Quantcast

തീവ്രഹിന്ദുത്വയിൽ ഊന്നി മോദി, ചോദ്യങ്ങൾ ആവർത്തിച്ച് രാഹുൽ- തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക്

മുസ്‌ലിംകളെ 'പ്രതിസ്ഥാനത്ത്' നിർത്തിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങൾ ഈ ഘട്ടത്തിൽ ഏറെ വിമർശന വിധേയമായി

MediaOne Logo

Web Desk

  • Published:

    19 May 2024 11:20 AM GMT

തീവ്രഹിന്ദുത്വയിൽ ഊന്നി മോദി, ചോദ്യങ്ങൾ ആവർത്തിച്ച് രാഹുൽ- തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക്
X

ന്യൂഡൽഹി: പ്രചാരണ ബഹളങ്ങൾക്കിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച. അമേഠിയും റായ്ബറേലിയും ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിലെ/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 49 മണ്ഡലങ്ങളാണ് മെയ് 20ന് പോളിങ് ബൂത്തിലെത്തുന്നത്. മഹാരാഷ്ട്രയിൽ 13 സീറ്റിലും ഉത്തർപ്രദേശിൽ 14 സീറ്റിലും പശ്ചിമ ബംഗാളിൽ ഏഴു സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. ബിഹാർ (അഞ്ച്), ജാർഖണ്ഡ് (മൂന്ന്), ഒഡിഷ (അഞ്ച്), ജമ്മു കശ്മീർ, ലഡാഡ് (ഒന്നു വീതം) എന്നിവയാണ് മറ്റു സീറ്റുകൾ. അഞ്ചു കേന്ദ്രമന്ത്രിമാരാണ് നാളെ ജനവിധി തേടുക.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയുടെ സിറ്റിങ് മണ്ഡലമായ അമേഠി, രാജ്‌നാഥ് സിങ് മത്സരിക്കുന്ന ലഖ്‌നൗ, പിയൂഷ് ഗോയൽ രംഗത്തുള്ള മുംബൈ നോർത്ത്, എൽജെപി (രാം വിലാസ് പാസ്വാൻ) നേതാവ് ചിരാഗ് പാസ്വാൻ മത്സരിക്കുന്ന ഹാജിപൂർ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ ജനവിധി തേടുന്ന സരൺ എന്നിവയാണ് പ്രധാന മണ്ഡലങ്ങൾ.

അഞ്ചാം ഘട്ടത്തിലെ പ്രചാരണ ബഹളങ്ങളിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബ്ദം തന്നെ. തീവ്രഹിന്ദുത്വ അജണ്ടകൾ മറയില്ലാതെ തന്നെ മോദി ഈ ഘട്ടത്തിൽ പുറത്തെടുത്തു. പതിവു പോലെ പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ വിമർശനങ്ങളുന്നയിച്ച് രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ ദേശീയ ശബ്ദമായി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടെ ചുവടുമാറ്റവും ഈ ഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇൻഡ്യാ സഖ്യം അധികാരത്തിലേറിയാൽ തൃണമൂൽ പുറത്തു നിന്ന് പിന്തുണയ്ക്കുമെന്നായിരുന്നു മമതയുടെ പ്രതികരണം.

ഹിന്ദു-മുസ്‌ലിം കളിയുമായി മോദി

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിയുമ്പോള്‍ പുറത്തെടുത്ത, മുസ്‌ലിംകളെ 'പ്രതിസ്ഥാനത്ത്' നിർത്തിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങൾ ഈ ഘട്ടത്തിലും ഏറെ വിമർശന വിധേയമായി. അതിനിടെ, ഒരിക്കൽ പോലും താൻ ഹിന്ദു-മുസ്‌ലിം കളിക്ക് തുനിഞ്ഞില്ലെന്ന മോദിയുടെ അഭിമുഖവും ശ്രദ്ധിക്കപ്പെട്ടു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പരാമർശങ്ങൾ.

'ഞാൻ സ്തബ്ധനാണ്. കൂടുതൽ കുട്ടികളുണ്ടാക്കുന്നത് മുസ്‌ലിംകളാണ് എന്ന് എവിടെയാണ് ഞാൻ പറഞ്ഞത്. മുസ്‌ലിംകൾക്കെതിരെ എന്തിനാണ് ഇങ്ങനെ അനീതി കാണിക്കുന്നത്. ഈ അവസ്ഥ ദരിദ്രകുടുംബങ്ങളിലുമുണ്ട്. ദാരിദ്ര്യമുള്ളിടത്ത് അവരുടെ സാമൂഹ്യസ്ഥിതിക്കപ്പുറം കൂടുതൽ കുട്ടികളുണ്ടാകുന്നു. ഞാൻ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ പരാമർശിച്ചിട്ടില്ല.' - എന്നായിരുന്നു മോദിയുടെ അഭിമുഖം.


