'ബാബരിയെപ്പോലെ ഭട്കൽ പള്ളിയും തകർക്കും'; വിദ്വേഷ പ്രസംഗത്തിൽ ബി.ജെ.പി എം.പിക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്
മുൻ കേന്ദ്രമന്ത്രി കൂടിയായ അനന്ത്കുമാർ ഹെഗ്‌ഡെയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു
അനന്ത്കുമാര്‍ ഹെഗ്ഡെ(വലത്ത്), വിദ്വേഷ പ്രസംഗത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധം(ഇടത്ത്)
ബംഗളൂരു: ഭട്കലിലെ പള്ളി ബാബരി മസ്ജിദ് പോലെ തകർക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി എം.പിക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. ഉത്തര കന്നഡയിൽനിന്നുള്ള പാർലമെന്റ് അംഗമായ അനന്ത്കുമാർ ഹെഗ്‌ഡെയ്‌ക്കെതിരെയാണ് കേസ്. വിവാദ പ്രസംഗത്തിൽ വൻ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണു നടപടി.
കുംട്ട പൊലീസാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ഹെഗ്‌ഡെയ്‌ക്കെതിരെ സ്വമേധയാ കേസെടുത്തത്. വിദ്വേഷ പ്രസംഗം, നാട്ടിൽ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കൽ, വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് കാർവാർ എസ്.പി വിഷ്ണുവർഷൻ അറിയിച്ചു.
കുംട്ടയിലെ ഒരു ബി.ജെ.പി പരിപാടിയിലായിരുന്നു അനന്ത്കുമാർ ഹെഗ്‌ഡെയുടെ വിദ്വേഷ പ്രസംഗം. ബാബരി മസ്ജിദ് തകർത്തതുപോലെ ഭട്കലിലെ ചിന്നഡ പള്ളിയും തകർക്കുമെന്നായിരുന്നു ഭീഷണി. മാധ്യമങ്ങൾ ഇതിനെ ഭീഷണിയായി ചിത്രീകരിച്ചാലും ഒരു പ്രശ്‌നവുമില്ലെന്നും അതു തങ്ങൾ ചെയ്തിരിക്കുമെന്നും വെല്ലുവിളി തുടരുന്നു. ഇത് അനന്ത്കുമാർ ഹെഗ്‌ഡെയുടെ തീരുമാനമല്ലെന്നും ഹിന്ദു സമൂഹത്തിന്റെ തീരുമാനമാണെന്നും പ്രസംഗത്തിൽ ഹെഗ്‌ഡെ വ്യക്തമാക്കി. എന്നാൽ, അഥു വ്യക്തിപരമായ അഭിപ്രായമാണെന്നു പറഞ്ഞ് ഒഴിഞ്ഞിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന ഘടകം.
പ്രസംഗത്തിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കുംട്ട പൊലീസ് സ്വമേധയാ കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ തുടർനടപടികളുണ്ടാകുമെന്നും എസ്.പി വിഷ്ണുവർഷൻ അറിയിച്ചിട്ടുണ്ട്.
Summary: Hate speech FIR against Karnataka BJP MP Anantkumar Hegde over 'mosque will be demolished' remarks
Adjust Story Font
16