Quantcast

ജമ്മു കശ്മീർ നാളെ ബൂത്തിലേക്ക്; ആദ്യഘട്ടത്തില്‍ 24 മണ്ഡലങ്ങള്‍

പത്തു വര്‍ഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുന്ന ദക്ഷിണ കശ്മീരടക്കമാണ് നാളെ പോളിങ് ബൂത്തിലെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2024-09-17 01:46:42.0

Published:

17 Sep 2024 1:06 AM GMT

First stage Jammu and Kashmir Assembly elections tomorrow, Jammu and Kashmir Assembly elections 2024
X

ശ്രീനഗര്‍: ജമ്മുകശ്മീർ നാളെ ബൂത്തിലേക്ക്. പുൽവാമ, ഷോപിയാൻ, അനന്ത്നാഗ്, ബിജ്ബെഹറ തുടങ്ങിയ 24 മണ്ഡലങ്ങളാണു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ വിധിയെഴുതുക. ബിജ്ബെഹറയിൽ മത്സരിക്കുന്ന മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍തിജ മുഫ്തി, കുൽഗ്രാമിൽ മത്സരിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, ദൂരുവിൽ മത്സരിക്കുന്ന കോൺഗ്രസ്‌ മുൻ കശ്മീർ പ്രസിഡന്‍റ് ഗുലാം അഹമ്മദ് മിർ എന്നിവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ.

പത്തു വര്‍ഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുന്ന ദക്ഷിണ കശ്മീരടക്കമാണ് നാളെ പോളിങ് ബൂത്തിലെത്തുന്നത്. പിഡിപി ശക്തികേന്ദ്രമായ മേഖലയില്‍ ഇക്കുറി പാര്‍ട്ടി കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. നാഷനല്‍ കോൺഫറൻസ്-കോൺഗ്രസ്‌ സഖ്യമാണ് പ്രധാന വെല്ലുവിളി.

അനന്ത്നാഗ്, കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ ജില്ലകളിലായി 16 മണ്ഡലങ്ങളാണ് ദക്ഷിണ കശ്മീരിലുള്ളത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ ഭൂരിഭാഗവും ബിജെപിക്ക് സ്വാധീനമില്ലാത്ത മേഖലകളാണ്. ബാരാമുല്ല എം.പി എന്‍ജിനീയര്‍ റാഷിദിന്‍റെ അവാമി ഇത്തിഹാദ് പാര്‍ട്ടി, കശ്മീർ ജമാഅത്തെ ഇസ്‍ലാമിയുമായി അവസാന നിമിഷം സഖ്യമുണ്ടാക്കിയത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്കയായി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരമില്ലാത്തതിനാല്‍ അവാമി ഇത്തിഹാദ് പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്‍ലാമിയും സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിർത്തിയാണ് മത്സരിക്കുന്നത്.

അതിനിടെ, തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയാണ് കോൺഗ്രസ്‌ പ്രകടനപത്രിക പുറത്തിറക്കിയത്. രണ്ടാംഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ശ്രീനഗറിലെത്തും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോളിങ് ബൂത്തുകളിൽ അടക്കം കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് നിശബ്ദ പ്രചാരണത്തിനുശേഷം നാളെ കശ്മീർ ജനത വിധിയെഴുതിത്തുടങ്ങും.

Summary: First stage Jammu and Kashmir Assembly elections tomorrow

TAGS :

Next Story