136 ദിവസം, 4080 കിലോമീറ്റർ: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്
23 പ്രതിപക്ഷ പാർട്ടികളെ സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 13 കക്ഷികൾ പങ്കെടുത്തേക്കും
ഭാരത് ജോഡോ യാത്ര
ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന് ശ്രീനഗറിൽ. 23 പ്രതിപക്ഷ പാര്‍ട്ടികളെ സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 13 കക്ഷികൾ പങ്കെടുത്തേക്കും. ജോഡോ യാത്ര അവസാനിക്കുന്നത് 136 ദിവസത്തെ പ്രയാണത്തിന് ശേഷമാണ്.
136 ദിവസം കൊണ്ട് കന്യാകുമാരിയിൽ നിന്നും രാഹുൽ ഗാന്ധിയും കൂട്ടരും നടന്നെത്തിയപ്പോൾ ഇന്ത്യയെ രാഹുൽ ഗാന്ധിക്കും രാഹുൽ ഗാന്ധിക്ക് ഇന്ത്യയെയും അടുത്തറിയാൻ കഴിഞ്ഞു. രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണാത്തയാൾ എന്ന കറ കൂടിയാണ് 4080 കിലോമീറ്റർ പിന്നിടുമ്പോൾ മാഞ്ഞുപോയത്.
സെപ്തംബർ 7ന് കന്യാകുമാരിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പതാക സമ്മാനിച്ചെങ്കിൽ കശ്മീർ എത്തുമ്പോൾ പരസ്പരം പോരാടിയ കശ്മീരിലെ ഫാറൂഖ് അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും ഒരുമിച്ചു നിന്ന് സ്വാഗതം ഓതുന്ന കാഴ്ചയാണ്. സമാപന സമ്മേളനത്തിൽ പങ്കെടുക്കാന്‍ തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി, സി.പി.എം തുടങ്ങി 23 പ്രതിപക്ഷ പാർട്ടികളെയും ക്ഷണിച്ചിരുന്നു. ഇവരിൽ പലരും ആശംസാ വീഡിയോ അയക്കുകയും ചെയ്തു.
സ്ഥിരതയില്ലാത്ത നേതാവ്, കഠിനാധ്വാനം ഇഷ്ടപ്പെടാത്തയാൾ എന്നിങ്ങനെയുള്ള ആക്ഷേപങ്ങളിൽ കൊരുത്തിട്ട് ഒടുവിൽ, പപ്പുവിളിയിൽ എത്തിക്കുന്നവർക്കുള്ള ചുട്ടമറുപടി കൂടിയാണ് താണ്ടിയ 4080 കിലോമീറ്റർ ദൂരം. പുതുവത്സരം ആഘോഷിക്കാൻ വിദേശയാത്ര നടത്തുന്ന നേതാവെന്ന പ്രതിച്ഛായത്തിൽ നിന്നും ജനങ്ങളോടൊപ്പം നിൽക്കുന്നയാൾ എന്നതിലേക്ക് ചിന്തയെ കൊണ്ടുവരാൻ ഈ നടത്തം കാരണമായി. കുടുംബ പാരമ്പര്യത്തിന്റെ സൗജന്യങ്ങൾ കുടഞ്ഞെറിഞ്ഞു സ്വന്തം രാഷ്ട്രീയം നിർവചിക്കാൻ കഴിഞ്ഞെന്നാണ് മറ്റൊരു നേട്ടം.
ഹിന്ദി -ഇംഗ്ലീഷ് മാധ്യമങ്ങൾ യാത്രയെ കണ്ടില്ലെന്നു നടിച്ചതോടെ യൂട്യൂബര്‍മാരും വ്ലോഗര്‍മാരും രാഹുലിനെ താരമാക്കി മാറ്റി. പുത്തനുണർവ് വോട്ടാക്കി പരിവർത്തനം ചെയ്യിക്കുന്നതിലാണ് കോൺഗ്രസിന്റെ ഭാവി.
Adjust Story Font
16