Quantcast

വഖഫ് ബിൽ; സംയുക്ത സമിതി യോഗത്തിൽ സഖ്യകക്ഷികൾ കൈവിട്ടു, പ്രതിരോധത്തിലായി ബി.ജെ.പി

സഖ്യകക്ഷികൾ ആശങ്കകളും പ്രതിപക്ഷം എതിർപ്പുകളും ഉയർത്തിയതോടെയാണ് കേന്ദ്രം കൂടുതൽ പ്രതിരോധത്തിലായത്

MediaOne Logo

അനസ് അസീന്‍

  • Updated:

    2024-08-23 09:54:17.0

Published:

23 Aug 2024 9:18 AM GMT

വഖഫ് ബിൽ;  സംയുക്ത സമിതി യോഗത്തിൽ സഖ്യകക്ഷികൾ കൈവിട്ടു, പ്രതിരോധത്തിലായി ബി.ജെ.പി
X

ന്യൂഡൽഹി: സഖ്യകക്ഷികൾ ആശങ്കകളും പ്രതിപക്ഷം എതിർപ്പുകളും ഉയർത്തിക്കാട്ടിയതോടെ വഖഫ് ഭേദഗതി ബില്ലിൽ സംയുക്ത സമിതിയുടെ ആദ്യ സിറ്റിങ്ങിൽ പ്രതിരോധത്തിലായി ബി.ജെ.പി. എൻ.ഡി.എ ഘടക കക്ഷികളടക്കം ​മോദി സർക്കാരിന്റെ നിലപാടുകളോട് വിയോജിച്ചതോടെയാണ് യോഗത്തിൽ ​ബി.ജെ.പി ​ഒറ്റപ്പെട്ടത്. വ്യാഴാഴ്ച പാർലമെന്റ് അനക്സിലാണ് 31 അംഗ പാർലമെന്റ് സമിതിയുടെ പ്രാഥമിക യോഗം നടന്നത്. യോഗം മണിക്കൂറുകളാണ് നീണ്ടത്. യോഗം തൃപ്തികരമാണെന്നാണ് ​സമിതി ചെയർപേഴ്സൺ ജഗദാംബിക പാലിന്റെ അവകാശവാദം.

സമിതിയിൽ ബില്ലുമായി ബന്ധപ്പെട്ട് മന്ത്രാലയം അവതരിപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലെന്ന് അംഗങ്ങൾ തുറന്നുപറഞ്ഞതോടെയാണ് ചർച്ച കൊഴുത്തത്. റിപ്പോർട്ട് അവതരിപ്പിച്ച സെക്രട്ടറി സമഗ്രമായല്ല അവതരിപ്പിച്ചത്. അവതരണത്തിൽ വഖഫ് ബില്ലിന്റെ ചരിത്രമോ ബില്ലിന്റെ ആവശ്യകതയടക്കമുള്ള വിശദാംശങ്ങളോ ഇല്ലായിരുന്നുവെന്നാണ് ഒരംഗം പ്രതികരിച്ചത്.

പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ല് പ്രതിപക്ഷ​ത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് സംയുക്ത സമിതിക്ക് വിടുന്നത്. രണ്ടാഴ്ചക്ക് ശേഷമാണ് യോഗം ചേർന്നത്. യോഗത്തിൽ ബി.ജെ.പിയുടെ സഖ്യകക്ഷികളായ ജെ.ഡി (യു), എൽ.ജെ.പി (രാംവിലാസ്), ടി.ഡി.പി എന്നിവർ നിഷ്പക്ഷ നിലപാടുകളാണ് സ്വീകരിച്ചത്. ടി.ഡി.പിയും ജെ.ഡി.യുവും മുസ്‍ലിം സംഘടനകൾ പ്രകടിപ്പിക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് തുറന്ന് പറയുകയും ചെയ്തതോടെ ബി.ജെ.പി പ്രതിരോധത്തിലായെന്നും യോഗത്തിൽ ബി.ജെ.പി ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാർലമെൻററി കമ്മിറ്റിക്ക് പ്രത്യേകാവകാശമുള്ളതാണ്, അതുകൊണ്ട് തന്നെ യോഗങ്ങളിൽ അംഗങ്ങൾ തമ്മിലുള്ള ചർച്ചകളുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടാറില്ല. യോഗത്തിൽ പ​ങ്കെടുത്ത പ്രതിനിധികൾ അനൗദ്യോഗികമായി മാധ്യമങ്ങളോട് പറഞ്ഞതും എക്സ് അടക്കമുള്ള മാധ്യമങ്ങളിലെഴുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. സമത്വം, മതസ്വാതന്ത്ര്യം, മതസ്ഥാപനങ്ങൾ രൂപീകരിക്കാനും പരിപാലിക്കാനുമുള്ള അവകാശം എന്നിവയ്‌ക്ക് എതിരാണ് ബില്ലിന്റെ അടിസ്ഥാന സ്വഭാവമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.

