമ

പ്രശ്നങ്ങൾ താരങ്ങളുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ തയാറാണെന്നും ഫെഡറേഷൻ പ്രസിഡന്റ്‌ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-01-18 13:52:06.0

Published:

18 Jan 2023 1:48 PM GMT

ഗുസ്തി താരങ്ങളുടെ ലൈംഗിക ആരോപണം നിഷേധിച്ച് ഫെഡറേഷൻ പ്രസിഡന്റ്‌ ബ്രിജ് ഭൂഷൺ ശർമ
X

ന്യൂ ഡൽഹി: ഗുസ്തി താരങ്ങളുടെ ലൈംഗിക ആരോപണം നിഷേധിച്ച് ഫെഡറേഷൻ പ്രസിഡന്റ്‌ ബ്രിജ് ഭൂഷൺ ശർമ. ആരോപണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബ്രിജ് ഭൂഷൺ ശർമ പറഞ്ഞു. നിയമാവലിയിൽ വന്ന മാറ്റങ്ങളാണ് താരങ്ങളുടെ പ്രതിഷേധത്തിന് കാരണമെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു. പ്രശ്നങ്ങൾ താരങ്ങളുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ തയാറാണെന്നും ഫെഡറേഷൻ പ്രസിഡന്റ്‌ അറിയിച്ചു.

റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജന്തർമന്ദറിൽ പ്രതിഷേധിച്ചിരുന്നു. ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം. ഫെഡറേഷന്റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും ഫോഗട്ട് പറഞ്ഞു.

ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണിനടക്കം എതിരെയാണ് ലൈംഗികമായി ചൂഷണ ആരോപണം ഉയരുന്നത്. ഇരുപതിലധികം പെൺകുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും കായിക താരങ്ങള്‍ ആരോപിച്ചിരുന്നു. കായിക താരങ്ങളുടെ സ്വകാര്യ ജീവിതത്തിൽ വരെ ഫെഡറേഷൻ ഇടപെടുന്നുണ്ടെന്നും താരങ്ങള്‍ പറയുന്നു. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള യാതൊരു പ്രവർത്തനവും ഫെഡറേഷന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പ്രസിഡന്‍റടക്കമുള്ളവർ വിദേശ യാത്രകള്‍ നടത്തുമ്പോള്‍ താരങ്ങള്‍ വില കുറഞ്ഞ കമ്പാർട്ട്മെന്‍റിലാണ് യാത്ര ചെയ്യുന്നതെന്നും താരങ്ങള്‍ പറഞ്ഞു.

മുപ്പതോളം വരുന്ന കായിക താരങ്ങള്‍ ജന്തർമന്ദറിൽ വിനേഷ് ഫോഗട്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയാണ്. ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക്, സംഗിത ഫൊഗട്ട് തുടങ്ങിയ പ്രമുഖ താരങ്ങളും ബ്രിജ് ഭൂഷണിന്‍റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്നുണ്ട്.

TAGS :

Next Story