അമിത് ഷായും പൂജ സിംഗലും ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത സംവിധായകന്‍ കസ്റ്റഡിയില്‍
പൂജ സിംഗൽ അറസ്റ്റിലാവുന്നതിന് ദിവസങ്ങൾക്ക് മുൻപെടുത്ത ചിത്രമാണിതെന്ന് സംവിധായകന്‍ വ്യാജ ആരോപണം ഉന്നയിച്ചെന്നാണ് കേസ്
മുംബൈ: അറസ്റ്റിലായ ഐ.എ.എസ് ഓഫിസർ പൂജ സിംഗലിനോടൊപ്പമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ച കേസിൽ സിനിമ സംവിധായകൻ അവിനാഷ് ദാസ് കസ്റ്റഡിയില്‍. ഗുജറാത്ത് പൊലീസാണ് അവിനാഷിനെ കസ്റ്റഡിയിലെടുത്തത്.
'മുംബൈയിൽ നിന്നാണ് അവിനാഷിനെ കസ്റ്റഡിയിലെടുത്തത്. തുടർ നടപടികൾക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുവരും'- ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡി.പി ചുദാസമ പറഞ്ഞു.
കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ സിംഗലിനൊപ്പമുള്ള അമിത് ഷായുടെ ഫോട്ടോ അവിനാഷ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. പൂജ സിംഗൽ അറസ്റ്റിലാവുന്നതിന് ദിവസങ്ങൾക്ക് മുൻപെടുത്ത ചിത്രമാണിതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഫോട്ടോ 2017ല്‍ എടുത്തതാണെന്ന് പൊലീസ് വ്യക്തമാക്കി. അമിത് ഷായുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്ന് ആരോപിച്ച് മെയ് 14നാണ് അവിനാഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പതാകയുടെ മാതൃകയിലുള്ള വസ്ത്രം ധരിച്ച സ്ത്രീയുടെ ചിത്രം പങ്കുവെച്ചതിനും അവിനാഷിനെതിരെ കേസുണ്ട്.
അവിനാഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി നേരത്തെ നിരസിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യാജരേഖ ചമക്കൽ, ദേശീയ ചിഹ്നങ്ങളെ അപമാനിക്കൽ, വിവരസാങ്കേതിക നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് അവിനാഷിനെതിരെ കേസെടുത്തത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുമായി ബന്ധപ്പെട്ട 18 കോടി തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് ജാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറിയായിരുന്ന പൂജ സിംഗലിനെ ഇ.ഡി അറസ്റ്റുചെയ്തത്.
Adjust Story Font
16