Quantcast

കന്നഡപ്പോരില്‍ ആര് നേടും? നിര്‍ണായകമാകുന്ന അഞ്ച് ഘടകങ്ങള്‍

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി അധികാരത്തിലുള്ള ഏക സംസ്ഥാനമായ കര്‍ണാടകയില്‍ പാര്‍ട്ടി ചരിത്രം തിരുത്തിക്കുറിക്കുമോ എന്നും ഉറ്റുനോക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-05-12 15:45:48.0

Published:

12 May 2023 2:45 PM GMT

Karnataka Election
X

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന്

ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുമ്പോള്‍ തൂക്കുസഭയുടെ സാധ്യതയും തള്ളിക്കളയുന്നില്ല. 1985 മുതല്‍ കര്‍ണാടകയില്‍ ഭരണതുടര്‍ച്ചയുണ്ടായിട്ടില്ല. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി അധികാരത്തിലുള്ള ഏക സംസ്ഥാനമായ കര്‍ണാടകയില്‍ പാര്‍ട്ടി ചരിത്രം തിരുത്തിക്കുറിക്കുമോ എന്നും ഉറ്റുനോക്കുന്നുണ്ട്.

സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളിൽ തുടങ്ങി, ദേശീയ രാഷ്ട്രീയ വിഷയങ്ങളും അഴിമതിയാരോപണങ്ങളും വിവാദങ്ങളും നേതാക്കൾ തമ്മിലുള്ള വാക്പോരുകൊണ്ടും കർണാടക തെരഞ്ഞെടുപ്പ് രംഗത്തെ പ്രചാരണം സമീപകാല തെരഞ്ഞെടുപ്പുകളിൽ ഏറ്റവും വാശിയേറിയതാണ്. മിക്ക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കോൺഗ്രസ് ആദ്യഘട്ട പ്രചാരണത്തിൽ മേൽക്കൈ നേടിയപ്പോൾ, ദേശീയ നേതാക്കളെ ഇറക്കി, വിവാദ വിഷയങ്ങളിൽ ഊന്നി ബി.ജെ.പിയും പ്രചാരണ ട്രാക്കിൽ ഒപ്പമെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളാണ് കന്നഡപ്പോരില്‍ പ്രചരണത്തിന് ഇറങ്ങിയത്. കോണ്‍ഗ്രസിനു വേണ്ടി രാഹുലും പ്രിയങ്കയും കളത്തിലിറങ്ങിയപ്പോള്‍ അനാരോഗ്യത്തെ തുടര്‍ന്ന് ഏറെ നാളായി പൊതുവേദികളില്‍ നിന്നും വിട്ടു നിന്ന സോണിയ ഗാന്ധിയും പ്രചരണത്തിനെത്തി.



എന്നാല്‍ ലിംഗായത്ത് സമുദായത്തിൽപ്പെട്ട ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവാദി തുടങ്ങിയ മുതിർന്ന നേതാക്കളുടെ രാജി ബി.ജെ.പിക്ക് തിരിച്ചടിയായി.മുഖ്യമന്ത്രി ബൊമ്മൈ ഉൾപ്പെടെയുള്ള ബി.ജെ.പി.യുടെ സംസ്ഥാനതല നേതാക്കൾ പിൻസീറ്റിൽ സ്ഥാനം പിടിച്ചപ്പോൾ, മോദിയും മറ്റ് കേന്ദ്ര നേതാക്കളും വോട്ടർമാരോട് 'ഇരട്ട-എഞ്ചിൻ സർക്കാരിനും' ഹിന്ദു ദേശീയതയ്ക്കും വോട്ട് ചെയ്യാൻ അഭ്യർഥിച്ചു.

മറുവശത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്വന്തം സംസ്ഥാനത്ത് അധികാരം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസ് . ഇത്തവണ നേരത്തെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ മറന്നായിരുന്നു പ്രചരണം. ഭാരത് ജോഡോ യാത്രക്ക് ലഭിച്ച സ്വീകാര്യത വോട്ടായി മാറുമോ എന്നതും നിര്‍ണായകമാണ്. തെരഞ്ഞെടുപ്പ് ഫലം നിർണയിക്കുന്നതിൽ ചില ഘടകങ്ങൾ നിർണായകമാകാൻ സാധ്യതയുണ്ട്.

