പടക്കനിരോധനം നടപ്പാക്കിയില്ല; ഡൽഹി പൊലീസിന് സുപ്രിംകോടതി വിമർശനം
മലിനീകരണത്തെ ഒരു മതവും അനുകൂലിക്കില്ല എന്ന് പരാമർശം
ഡൽഹി: പടക്കനിരോധനം നടപ്പാക്കാത്തതിൽ ഡൽഹി പൊലീസിനെ വിമർശിച്ച് സുപ്രിം കോടതി. രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായതിന് പിന്നാലെയാണ് കോടതിയുടെ വിമർശനം. സർക്കാരിന് നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസിനും കോടതി നോട്ടീസ് അയച്ചു.
അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രിംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഡൽഹിയിലെ വായു മലനീകരണവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുകയും പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ വൈക്കോൽ കത്തിക്കൽ പ്രശ്നത്തിൽ അധികൃതർ സ്വീകരിച്ച നടപടികൾ പരിശോധിക്കുകയും ചെയ്യുകയായിരുന്നു കോടതി.
നവംബർ 25നകം രാജ്യതലസ്ഥാനത്ത് ശാശ്വതമായ പടക്ക നിരോധനം ഏർപ്പെടുത്തണമെന്ന് ഡൽഹി സർക്കാറിനോട് സുപ്രിംകോടതി നിർദേശിച്ചു. മലിനീകരണമില്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കുക എന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശമാണ്. പ്രഥമദൃഷ്ട്യാ, മലനീകരണം പ്രോത്സാഹിപ്പിക്കുകയും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതുമായ യാതൊരുവിധ പ്രവർത്തനങ്ങളെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
പടക്ക നിരോധനം നടപ്പാക്കാൻ പ്രത്യേക സെൽ രൂപീകരിക്കാനും ഒക്ടോബർ 14ന് ഡൽഹി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാൻ എസ്എച്ച്ഒമാർക്ക് ചുമതല നൽകാനും ഡൽഹി പൊലീസിനോട് കോടതി നിർദേശിച്ചു. നിരോധനം സംബന്ധിച്ച് എല്ലാ പടക്ക നിർമാതാക്കൾക്കും നോട്ടീസ് നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് നവംബർ 25നകം ഡൽഹി പൊലീസ് കമീഷണർ സത്യവാങ്മൂലം കോടതി മുമ്പാകെ സമർപ്പിക്കണം.
ഓൺലൈൻ പടക്ക വിൽപന തടയാൻ പൊലീസ് സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിവരവും നൽകണം. ദേശീയ തലസ്ഥാനവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചതിനെക്കുറിച്ച് അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഡൽഹി പൊലീസ് ഉത്തരവുകൾ ഗൗരവത്തോടെ എടുക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എന്തുകൊണ്ടാണ് ഡൽഹി സർക്കാർ പടക്ക നിരോധനം ഒക്ടോബർ 14 വരെ വൈകിപ്പിച്ചതെന്നും കോടതി ആശ്ചര്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ ദേശീയ തലസ്ഥാനത്തെ വായുവിന്റെ നിലവാരം വളരെ മോശം നിലയിലായിരുന്നു. നഗരത്തിന്റെ പലഭാഗങ്ങളിലും പുകമഞ്ഞ് മൂടിയിരുന്നു.
ദീപാവലി ആഘോഷത്തോടെ ഡൽഹിയിൽ വായുമലിനീകരണ തോത് അതീവ ഗുരുതരതലത്തിൽ എത്തിയിരുന്നു. 419 ആണ് വായുഗുണനിലവാര സൂചിക. നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതിന് ഡൽഹിയിൽ 19 പേർ മാത്രമാണ് അറസ്റ്റിലായിരുന്നത്. അന്തരീക്ഷമലിനീകരണം അതീവഗുരുതരമായി തുടരുന്നതിനിടെ പടക്കം പൊട്ടിച്ച് ദീപാവലി കൂടെ ആഘോഷിച്ചതോടെയാണ് വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലായത്. ഡൽഹി സർക്കാർ പടക്കം പൊട്ടിക്കരുതെന്ന് കർശന നിർദേശം നൽകുകയും പൊലീസിൻറെ പ്രത്യേക പരിശോധന ഉണ്ടായിരുന്നെകിലും ഡൽഹിക്കാർ അതെല്ലാം കാറ്റിൽപ്പറത്തിയാണ് രാത്രി ദീപങ്ങൾക്കൊപ്പം പടക്കവും പൊട്ടിച്ചത്. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ നിന്നാണ് പടക്കം കൊണ്ടുവന്നത്.
പടക്കമില്ലാതെന്ത് ദീപാവലിയെന്നാണ് ഡൽഹിക്കാർ ചോദിക്കുന്നത്. വായു മലിനീകരണമുണ്ടെങ്കിലും വർഷത്തിലൊരിക്കലുള്ള ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനു തെറ്റില്ലെന്നാണ് പലരുടെയും അഭിപ്രായം .സുപ്രിംകോടതി ഇടപെടലിനെ തുടർന്ന് 2017ലാണ് ആദ്യമായി പടക്ക നിരോധനം നടപ്പിലാക്കിയത്. 2020 മുതൽ എല്ലാ ശൈത്യകാലത്തും പടക്കങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. മലിനീകരം കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിക്കാൻ ആവശ്യപ്പെട്ടിട്ട് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡൽഹി സർക്കാർ ആരോപിച്ചു. അതേസമയം എഎപി രാഷ്ട്രീയം കളിക്കുകയാന്നെനും പഞ്ചാബിൽ വയ്‌ക്കോൽ കത്തിച്ച 108 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും ബിജെപി ആരോപിച്ചു.
Adjust Story Font
16