നരേന്ദ്ര മോദി


'എന്റെ അയൽപക്കത്ത് ധാരാളം മുസ്‌ലിംകളുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിൽ പെരുന്നാൾ ആഘോഷിച്ചിരുന്നു. മറ്റു ഉത്സവങ്ങളും ആഘോഷിക്കപ്പെട്ടിരുന്നു. പെരുന്നാളിന് വീട്ടിൽ ഭക്ഷണം പാകം ചെയ്തിരുന്നില്ല. മുസ്‌ലിം വീടുകളിൽ നിന്നാണ് ഭക്ഷണം കൊണ്ടുവന്നിരുന്നത്. ഇന്നും എനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കളുണ്ട്. ഗോധ്ര കലാപത്തിന് ശേഷം എന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമുണ്ടായി' - മോദി കൂട്ടിച്ചേർത്തു.

എന്നാൽ അഭിമുഖത്തിൽ മോദി അവകാശപ്പെട്ടതു പോലെ ആയിരുന്നില്ല മോദിയുടെ പ്രസംഗങ്ങൾ. മെയ് 13ന് ബിഹാറിലെ ഹാജിപൂരിൽ പ്രധാനമന്ത്രി പ്രസംഗിച്ചതിങ്ങനെ;

'ആർജെഡിയുടെയും കോൺഗ്രസിന്റെയും മുൻഗണന ജനങ്ങളേ നിങ്ങളല്ല. അവരുടെ വോട്ടുബാങ്കാണ്. ബിഹാറിലേക്ക് ജംഗ്ൾ രാജ് (കാട്ടുഭരണം) കൊണ്ടുവന്ന ആളെ കുറിച്ച് (ലാലു പ്രസാദ് യാദവിനെ ഉദ്ദേശിച്ച്) നിങ്ങൾ കേട്ടിട്ടുണ്ടാകും. കാലിത്തീറ്റ കുംഭകോണത്തിൽ കോടതി ശിക്ഷിച്ചയാളാണ് അദ്ദേഹം. മുസ്‌ലിംകൾക്ക് സമ്പൂർണമായ സംവരണം കൊണ്ടുവരുമെന്നാണ് അദ്ദേഹം പറയുന്നത്. ദളിതർ, പിന്നാക്ക ജാതിക്കാർ, ആദിവാസികൾ എന്നിവർക്ക് നിശ്ചയിച്ച സംവരണം മുഴുവൻ മുസ്‌ലിംകൾക്ക് മാത്രമായി നൽകും എന്നാണ് അതിനർത്ഥം'

മെയ് 13ന് ബിഹാറിലെ തന്നെ സരണിൽ മോദി പ്രസംഗിച്ചത് ഇപ്രകാരം;

'ഈ വിഷയത്തിൽ (സംവരണം) ഞാൻ കോൺഗ്രസിനെ വെല്ലുവിളിച്ചിട്ടുണ്ട്. പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക സംവരണം മുസ്‌ലിംകൾക്കിടയിൽ മാത്രം വിതരണം ചെയ്യില്ല എന്ന് രേഖാമൂലം ഉറപ്പു നൽകണം എന്ന് ഞാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകരുത്. അത് കഴിഞ്ഞിട്ടിപ്പോൾ മൂന്നാഴ്ചയായി. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും വായ സീൽ ചെയ്യപ്പെട്ടിരിക്കുകയാണ്. ആർജെഡിയും കാടടച്ച് വെടിവയ്ക്കുകയാണ്. ദളിതരുടെയും പിന്നാക്ക ജാതിക്കാരുടെയും സംവരണം കൊള്ളടയടിക്കാൻ മോദി അനുവദിക്കില്ല.'

മെയ് 12ന് പശ്ചിമബംഗാളിലെ ഹൗറയിൽ വച്ചും ബരാക്പൂരിൽ വച്ചും മെയ് പത്തിന് മഹാരാഷ്ട്രയിലെ നന്ദുർബാറിൽ വച്ചും മോദി ഹിന്ദു, മുസ്‌ലിം പരാമർശങ്ങൾ നടത്തി. ഹിന്ദുക്കളെ രണ്ടാംകിട പൗരന്മാരാക്കാൻ സമ്മതിക്കില്ല, മുസ്ലിംകൾക്ക് മാത്രം സംരവണം നൽകാനാണ് ഇൻഡ്യാ മുന്നണിയുടെ ആലോചന, എന്നിങ്ങനെയായിരുന്നു മോദിയുടെ പ്രസംഗങ്ങള്‍. ഒറ്റരാത്രി കൊണ്ട് കർണാടകയിലെ മുസ്‌ലിംകളെ മുഴുവൻ സർക്കാർ ഒബിസി പട്ടികയിലാക്കി എന്നായിരുന്നു നന്ദുർബാറിലെ പ്രസംഗം. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സോഷ്യൽ മീഡിയാ അക്കൗണ്ടുകളും മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ പങ്കുവച്ചിരുന്നു.