1.നഗരസീറ്റുകളിലെ വോട്ടുകളെ ആശ്രയിച്ചിരിക്കും പലതും. 224 അംഗ നിയമസഭയിൽ 90 നഗര മണ്ഡലങ്ങളാണുള്ളത്. 2021 ലെ നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്ന് ബി.ജെ.പിയെ നല്ല നിലയില്‍ പിന്നിലാക്കിയിരുന്നു. എന്നിരുന്നാലും, ഈ നിയോജകമണ്ഡലങ്ങളിലെല്ലാം ഡിവൈഡറുകൾ, തെരുവ് വിളക്കുകൾ, നടപ്പാതകൾ എന്നിവയുള്ള നാലുവരിപ്പാതകൾ പോലെയുള്ള നഗര അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിലാണ് കാവി പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചത്. ബെലഗാവി, ദാവൻഗരെ, ഹുബ്ബാലി തുടങ്ങിയ പട്ടണങ്ങളിലെ സ്മാർട്ട് സിറ്റി പദ്ധതികൾ നഗരങ്ങൾക്ക് പുതിയ രൂപം നൽകി. ഇതിലൂടെ ബി.ജെ.പിക്ക് നേട്ടം ലഭിക്കുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.



2.തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് ഷെട്ടാറും സവാദിയും ബി.ജെ.പിയിൽ നിന്ന് പുറത്തായതും യെദ്യൂരപ്പയെ ഒഴിവാക്കിയതും ലിംഗായത്ത് ഘടകം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാക്കി മാറ്റി.എന്നിരുന്നാലും, ദക്ഷിണ കർണാടകയിൽ കേന്ദ്രീകരിച്ചിരിക്കുന്ന വൊക്കലിഗകൾ, ഫലം തീരുമാനിക്കുന്നതിൽ ലിംഗായത്തുകളെക്കാൾ വലിയ പങ്ക് വഹിക്കുമെന്ന് കന്നഡ ഭൂമിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സംസ്ഥാനത്ത് ആര് അധികാരത്തിലെത്തണമെന്ന് തീരുമാനിക്കുന്നതിൽ നിർണായക സ്വാധീനുള്ള സമുദായമാണ് ലിംഗായത്തുകൾ. ലിംഗായത്ത് പ്രദേശങ്ങൾ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങൾ കൂടിയാണ്. വോട്ടെടുപ്പിന് മൂന്നു ദിവസം മുന്‍പ് വൈരശൈവ ലിംഗായത്ത് ഫോറം കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. കർണാടകയിലെ പ്രധാന വോട്ടുബാങ്കായ ലിംഗായത്തുകൾ പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന് വലിയ നേട്ടമാവും. അടുത്തിടെ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മുൻ മുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ജഗദീഷ് ഷെട്ടാർ ഹുബ്ബള്ളിയിലെ സമുദായ നേതാക്കളെ കണ്ട് പിന്തുണ അഭ്യർഥിച്ചിരുന്നു.

3. കര്‍ണാടകയിലെ സര്‍ക്കാര്‍ വിരുദ്ധവികാരം വോട്ടായി മാറുമോ എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ജാതി സമവാക്യങ്ങള്‍ ഏറെ നിര്‍ണായകമായ സംസ്ഥാനമാണ് കര്‍ണാടക. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പായി സംസ്ഥാനത്തെ സംവരണ സമ്പ്രദായത്തിലെ സബ്-ക്വോട്ടകളിൽ ബൊമ്മെ സർക്കാർ വരുത്തിയ മാറ്റങ്ങൾ, നിലവിലുള്ള സാമൂഹിക പിന്തുണ ഏകീകരിക്കുന്നതിനും പ്രാതിനിധ്യമില്ലാത്ത സമുദായങ്ങളിലേക്ക് എത്തി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു ശ്രമമായിരുന്നു. കോണ്‍ഗ്രസിന്‍റെ അഹിന്ദയാണ് (ന്യൂനപക്ഷങ്ങള്‍,പിന്നാക്ക വിഭാഗങ്ങള്‍ ദലിതുകള്‍ എന്നിവയുടെ കന്നഡ ചുരുക്കപ്പേര്)ഇതിനെതിരെ നില്‍ക്കുന്നത്.



4.74 നിയമസഭാ മണ്ഡലങ്ങൾ 'സ്വിംഗ്' സീറ്റുകളാണ്. എല്ലാ പാർട്ടികളും ഈ സീറ്റുകളിൽ കഠിനാധ്വാനം ചെയ്ത് അവരുടെ നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്.ദാവണഗരെ, ചിത്രദുർഗ തുടങ്ങിയ ജില്ലകളും കിറ്റൂർ കർണാടകയുടെ ചില ഭാഗങ്ങളും നിര്‍ണായക ഘടകങ്ങളായി മാറിയേക്കാം.

5. കോൺഗ്രസിനും ജെ.ഡി.എസിനുമിടയിൽ മുസ്‍ലിം, ക്രിസ്ത്യൻ വോട്ടുകൾ വിഭജിക്കുന്നത് ഈ സീറ്റുകളിൽ പലതും തങ്ങളെ സഹായിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു.മണ്ഡലത്തിലെ മുസ്‍ലിം ന്യൂനപക്ഷ വോട്ടുകള്‍ ജെ.ഡി.എസിലേക്ക് പോകാതിരുന്നാല്‍ വിജയമുറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

TAGS :

Next Story