കർഷക സമരത്തിന്റെ ഒന്നാം വാർഷികം; മോദി ഭരണത്തിൽ ജനകീയ സമരത്തിന്റെ ആദ്യവിജയം
വർത്തമാനകാല ഇന്ത്യയിൽ സമരം ഒരു സാധ്യതയേ അല്ലെന്ന കുറ്റിയറ്റ ബോധ്യങ്ങളെ കീഴ്‌മേൽ മറിച്ച 365 ദിവസങ്ങൾ
കർഷക സമരത്തിന് ഇന്ന് ഒരു വയസ്. പ്രധാന സമരാവശ്യമായ മൂന്നു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടും കർഷകർ സമരം പിൻവലിച്ചിട്ടില്ല. ഡൽഹിയിൽ വീണ്ടുമൊരു തണുപ്പ് കാലം എത്തുമ്പോൾ പോരാട്ടത്തിന്റെ ചൂട് കൂടുന്നതേയുള്ളൂ.
വർത്തമാനകാല ഇന്ത്യയിൽ സമരം ഒരു സാധ്യതയേ അല്ലെന്ന കുറ്റിയറ്റ ബോധ്യങ്ങളെ കീഴ്‌മേൽ മറിച്ച 365 ദിവസങ്ങൾ. പാർലമെന്റിലെ ഭൂരിപക്ഷ കണക്കിന്റെ ഹുങ്കിൽ ജനകീയ സമരങ്ങളോട് മുഖം തിരിച്ച മോദിക്ക് മുട്ടുവളക്കേണ്ടി വന്ന ഒരേയൊരു സമരം.
എത്ര പട്ടുപോയാലും വീണ്ടും വിത്തെറിഞ്ഞു വിളയ്ക്കായി പാടത്തിറങ്ങുന്ന മനുഷ്യരോടാണ് വാശി പിടിക്കുന്നതെന്ന് നരേന്ദ്രമോദി ആദ്യം മനസിലാക്കിയില്ല. ചർച്ചയ്ക്കായി എത്തിയ കർഷക നേതാക്കൾ സർക്കാരിന്റെ ചായ പോലും കുടിക്കാതെ അതിൽ പോലും തങ്ങളുടെ നിലപാടറിയിച്ചു.സ്വന്തം അധ്വാനത്തിന്റെ പങ്ക് അവിടെയിരുന്നു കഴിച്ചു. 11 തവണ ചർച്ച നടത്തിയപ്പോഴും വിളക്കിലെ എണ്ണ തീർന്നതല്ലാതെ പ്രശ്‌നങ്ങൾ അവസാനിച്ചില്ല. തിക്രിയിലും സിങ്കുവിലും ഗാസിപൂരും സമരമിരിക്കുന്നവരുടെ വീടുകൾ പട്ടിണിയാകാതിരിക്കാൻ പരസ്പരം കൈകോർത്തു. പിന്തുണയുമായി എത്തിയ രാഷ്ട്രീയ നേതാക്കൾക്ക് സമര വേദിയിൽ ഇരിപ്പിടം ഉണ്ടായിരുന്നില്ല.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് ഇരമ്പിയാർത്തു വന്ന ട്രാക്ടറുകളും സമരത്തിന്റെ കൊടി ഉയർത്തലും റോഡ് ഉപരോധവുമൊക്കെ അതുവരെ പിന്തുണച്ച പലരെയും പിന്നോട്ട് നടത്തിച്ചു. സമരം ചെയ്യുന്ന കർഷകന്റെ തല തല്ലിപൊളിക്കാൻ കർണാൽ എസ് ഡി എം ഉത്തരവ് നല്കിയപ്പോഴും ഹരിയാനയിൽ കളക്ട്രേറ്റ് വളഞ്ഞു സമാധാന പൂർവം ആവശ്യങ്ങൾ നേടിയെടുത്തു.
ലഖീം പൂരിലെ കൊലയാളി, മന്ത്രിപുത്രനെന്നു വ്യക്തമായതോടെ ബിജെപിക്ക് ചുവടുകൾ പിഴച്ചു. പഞ്ചാബിൽ പൂജ്യം സീറ്റിൽ ഒതുങ്ങേണ്ടി വരുമെന്നും യുപിയിൽ വൻ തിരിച്ചടിയുണ്ടാകുമെന്നും സർവേകൾ പറഞ്ഞതോടെ സംഘ്പരിവാർ ഭയന്ന് തുടങ്ങി. ഉപതെരഞ്ഞെടുപ്പിൽ തോറ്റമ്പുകയും ബംഗാളിൽ കെട്ടിവച്ച കാശ് പോലും നഷ്ടപെടുകയും ചെയ്തയോടെ നല്ലനേരം നോക്കി കർഷക നിയമങ്ങൾ പിൻവലിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മോദിയുടെ മാപ്പിൽ കർഷകർ വീണില്ല. അവർ സമരം തുടരുകയാണ്. വിജയക്കൊയ്ത് കൊണ്ട് കർഷകർ അവസാനിപ്പിക്കില്ല. കറ്റ കെട്ടും ചവിട്ടിമെതിയും ഇനിയും ബാക്കിയുണ്ട്
Today marks the one year anniversary of the peasant struggle. Despite the Prime Minister's promise to withdraw the three controversial agrarian laws that are essential for the strike, the farmers' strike has not been called off. As another winter approaches in Delhi, the heat of the battle only intensifies.
Adjust Story Font
16