ബില്ലിനെക്കുറിച്ച് പാർട്ടി ഇതുവരെ ഒരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അത് പഠിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് എൻ.ഡി.എ ഘടക കക്ഷിയായ ജെ.ഡി.യുവിന്റെ നേതാവ് ദേശീയമാധ്യമങ്ങളോട് പറഞ്ഞത്. പാർട്ടി നേതാക്കൾ വിവിധ മുസ് ലിം സംഘടനകളുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾ ബില്ലിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്, അത് പൂർത്തിയായാൽ ഞങ്ങളുടെ പ്രതിനിധി യോഗത്തിൽ പാർട്ടിയുടെ അഭിപ്രായം വെളിപ്പെടുത്തുമെന്ന് ജെ.ഡി.യു നേതാവ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സമിതിയുടെ നേതൃത്വത്തിൽ വഖഫുമായി ബന്ധമുള്ള വിവിധ നഗരങ്ങൾ സന്ദർശിക്കും. സംസ്ഥാന വഖഫ് ബോർഡുകൾ, മുസ്‍ലിം സംഘടനകൾ, ഓൾ ഇന്ത്യ മുസ്‍ലിം പേഴ്സണൽ ലോ ബോർഡ് എന്നിവരുമായി കൂടിയാലോചനകൾ നടത്തും. നിർദ്ദിഷ്ട നിയമത്തെക്കുറിച്ചുള്ള നിർദേശങ്ങൾ ക്ഷണിച്ചുകൊണ്ട് പരസ്യങ്ങളും പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

വൈ.എസ്.ആർ.സി.പി രാജ്യസഭാ എം.പി വി.വിജയസായി റെഡ്ഡി ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് എക്സിലെഴുതി. നിലവിലെ രൂപത്തിൽ ബില്ല് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കുറിച്ചു.

‘ഞങ്ങളുടെ പാർട്ടി പ്രസിഡന്റ് വൈ.എസ് ജഗൻ റെഡിയുടെ തീരുമാനത്തിനും പാർട്ടിയുടെ ഔദ്യോഗ്യക നിലപാടിനും അനുസൃതമായി സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) യോഗത്തിൽ വഖഫ് ബോർഡ് ഭേദഗതി ബില്ലിനെ ഞാൻ എതിർത്തു സംസാരിച്ചു. ഈ ബില്ലിൽ നിരവധിപേർക്ക് ആശങ്കകളുണ്ട്. മാത്രമല്ല, നിലവിലെ രൂപത്തിൽ ഈ ബില്ല് സ്വീകാര്യമല്ല. ജെ.പി.സി അംഗമെന്ന നിലയിൽ ബില്ലിൽ ആശങ്കകളുള്ളവരെ കേൾക്കാനും സമിതിയിൽ അവരുടെ ശബ്ദമാകാനും ഞാൻ ആഗ്രഹിക്കുന്നു. ബില്ലുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും എതിർപ്പുകളോ ആശങ്കകളോ ഉണ്ടെങ്കിൽ പങ്കുവെക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം ഇ​-മെയിൽ ഐഡിയും പങ്കുവെച്ചിട്ടുണ്ട്. വിയോജനക്കുറിപ്പുകൾ ഞാൻ കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ കോൺഗ്രസ് ലോക്‌സഭാ എംപി ഗൗരവ് ഗൊഗോയ് കുറിച്ചതിങ്ങനെയാണ്: ഇന്ന് ന്യൂഡൽഹിയിൽ വഖഫ് ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതിയുടെ ആദ്യയോഗം നടന്നു. അതിൽ ഞാൻ പങ്കെടുത്തു. ഈ ബില്ലുമായി ബന്ധപ്പെട്ട എല്ലാ കാഴ്ചപ്പാടുകളും കമ്മിറ്റി പരിഗണിക്കുമെന്നും ഭരണഘടനാ മൂല്യങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമില്ലെന്ന് ഉറപ്പുവരുത്തുമെന്നും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. എ.ഐ.എ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി 14 പേജുള്ള വിയോജന കത്താണ് യോഗത്തിൽ സമർപ്പിച്ചത്.

TAGS :

Next Story