കോടതി പരിസരത്ത് ഐ.ആർ.എസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്ന് ഭാര്യാപിതാവായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ
കുടുംബതർക്കവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കാനെത്തിയപ്പോഴായിരുന്നു വെടിവെപ്പ്.
ചണ്ഡീഗഢ്: ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥനെ കോടതി പരിസരത്ത് വെടിവച്ച് കൊന്ന് ഭാര്യാപിതാവായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ. ചണ്ഡീഗഢിലെ കോടതി പരിസരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഹർപ്രീത് സിങ് എന്ന ഉദ്യോഗസ്ഥനാണ് പഞ്ചാബ് പൊലീസിലെ മുൻ അസി. ഇൻസ്പെക്ടർ ജനറൽ മൽവീന്ദർ സിങ്ങിന്റെ വെടിയേറ്റ് മരിച്ചത്.
ചണ്ഡീഗഢ് ജില്ലാ കോടതിയിൽ കുടുംബതർക്കവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കാനെത്തിയപ്പോഴായിരുന്നു വെടിവെപ്പ്. ന്യൂഡൽഹിയിൽ കാർഷികമന്ത്രാലയത്തിൽ കൺട്രോളർ ഓഫ് അക്കൗണ്ട്സ് ആണ് കൊല്ലപ്പെട്ട ഹർപ്രീത് സിങ്.
ഇരു കുടുംബങ്ങൾ തമ്മിലുള്ള വിവാഹമോചന നടപടികൾ 2023 മുതൽ തുടരുകയാണെന്നും ഇന്ന് മധ്യസ്ഥവുമായി ബന്ധപ്പെട്ട നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു എന്നും ചണ്ഡീഗഡ് എസ്.എസ്.പി കൻവർദീപ് കൗർ പറഞ്ഞു.
'ഹർപ്രീത് സിങ് തൻ്റെ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് കോടതിയിലെത്തിയത്. ഭാര്യാപിതാവായ റിട്ട. എ.ഐ.ജി മൽവീന്ദർ സിങ് ആണ് മറുഭാഗത്തെ പ്രതിനിധീകരിച്ചത്. മധ്യസ്ഥ കേന്ദ്രത്തിന് സമീപംവച്ച് മൽവീന്ദർ സിങ് ഹർപ്രീത് സിങ്ങിനെ വെടിയ്ക്കുകയായിരുന്നു'- ചണ്ഡീഗഡ് പൊലീസ് പറഞ്ഞു.
വെടിയേറ്റ ഹർപ്രീത് സിങ്ങിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതിയെ ഉടനടി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഒരു പിസ്റ്റൾ, നാല് വെടിയുണ്ടകൾ, ഉപയോഗിക്കാത്ത മൂന്ന് ബുള്ളറ്റുകൾ എന്നിവ പൊലീസ് കണ്ടെടുത്തു.
ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കൊലപാതകം, കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങളാണ് മൽവീന്ദർ സിങ്ങിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16