ഹിന്ദു-മുസ്‌ലിം രാഷ്ട്രീയത്തിനപ്പുറം മോദിക്ക് മറ്റൊരു അജണ്ടയില്ലെന്നാണ് കോൺഗ്രസ് ഇതോട് പ്രതികരിച്ചത്. പത്തു വർഷമായി മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയം നടത്തിക്കൊണ്ടിരിക്കുകയാണ് മോദി. മോദി നുണയനാണ്. അദ്ദേഹം പത്തു വർഷമായി എന്തെടുക്കുകയായിരുന്നു. രാജ്യം എല്ലാം കാണുന്നുണ്ട്- കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറയുന്നു.

'ഇത്തവണ നാനൂറ് സീറ്റ്'

ഈ തെരഞ്ഞെടുപ്പിൽ നാനൂറു സീറ്റു നേടുമെന്ന അവകാശവാദം നരേന്ദ്രമോദി പാടെ ഉപേക്ഷിക്കുന്നതിനും ഈ പ്രചാരണ ഘട്ടം സാക്ഷിയായി. 400 സീറ്റിന് ശ്രമിക്കാം എന്നാണ് താൻ പറഞ്ഞത് എന്നാണ് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വ്യക്തമാക്കിയത്.

'നിങ്ങൾ ഒരു കുടുംബത്തിലെ അംഗമാണ് എങ്കിൽ... നിങ്ങളുടെ കുട്ടി 90 മാർക്ക് സ്‌കോർ ചെയ്തുവെന്ന് കരുതുക. അടുത്ത തവണ 95 നേടാം എന്ന് അവരോട് പറയും. 99 മാർക്ക് നേടുമ്പോൾ നൂറ് എത്തിക്കാം എന്നു പറയും. ബുദ്ധിമുട്ടാണത്. എന്നാലും നമുക്ക് ശ്രമിക്കാം'- എന്നായിരുന്നു മോദിയുടെ വിശദീകരണം. '2019ലെ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് 400 സീറ്റുണ്ടായിരുന്നു. എൻഡിഎ ആയിട്ടും എൻഡിഎ പ്ലസ് ആയിട്ടും. അതു കൊണ്ടു തന്നെ ഇത്തവണ നാനൂറു കടക്കണം എന്ന് സഖ്യകക്ഷികളോട് പറയേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു.




പ്രചാരണ റാലികളിൽ 'ഇപ്രാവശ്യം നാനൂറിൽ കൂടുതൽ സീറ്റ്' എന്ന മുദ്രാവാക്യം നരേന്ദ്രമോദി മാറ്റിവച്ചു എന്നത് എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ തവണ 303 സീറ്റിലാണ് ബിജെപി ജയിച്ചിരുന്നത്. ദക്ഷിണ-ഉത്തര വിഭജനമില്ലാതെ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഈ മാന്ത്രിക സംഖ്യയിലേക്ക് എത്താൻ ബിജെപിക്കാകൂ. നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് അതു ദുഷ്‌കരമാണ് എന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്.

രാമക്ഷേത്രവും മോദിയുടെ പ്രസംഗത്തിൽ വിഷയമായി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അധികാരത്തിലെത്തിയാൽ രാമക്ഷേത്രം ബുൾഡോസർ ഇടിച്ചു തകർക്കുമെന്നാണ് മോദി ബാരാബങ്കിയിൽ പ്രസംഗിച്ചത്.

വിമർശനം കടുപ്പിച്ച് രാഹുൽ

കഴിഞ്ഞ തവണ അമേഠിയിൽ തോറ്റ രാഹുൽ ഗാന്ധി ഇത്തവണ അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ ജനവിധി തേടുന്നു എന്ന സവിശേഷതയും ഈ ഘട്ടത്തിനുണ്ട്. വലിയ ആരവങ്ങളോടെയാണ് രാഹുൽ മണ്ഡലത്തിൽ നാമിനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. കോൺഗ്രസിന്റെ കുലുങ്ങാത്ത കോട്ടയായ റായ്ബറേലിയിൽ രാഹുൽ വിജയിച്ചു കയറുമെന്നു തന്നെയാണ് കോൺഗ്രസിന്റെ വിശ്വാസം. കഴിഞ്ഞ ദിവസം സോണിയ മണ്ഡലത്തിൽ നടത്തിയ വികാരനിർഭരമായ പ്രസംഗം ജനങ്ങളെ വലിയ നിലയിൽ സ്വാധീനിച്ചേക്കും. 'ഞാൻ എന്റെ മകനെ നിങ്ങൾക്കു തരുന്നു. രാഹുൽ നിങ്ങളെ നിരാശപ്പെടുത്തില്ല. ഗാന്ധി കുടുംബത്തിന് റായ്ബറേലിയുമായുള്ള ബന്ധം അവധിലെ കർഷകർക്ക് ഗംഗയുമായി ഉള്ളതു പോലെ വിശുദ്ധമാണ്' - എന്നിങ്ങനെയായിരുന്നു സോണിയയുടെ പ്രസംഗം.


