വനിതാ ഡോക്ടറുടെ കൊലപാതകം; ഒരാഴ്ചക്കകം അന്വേഷണം പൂർത്തിയായില്ലെങ്കിൽ കേസ് സി.ബി.ഐക്ക് - മമത ബാനർജി
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
കൊല്‍ക്കത്ത: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ സി.ബി.ഐ അന്വേഷണത്തെകുറിച്ച് പരാമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
സംസ്ഥാന പൊലീസിന് ഈ ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനായില്ലെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് മമത അറിയിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
“ഞായറാഴ്ചയ്ക്കകം കേസ് തെളിയിക്കാൻ പൊലീസിന് കഴിയുന്നില്ലെങ്കിൽ ഞങ്ങൾ ഈ കേസ് സി.ബി.ഐക്ക് കൈമാറും. കേന്ദ്ര അന്വേഷണ ഏജൻസിയുടെ വിജയ നിരക്ക് വളരെ കുറവാണ്. എങ്കിലും കേസ് സി.ബി.ഐക്ക് കൈമാറാൻ തന്നെയാണ് തീരുമാനം” ഡോക്ടറുടെ വീട് സന്ദർശിച്ച ശേഷം മമത പറഞ്ഞു. പ്രതികളായവരെ എത്രയും വേഗം കണ്ടെത്തണമെന്നും ആവശ്യമെങ്കിൽ അവരെ തൂക്കിലെറ്റുമെന്നും മമത നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്‌ടറെ ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ സിവിക് വളണ്ടിയറായ സഞ്ജയ് റോയ്‌യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16