കര്‍ണാടകയില്‍ അഞ്ച് ഉറപ്പുകള്‍ പാലിക്കാന്‍ 50,000 കോടി വേണം
ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്
ബെംഗളൂരു: കര്‍ണാടകയില്‍ കോൺഗ്രസിന്‍റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ 50,000 കോടി രൂപ വേണം. അധികാരത്തില്‍ എത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
ഗൃഹജ്യോതി- എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി
ഗൃഹലക്ഷ്മി- വീട്ടിലെ കുടുംബനാഥയ്ക്ക് 2000 രൂപ
അന്നഭാഗ്യ- ബി.പി.എൽ കുടുംബങ്ങളിലെ ഓരോ അംഗത്തിനും എല്ലാ മാസവും 10 കിലോ അരി
യുവനിധി- തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 3,000 രൂപയും തൊഴിലില്ലാത്ത ഡിപ്ലോമയുള്ളവര്‍ക്ക് 1,500 രൂപയും. 18-25 പ്രായപരിധിയിലുള്ളവര്‍ക്ക് രണ്ട് വർഷത്തേക്ക്
ശക്തി- കർണാടകയിലുടനീളം സ്ത്രീകൾക്ക് സര്‍ക്കാര്‍ ബസുകളിൽ സൗജന്യ യാത്ര
ഈ അഞ്ച് പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രതിവർഷം 50,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് കോൺഗ്രസ് പ്രകടന പത്രികയുടെ കരട് കമ്മിറ്റി വൈസ് ചെയർമാൻ പ്രൊഫസർ കെ.ഇ രാധാകൃഷ്ണ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ 50,000 കോടി രൂപ ദാനമല്ല, ശാക്തീകരണമാണെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു നല്ല സമ്പദ്‌വ്യവസ്ഥയുടെയും വരുമാനത്തിന്റെ 60 ശതമാനമെങ്കിലും സുസ്ഥിര വികസനത്തിനാണ് ചെലവഴിക്കുന്നത്. ഇത് സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകുന്നതിനും ശാക്തീകരണ പരിപാടികൾ നടപ്പിലാക്കുന്നതിനുമായി ചെലവഴിക്കുന്നുവെന്നും രാധാകൃഷ്ണ പറഞ്ഞു.
'അന്നഭാഗ്യ' നിലവിലുള്ള പദ്ധതിയുടെ വിപുലീകരണമാണ്- "ഞങ്ങൾ നേരത്തെ ഏഴ് കിലോ അരിയാണ് നൽകിയിരുന്നത്. ബി.ജെ.പി അത് അഞ്ച് കിലോയായി കുറച്ചു. ഇപ്പോഴത് 10 കിലോ ആക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്".
കർണാടക വൈദ്യുതി മിച്ചമുള്ള സംസ്ഥാനമാണെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് വൈദ്യുതി വിൽക്കുന്നുണ്ടെന്നും 'ഗൃഹജ്യോതി'യെക്കുറിച്ച് രാധാകൃഷ്ണ പറഞ്ഞു. 5,000 മെഗാവാട്ട് ശേഷിയുള്ള വലിയ സോളാർ പാർക്കുകളും ഓരോ വില്ലേജിലും ഒരു ചെറിയ സോളാർ ക്ലസ്റ്ററും സ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ട്.
'ഗൃഹലക്ഷ്മി' പദ്ധതി പ്രകാരം 2000 രൂപ നല്‍കുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബ നാഥകള്‍ക്കാണ്. ഇത് പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതിയാണെന്ന് രാധാകൃഷ്ണ പറഞ്ഞു.
തൊഴിലില്ലായ്മ വേതനം പല രാജ്യങ്ങളിലും പ്രാബല്യത്തിലുണ്ടെന്ന് യുവ നിധി പദ്ധതി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. നിലവിൽ ബിരുദധാരികൾ നിസ്സഹായാവസ്ഥയിലാണ്. പദ്ധതിയുടെ ഭാഗമായി വലിയൊരു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിരുദധാരികള്‍ക്ക് പരിശീലനം നല്‍കാന്‍ സർക്കാർ രാജീവ് ഗാന്ധി നൈപുണ്യ വികസന കോർപ്പറേഷനുമായി സഹകരിക്കുമെന്നും രാധാകൃഷ്ണ പറഞ്ഞു.
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്നത് തൊഴിലാളികളായ സ്ത്രീകളെ ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക സംസ്ഥാനത്തെ സാമ്പത്തിക പാപ്പരത്തത്തിലേക്ക് തള്ളിവിടുമെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
Summary- The implementation of the five guarantees announced by the Congress may cost the state exchequer an estimated Rs 50,000 crore annually.
Adjust Story Font
16