രാഹുല്‍ ഗാന്ധി

തലസ്ഥാനമായ ഡൽഹിയിൽ അടക്കം നിരവധി റാലികളിൽ രാഹുൽ നരേന്ദ്രമോദിയുടെ നയങ്ങളെ കടന്നാക്രമിച്ചു. നേരിട്ടുള്ള മുഖാമുഖത്തിന് തയ്യാറാകാത്ത മോദിയുടെ നിലപാടിനെ രാഹുൽ മിക്ക റാലികളിലും രൂക്ഷമായി വിമർശിച്ചു. മാധ്യമങ്ങൾക്ക് നിരന്തരം അഭിമുഖങ്ങൾ കൊടുക്കുകയാണ് പ്രധാനമന്ത്രി. എന്നാൽ താനുമായി ഒരു സംവാദത്തിന് തയ്യാറാകുന്നില്ല. തന്റെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് ഉത്തരമുണ്ടാകില്ല. അദാനിയും അംബാനിയും കോൺഗ്രസിന് ലോഡ് കണക്കിന് പണം എത്തിച്ചു എന്നാണ് പറയുന്നത്. എന്നാൽ അതിൽ അന്വേഷണവുമില്ല- രാഹുൽ പറഞ്ഞു.

മോദിയുടേത് പോലെ രാഹുലിന്റെ റാലികൾക്കും വലിയ ആൾക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. എന്നാൽ ഇതെല്ലാം വോട്ടാക്കി മാറ്റാനുള്ള സംഘടനാ സംവിധാനവും ശേഷിയും കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും ഉണ്ടോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.

മമതയുടെ ചുവടുമാറ്റം

കോൺഗ്രസിന് 40 സീറ്റെങ്കിലും നേടാനാകുമോ എന്ന് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ചോദിച്ച തൃണമൂൽ നേതാവ് മമത ബാനർജി അന്ത്യഘട്ടത്തിലെത്തുമ്പോൾ ചുവടുമാറ്റിയത് കൗതുകപൂർവം വീക്ഷിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ബിജെപി 200 സീറ്റു നേടില്ലെന്നും ഇൻഡ്യാ മുന്നണിയെ അധികാരത്തിലെത്തിക്കാൻ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നുമാണ് മമത ഇപ്പോൾ പറയുന്നത്.


മമത ബാനര്‍ജി


ആരംബാഗ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഇൻഡ്യാ മുന്നണിയുമായുള്ള ബന്ധം മമത ഉറപ്പിച്ചത്. ' ഇൻഡ്യ എന്ന പേര് ഞാനാണ് ഉണ്ടാക്കിയത്. നരേന്ദ്രമോദി സർക്കാറിന്റെ ഏകാധിപത്യ നയങ്ങളെ എതിർക്കാനുള്ള ദേശീയ സംവിധാനമാണിത്. ഇൻഡ്യയെ അധികാരത്തിലെത്തിക്കാൻ ആവശ്യമായ കാര്യങ്ങളെല്ലാം തൃണമൂൽ ചെയ്യും. മോദിയെ നോക്കൂ. ഇപ്പോൾ അദ്ദേഹം നാനൂറു സീറ്റെന്ന് പറയുന്നില്ല. എഴുതിയത് നോക്കി വായിക്കുകയാണ് അദ്ദേഹം. ബിജെപി 200 സീറ്റു പോലും കടക്കില്ല' - എന്നായിരുന്നു മമതയുടെ പ്രസംഗം.

പോളിങ് കൂടുമോ?

അത്ര മികച്ച നിലയിലല്ല മുൻഘട്ടങ്ങളിലെ പോളിങ് എന്നത് രാഷ്ട്രീയപ്പാർട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് ഏഴ്, മെയ് 13 തിയ്യതികളിലായിരുന്നു ഇതിനു മുമ്പുള്ള പോളിങ്. യഥാക്രമം 66.1, 66.7, 61, 67.3 ശതമാനമായിരുന്നു ഈ ഘട്ടങ്ങളിലെ പോളിങ്. മെയ് 25 നാണ് ആറാം ഘട്ടം. ജൂൺ ഒന്നിന് അവസാന ഘട്ടവും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Summary: The Election Commission of India is all geared up for the fifth phase of Lok Sabha polls that commences on May 20

TAGS :

Next Story