രാഹുൽ ഗാന്ധി 'നമ്പർ വൺ ഭീകരവാദി'യെന്ന വിവാദ പരാമർശം; കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു
മാപ്പ് പറയില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും രവ്നീത് സിങ് ബിട്ടുവിന്‍റെ പ്രതികരണം
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കർണാടക കോൺഗ്രസിന്റെ പരാതിയിൽ ബെംഗളൂരു പൊലീസാണ് കേസെടുത്തത്. യുഎസ് സന്ദർസനത്തിനിടെ സിഖ് സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശം ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം. രാഹുൽ ഗാന്ധിയാണ് നമ്പർ വൺ ഭീകരവാദിയെന്നും പിടികൂടുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്നും രവ്നീത് സിങ് ബിട്ടു പറഞ്ഞിരുന്നു.
'രാഹുൽ ഗാന്ധി ഇന്ത്യക്കാരനല്ല. അയാൾ ഒട്ടുമിക്ക സമയവും രാജ്യത്തിന് പുറത്താണ് ചിലവഴിക്കുന്നത്. തന്റെ രാജ്യത്തെ രാഹുൽ സ്നേഹിക്കുന്നില്ല. അതിനാലാണ് വിദേശത്ത് പോയി ഇന്ത്യയെ കുറിച്ച് മോശമായി പറയുന്നത്. നേരത്തെ, അവർ മുസ്‌ലിംകളെ ഉപയോഗിക്കാൻ ശ്രമിച്ചു, പക്ഷേ അത് നടന്നില്ല. ഇപ്പോൾ അവർ സിഖുകാരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. രാഹുൽ ഗാന്ധിക്ക് മുമ്പ് രാജ്യത്തെ ഏറ്റവും കുപ്രസിദ്ധരായ ആളുകൾ ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നു. തീവ്രവാദികൾ പോലും രാഹുൽ ഗാന്ധിയുടെ പരാമർശത്തെ അഭിനന്ദിച്ചു. പിടികിട്ടാപ്പുള്ളികളും വിഘടനവാദികളും, ബോംബും തോക്കുമെല്ലാം നിർമിക്കുന്നവരുമാണ് രാഹുൽ ഗാന്ധി പറയുന്നതിനെ പിന്തുണയ്ക്കുന്നത്. അത്തരക്കാർ പിന്തുണയ്ക്കുമ്പോൾ, രാഹുൽ ഗാന്ധി രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദിയാണ്'- രവ്‌നീത് സിങ് ബിട്ടുവിന്റെ വിവാദ പരാമർശം ഇങ്ങനെയായിരുന്നു.
ഞാന്‍ എന്തിന് മാപ്പുപറയണം? പ്രസ്താവനയിൽ ഉറച്ച് ബിട്ടു
രാഹുൽ ഗാന്ധിയെ നമ്പർ വൺ തീവ്രവാദി എന്ന് വിളിച്ചതിൽ തനിക്ക് ഖേദമില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് ബിട്ടുവിന്റെ നിലപാട്. ഗാന്ധി കുടുംബം പഞ്ചാബിനെ ചുട്ടെരിക്കുകയും അതിൻ്റെ ഫലമായി സംസ്ഥാനത്തിന് തലമുറകളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാനെന്തിന് ഖേദിക്കണം? പഞ്ചാബിൽ നമുക്ക് (സിഖ് സമുദായത്തിന്) നമ്മുടെ തലമുറകളെ നഷ്ടപ്പെട്ടു. ഗാന്ധി കുടുംബം പഞ്ചാബിനെ കത്തിച്ചു. ഒരു സിഖുകാരനെന്ന നിലയിൽ ഞാൻ എൻ്റെ വേദന പ്രകടിപ്പിക്കുകയാണ്. ബിട്ടു പറഞ്ഞു. ഇപ്പോൾ താൻ മന്ത്രിയാണെങ്കിലും ഒരു സിഖുക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദമായ തൻ്റെ പ്രസ്താവനയിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് വിഷയത്തിൽ ആദ്യം മാപ്പ് പറയേണ്ടത് കോൺഗ്രസ് അധ്യക്ഷ്യൻ മല്ലികാർജുൻ ഖാർഗെയാണെന്നായിരുന്നു ബിട്ടുവിന്റെ മറുപടി. രാഹുൽ ഗാന്ധിയുടെ അതേ നിലപാട് തന്നെയാണോ കോൺഗ്രസ് പാർട്ടിക്കുമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ബിട്ടു ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി പറഞ്ഞത്
മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ സിഖ് വിഭാഗക്കാർക്ക് സ്വതന്ത്രമായി തങ്ങളുടെ മതപരമായ കാര്യങ്ങൾ ചെയ്യാനാവുന്നില്ലെന്നായിരുന്നു അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞത്.
സിഖുകാരനായ വ്യക്തിക്ക് രാജ്യത്ത് ടർബൻ ധരിക്കാൻ സ്വാതന്ത്ര്യമുണ്ടോ? ഗുരുദ്വാരയിൽ പോകാൻ അനുവാദമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച അദ്ദേഹം സിക്കുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. യുഎസിലെ വിർജീനിയയിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് സിഖുകാരെ ഉദ്ധരിച്ച് രാഹുൽ സംസാരിച്ചത്.
കോൺഗ്രസ് എം.പിയായിരുന്ന ബിട്ടു, ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്. പരാമർശത്തിൽ, കഴിഞ്ഞദിവസം ബിജെപി നേതാവും മുൻ എംഎൽഎയുമായ തർവീന്ദർ സിങ് മർവയും രാഹുലിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു.
Adjust Story Font
16